60 കഴിഞ്ഞ പ്രവാസികള്‍ക്കുള്ള വിസാ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് ശൈഖ് ഫഹദ് അല്‍ യൂസഫ്
കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസികളിലെ 60ഉം അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ വിസാ നിയന്ത്രണങ്ങളെ നിശിതമായി വിമര്‍ശിച്ച് ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് രംഗത്ത്. യൂണിവേഴ്സിറ്റി ബിരുദമില്ലാത്ത 60 വയസും അതില്‍ കൂടുതലുമുള്ള പ്രവാസികള്‍ക്ക് കുവൈറ്റില്‍ റസിഡന്‍സ് പെര്‍മിറ്റ് നേടുന്നതിനും അത് പുതുക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് മൂന്ന് വര്‍ഷം മുമ്പ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ പുറപ്പെടുവിച്ച തീരുമാനങ്ങളെ പരാമര്‍ശിച്ചാണ് ശെയ്ഖ് ഫഹദ് ഇക്കാര്യം പറഞ്ഞത്.
സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ജോലിചെയ്യുന്ന 60 വയസ്സിനു മുകളിലുള്ള പ്രവാസികളെ സംബന്ധിച്ച തീരുമാനം കുവൈറ്റിന്റെ മാനുഷിക ചരിത്രത്തിലെ നാണക്കേടാണെന്നും ജോലി ചെയ്യുന്ന എല്ലാവരുടെയും സുരക്ഷിത താവളമാണ് കുവൈറ്റെന്നും മന്ത്രി വ്യക്തമാക്കി. ആ തീരുമാനം കുറേ പ്രവാസികളെ എന്നെന്നേക്കുമായി രാജ്യം വിടുന്നതിലേക്ക് നയിച്ചിരുന്നു. തീരുമാനത്തില്‍ പിന്നീട് ഇളവ് വരുത്തുകയും അത്തരം പ്രവാസികള്‍ക്ക് അവരുടെ റസിഡന്‍സ് പെര്‍മിറ്റ് നേടാനോ, പുതുക്കാനോ അനുവദിക്കുകയും ചെയ്തിരുന്നുവെങ്കിലും ഏതാനും നിബന്ധനകളോടെയായിരുന്നു ഇതെന്നതും ചരിത്രം. അതേസമയം ആ നിയമങ്ങള്‍ പൂര്‍ണ്ണമായും റദ്ദാക്കാനും ബിരുദങ്ങളില്ലാത്ത പ്രായമായ പ്രവാസികള്‍ക്ക് താമസാനുമതി പുതുക്കാനോ, സ്വകാര്യ മേഖലയിലേക്ക് മാറാനോ, അവരുടെ കുട്ടികളെ സ്‌പോണ്‍സര്‍ചെയ്യാനോ അനുവദിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും മന്ത്രി ഇത് സ്ഥിരീകരിക്കുകയോ, തള്ളിക്കളയുകയോ ചെയ്തില്ലെന്നതാണ് എടുത്തുപറയേണ്ട കാര്യം.