ഓണാഘോഷത്തിനിടെ അധ്യാപകൻ ശകാരിച്ചു; റെയിൽ പാളത്തിലേക്ക് ഓടിക്കയറി പ്ലസ് ടു വിദ്യാർഥി, പിന്നാലെ പോലീസും

സ്‌കൂളിൽ ഓണാഘോഷ പരിപാടി അതിര് കടന്നപ്പോൾ അധ്യാപകൻ ശകാരിച്ചതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച് പ്ലസ് ടു വിദ്യാർഥി. വടകരയിലെ സ്‌കൂളിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. കുട്ടികളുടെ ആഘോഷങ്ങൾ അതിരുവിട്ടപ്പോൾ അധ്യാപകർ ഇടപെടുകയും കുട്ടികളെ ശകാരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്ലസ് ടു വിദ്യാർഥി ക്ലാസിൽ നിന്നിറങ്ങിയോടിയത്
സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് വിദ്യാർഥി പറഞ്ഞു. കുട്ടികൾ സംഭവം ഉടൻ തന്നെ അധ്യാപകരെ അറിയിച്ചു. ഇതോടെ അധ്യാപകർ വടകര പോലീസിനെ ബന്ധപ്പെട്ടു. കുട്ടിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച് പോലീസും പിന്നാലെ പാഞ്ഞു
വിദ്യാർഥി ഇരിങ്ങൽ ഭാഗത്തുണ്ടെന്ന് പോലീസ് കണ്ടെത്തി. പോലീസ് എത്തുമ്പോൾ വിദ്യാർഥി റെയിൽ പാളത്തിൽ നിൽക്കുകയായിരുന്നു. പോലീസിനെ കണ്ടതോടെ വിദ്യാർഥി പാളത്തിലൂടെ മുന്നോട്ടു ഓടി. എന്നാൽ ട്രെയിൻ എത്തുന്നിന് മുമ്പായി തന്നെ കുട്ടിയെ പിടികൂടാൻ പോലീസിന് സാധിച്ചു. തുടർന്ന് രക്ഷിതാക്കളെ വിളിച്ചു വരുത്തി കാര്യങ്ങൾ വിശദീകരിച്ച ശേഷം കുട്ടിയെ പറഞ്ഞയച്ചു