പതിനാറ് മണിക്കൂർ നീണ്ട പരിശ്രമം : മധ്യപ്രദേശിൽ കുഴല്‍ക്കിണറില്‍ വീണ പത്ത് വയസ്സുകാരനെ പുറത്തെത്തിച്ചെങ്കിലും മരിച്ചു
ഭോപ്പാല്‍ : മധ്യപ്രദേശിലെ ഗുന ജില്ലയില്‍ കുഴല്‍ക്കിണറില്‍ വീണ പത്ത് വയസ്സുകാരനെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്‍ ഡി ആര്‍ എഫും എസ് ഡി ആര്‍ എഫും നടത്തിയ രക്ഷാദൗത്യത്തിലൂടെയാണ് സുമിത മീന എന്ന കുട്ടിയെ പുറത്തെടുത്തത്.
രഘോഗറിലെ ജന്‍ജലി പ്രദേശത്ത് ഇന്നലെ വൈകിട്ടോടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. 140 അടിയോളം താഴ്ചയിലേക്കു വീണ കുഴല്‍ക്കിണറിലാണ് കുട്ടി അകപ്പെട്ടത്. കാണാതായ കുട്ടിയെ അന്വേഷിച്ചെത്തിയ കുടുംബമാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണതായി കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
എസ് ഡി ആര്‍ എഫ് സംഘം സ്ഥലത്തെത്തി കുട്ടിക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും രക്ഷാദൗത്യം ആരംഭിക്കുകയും ചെയ്തു. 16 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെത്തിക്കാനായത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങിയിരുന്നു.