കീമിൽ പ്രവേശന നടപടികൾ തുടരാമെന്ന് സുപ്രീം കോടതി; കേരള സിലബസ് വിദ്യാർഥികൾക്ക് നിരാശ

പഴയ മാനദണ്ഡ പ്രകാരമുള്ള പുതിയ കീം റാങ്ക് പട്ടിക അടിസ്ഥാനമാക്കി പ്രവേശന നടപടികൾ തുടരാമെന്ന് സുപ്രീം കോടതി. കീം പ്രവേശനം കോടതി തടഞ്ഞില്ല. പ്രവേശനം തടയാതെ നാല് ആഴ്ചക്കകം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യില്ലെന്ന് സർക്കാരും നേരത്തെ വ്യക്തമാക്കിയിരുന്നു
ഇതോടെ ഈ വർഷം കേരള സിലബസ് വിദ്യാർഥികൾക്ക് പട്ടികയിൽ തുല്യത ലഭിക്കുന്ന വിധത്തിൽ പ്രവേശനം ലഭിക്കില്ലെന്ന് ഉറപ്പായി. വിദ്യാർഥികൾക്ക് പ്രശ്‌നമുണ്ടാകാതിരിക്കാനാണ് അപ്പീൽ നൽകാത്തതെന്ന് കേരളം കോടതിയിൽ അറിയിച്ചു. ഇനി ഈ വർഷം റാങ്ക് പട്ടികയിൽ ഒന്നും ചെയ്യാനാകില്ലെന്നും പ്രവേശന നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി
റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരള സിലബസ് വിദ്യാർഥികൾ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഈ ഹർജിക്കെതിരെ സിബിഎസ്ഇ വിദ്യാർഥികൾ തടസ ഹർജിയും നൽകിയിരുന്നു.