ഷെയ്ൻ വോണിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. ഷെയ്ൻ വോണിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിൽ നിന്ന് അതിശക്തമായ ലൈംഗിക ഉത്തേജക മരുന്ന് കണ്ടെടുത്തതായി പൊലിസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. രാജ്യാന്തര മാധ്യമമായ ഡെയിലി മെയിലിലായിരുന്നു ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. കൂടാതെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം ആ മരുന്ന് കുപ്പി നീക്കിയതായും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ലൈംഗിക ഉത്തേജക മരുന്ന് ഉപയോഗിച്ചതാണോ ക്രിക്കറ്റ് താരത്തിന്റെ മരണത്തിന് കാരണം എന്നതിൽ വ്യക്തതയില്ല.
ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളായിരുന്നു ഷെയ്ൻ വോൺ. 2022 മാർച്ചിൽ തായ്ലൻഡിലെ ഒരു ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണ കാരണം. ഷെയ്ൻ വോണിന്റെ മൃതദേഹത്തിന് സമീപം കാമാഗ്ര എന്ന ലൈംഗിക ഉത്തജക മരുന്ന് കണ്ടെത്തിയതായി രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ ഉന്നത ഉദ്യോഗസ്ഥർ അത് നീക്കം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. പൊലീസ് റിപ്പോർട്ടിൽ അതിന്റെ സാനിധ്യം പരാമർശിച്ചിട്ടില്ല.
ഞങ്ങളുടെ മുതിർന്ന് ഉദ്യോഗസ്ഥൻ കുപ്പി നീക്കം ചെയ്യാൻ ഉത്തരവിട്ടു. ഓസ്ട്രേലിയയുടെ ഏറ്റവും പ്രശസ്തനായ വ്യക്തിക്ക് ഇതുപോലുള്ള അന്ത്യം ഉണ്ടാകരുതെന്ന് അവർ ആഗ്രഹിച്ചിരുന്നിരിക്കാം. ഓസ്ട്രേലിയയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ രാജ്യാന്തര മാധ്യമമായ ഡെയിലി മെയിലിൽ പ്രതികരിച്ചു.
തായ്ലന്റിൽ ഈ മരുന്ന് നിയമ വിരുദ്ധമാണെന്നാണ് റിപ്പോർട്ട്. പക്ഷേ ഫാർമസികളിൽ ലഭ്യമാണ്. ഹൃദയ സംബന്ധമായ പ്രശ്നമുള്ളവർക്ക് ഇത് അപകടകരമാണ്. പുകവലി, മോശം ഭക്ഷണക്രമം എന്നിവയുൾപ്പെടെയുള്ള ജീവിത ശൈലിയാണ് വോണിന്റെ മരണത്തിന് കാരണമെന്ന് ഓസ്ട്രേലിയലിലെ ഒരു ഡോക്ടർ അവകാശപ്പെട്ടു. 1992 നും 2007നും ഇടയിൽ 145 ടെസ്റ്റുകളും 194 ഏകദിനങ്ങളും കളിച്ചു. അന്താരാഷ്ട്ര കരിയറിൽ നിന്ന് 1001 വിക്കറ്റുകളും നേടിയാണ് അദ്ദേഹം വിരമിച്ചത്.