ഇന്ത്യന്‍ താരങ്ങളെ പരിഹസിച്ച ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ക്ക് കണക്കിന് കൊടുത്ത് ഗവാസ്‌കര്‍
ഓസീസ് മാധ്യമങ്ങള്‍ സ്‌കേര്‍മങ്കേഴ്‌സുകളെന്ന്
പെര്‍ത്ത് ടെസ്റ്റിലെ ഇന്ത്യയുടെ മികച്ച വിജയത്തിന് പിന്നാലെ ഓസ്ട്രേലിയന്‍ മാധ്യമങ്ങളെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഇന്ത്യന്‍ ഇതിഹാസ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കിടയില്‍ അനാവശ്യ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതിനായി ആദ്യ ടെസ്റ്റിന് മുന്നോടിയായി പിച്ചിനെക്കുറിച്ച് മാധ്യമങ്ങള്‍ വന്യമായ വിവരണങ്ങള്‍ സൃഷ്ടിച്ചുവെന്ന് ക്രിക്കറ്റ് വിദഗ്ധന്‍ കൂടിയായ ഗവാസ്‌കര്‍ ആരോപിച്ചു.
ന്യൂസിലാന്‍ഡിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ ആതിഥേയര്‍ക്ക് മുന്നില്‍ പത്തിമടക്കുമെന്ന് തെറ്റിദ്ധരിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ നടത്തിയ വിമര്‍ശനമാണ് ഗവാസ്‌കറെ ചൊടിപ്പിച്ചത്.
295 റണ്‍സിന്റെ വിജയത്തോടെ വിമര്‍ശകരെ നിശബ്ദരാക്കിക്കൊണ്ട് പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ ശ്രദ്ധേയമായ പ്രതിരോധവും വൈദഗ്ധ്യവും പ്രകടിപ്പിച്ച ഇന്ത്യന്‍ താരങ്ങളെ വാനോളം പുകഴ്ത്തിയാണ് ഗവാസ്‌കറിന്റെ വിമര്‍ശനം. ഓസ്ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര വിജയം ലക്ഷ്യമിട്ട് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിട്ട് നില്‍ക്കുകയാണ് .
ഇന്ത്യന്‍ താരങ്ങളെ പരിഹസിച്ചും അവരുടെ ആത്മവിശ്വാസം കെടുത്തുകയും ചെയ്യുന്ന രീതിയിലാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും അനാവശ്യമായി ഭീതി പടര്‍ത്തുന്ന വാര്‍ത്തകള്‍ നല്‍കുന്ന രീതിയാണ് അവര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്പോര്‍ട്സ് സ്റ്റാറിലെ തന്റെ കോളത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എഴുതി.ആദ്യ ഇന്നിംഗ്സില്‍ 150 റണ്‍സിന് പുറത്തായെങ്കിലും ശ്രദ്ധേയമായ വിജയം ഉറപ്പിച്ച ഇന്ത്യന്‍ ബാറ്റര്‍മാരെ ആതിഥേയരെ മറികടന്നതിന് ഗവാസ്‌കര്‍ പ്രശംസിച്ചു.