Novel

തണൽ തേടി: ഭാഗം 4

എഴുത്തുകാരി: റിൻസി പ്രിൻസ്‌

എന്റെ പൊന്നമ്മച്ചി അങ്ങനെയുള്ള പരിപാടി ഒന്നുമില്ല. ഞാൻ അങ്ങ് എത്തിക്കോളാം. അമ്മച്ചി കിടന്നോ. ഞാൻ കുറച്ച് തിരക്കിലാ. പിന്നെ വിളിക്കാം.!

അത്രയും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്ത് പോക്കറ്റിൽ ഇട്ടപ്പോൾ തന്നെ ഹോസ്പിറ്റലിന്റെ മുൻപിൽ ഒരു പോലീസ് ജീപ്പ് കൊണ്ട് നിർത്തിയിരുന്നു

അത് ഡോക്ടറോട് നിർദ്ദേശം അനുസരിച്ചുള്ള പോലീസുകാർ ആയിരിക്കും എന്ന് അവന് ഉറപ്പായിരുന്നു. പെട്ടെന്ന് ഒരു പരിഭ്രമം അവനിൽ ഉണർന്നു.

പോലീസ് കാഷ്വാലിറ്റിയിലേക്ക് കയറുന്നതിനൊപ്പം തന്നെ അകത്തു നിന്ന് ഡോക്ടറും ഇറങ്ങി വന്നിട്ടുണ്ടായിരുന്നു. ഇയാളാണ് സർ ആ കുട്ടിയുടെ കൂടെ വന്ന ആൾ ഡോക്ടർ വന്ന സെബാസ്റ്റ്യനെ പരിചയപ്പെടുത്തിയപ്പോൾ എസ്ഐ അവനെ അടിമുടി ഒന്ന് നോക്കി.

” നീ ഏതാടാ.?

അയാൾ ഗാംഭീര്യമുള്ള ശബ്ദത്തോടെ അവനോട് ചോദിച്ചു.

” ഞാന് ഇവിടെ സെൻമേരിസ് ബസ് ഓടിക്കുന്ന ആളാണ്. പേര് സെബാസ്റ്റ്യൻ.

“ഉം….

അയാള് ഇരുത്തി ഒന്ന് മൂളി.

ക്യാഷ്വാലിറ്റിക്ക് അകത്തേക്ക് കയറി ചായ കുടിച്ചു കൊണ്ടിരിക്കുന്ന ലക്ഷ്മി പെട്ടെന്ന് പോലീസുകാരെ കണ്ടപ്പോൾ ഒന്ന് ഭയപ്പെട്ടിരുന്നു..

അവളെ ഒന്ന് നോക്കിയതിനു ശേഷം പോലീസുകാരൻ തന്റെ മൊബൈൽ ഫോൺ എടുത്ത് ഒന്നുകൂടി ഒന്നു നോക്കി.

” ഈ പെൺകൊച്ച് നിന്റെ ആരാണെന്നാ പറഞ്ഞത്.?

സെബാസ്റ്റ്യന്റെ മുഖത്തേക്ക് നോക്കി എസ്ഐ ചോദിച്ചു. ലക്ഷ്മിയും അമ്പരപ്പോടെ ഇരിക്കുകയാണ്.

” അത് എനിക്ക് പരിചയമുള്ള കൊച്ച് ആണ് സാറേ,

പോലീസുകാരനോട് അങ്ങനെ പറഞ്ഞ് ലക്ഷ്മിക്കു മാത്രം കാണാവുന്ന പാകത്തിൽ അവൻ കണ്ണുകൊണ്ട് ഒരു ആംഗ്യം കാണിച്ചിരുന്നു..അത് മാറ്റി പറയരുത് എന്നാണ് അവൻ അപേക്ഷിച്ചത് എന്ന് അവൾക്ക് മനസ്സിലായി.

” ബിജു, ഇതുതന്നെയല്ലേ.? കൺഫോം ചെയ്തേ

അടുത്തുനിന്ന് പോലീസുകാരനോട് എസ് ഐ പറഞ്ഞു.

ആ നിമിഷം കാര്യം മനസ്സിലാവാതെ സെബാസ്റ്റ്യൻ അവളെ ഒന്ന് നോക്കി. അവൾ ഒന്നും മിണ്ടാതെ തല കുമ്പിട്ടിരിക്കുകയാണ്.

” ആ ഇത് തന്നെയാ ആൾ സാറേ, ഫോട്ടോ നമ്മുടെ കയ്യിൽ കിട്ടിയതാണല്ലോ.

കൂടെയുണ്ടായിരുന്ന പോലീസുകാരൻ എസ്ഐയോട് പറഞ്ഞു. ഉടനെതന്നെ എസ് ഐ പുറത്തിറങ്ങി ആരെയോ ഫോൺ വിളിച്ചു.

” ആ കിട്ടിയിട്ടുണ്ട്. ഇവിടെ കോട്ടയത്ത് ഒരു ഗവൺമെന്റ് ആശുപത്രിയിൽ ഉണ്ട്. എന്തോ ആത്മഹത്യ ശ്രമമാണെന്ന് ആണ് പറഞ്ഞത്. ആ കൂടെ ഒരുത്തനും ഉണ്ട്. പേര് സെബാസ്റ്റ്യൻ. ബസ് ഡ്രൈവർ ആണെന്നാ പറഞ്ഞത്.

” എടാ നിനക്ക് എങ്ങനെയാ ഈ കൊച്ചിനെ പരിചയമെന്നാ പറഞ്ഞത്,

ഫോൺ നിർത്താതെ സെബാസ്റ്റ്യനോടായി അയാൾ ചോദിച്ചു.

അയാളുടെ ഫോൺ വിളിയും സംസാരവും ഒക്കെ കേട്ട് അവൾ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കി വന്നതാണോ എന്ന് അവനു ഭയം തോന്നിയെങ്കിലും പറഞ്ഞത് ഇനിയും മാറ്റി പറയാൻ വയ്യാത്തതുകൊണ്ട് അവൻ അവൾ കൂടി കേൾക്കാൻ പാകത്തിന് മറുപടി പറഞ്ഞു.

” ഇടയ്ക്കൊക്കെ വണ്ടിയിൽ കയറാറുണ്ട്, ഒരുപാട് വട്ടം കയറുമ്പോൾ നമ്മൾ കയറുന്നവരെ മനസ്സിലാക്കി വെക്കുവല്ലോ. അങ്ങനെ പരിചയമുണ്ടെന്നാ സാർ ഉദ്ദേശിച്ചേ…

അവൻ അല്പം ഭയത്തോടെ പറഞ്ഞു.

“ലക്ഷ്മി അവനെ നോക്കി. തിരികെയുള്ള അവന്റെ നോട്ടത്തിൽ ഇതൊന്നും മാറ്റി പറയരുത് എന്നുള്ള ഒരു ഭാവം അവൾ കണ്ടിരുന്നു. അവൻ എന്തിനാണ് തന്നെ പരിചയം ഉണ്ട് എന്ന് പറഞ്ഞത് എന്ന് മനസ്സിലാവാത്ത ഒരു അവസ്ഥയിലായിരുന്നു ലക്ഷ്മി.

” ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആവാതെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ പറ്റില്ല സാർ. ഒരു കാര്യം ചെയ്യ് നിങ്ങൾ അവിടുന്ന് നേരെ സ്റ്റേഷനിലേക്ക് ഇറങ്ങിക്കോ.? ഇവിടത്തെ പ്രൊസീജർ എങ്ങനെയാണെന്ന് ഡോക്ടറോട് ചോദിച്ചിട്ട് ഞങ്ങൾ രണ്ടാളെയും സ്റ്റേഷനിലേക്ക് കൊണ്ടുവന്നേക്കാം.

എസ് ഐ കാര്യമായി ആരോടോ പറയുന്നുണ്ട്. വല്ലാത്തൊരു അബദ്ധമാണ് താൻ കാണിച്ചത് എന്ന് ആ നിമിഷം സെബാസ്റ്റ്യന് തോന്നിപ്പോയിരുന്നു.

അവന്റെ ഫോൺ അടിക്കുന്നുണ്ട്. പക്ഷേ എടുക്കാൻ തോന്നുന്നില്ല. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ പറ്റാത്ത അവസ്ഥയിലാണ് ആ നിമിഷം സെബാസ്റ്റ്യൻ നിന്നത്..

” നിന്റെ വീട് എവിടാടാ..?

“കോടിമാതാ

യാന്ത്രികമായാണ് അവൻ മറുപടി പറഞ്ഞത്.

” നിന്റെ വീട്ടിൽ ആരൊക്കെയുണ്ട്.?

” ചാച്ചനും അമ്മച്ചിയും പെങ്ങമ്മാരും,

” നിന്റെ കറക്റ്റ് അഡ്രസ്സ് ഒന്ന് പറഞ്ഞേ.

എസ് ഐ ചോദിച്ചപ്പോൾ അവൻ തന്റെ വിലാസം കൃത്യമായി പറഞ്ഞു കൊടുത്തു.

ഉടനെ തന്നെ എസ്ഐ അടുത്തുനിന്ന് പോലീസുകാരനോട് പറഞ്ഞു

” കോടിമാത പോലീസ് സ്റ്റേഷനിൽ വിളിച്ച് ഇവനെപ്പറ്റി ഒന്ന് തിരക്കാൻ പറയണം. ഇവന്റെ പേരിൽ വല്ല കേസോ മറ്റോ ഉണ്ടോന്ന്.

” ശരി സാർ

പോലീസുകാരൻ ഉടനെ തന്നെ പുറത്തേക്ക് പോയി പോലീസ് സ്റ്റേഷനിൽ വിളിക്കുന്നതായി കണ്ടു. സെബാസ്റ്റ്യന്റെ തല പെരുത്ത് വന്നു. എന്തൊക്കെയാണ് സംഭവിക്കുന്നത്.?

അവൻ നിസഹായമായി ലക്ഷ്മിയെ നോക്കി. അവൾ നിർവികാരയായിരിക്കുകയാണ്..

” നാളെ നിന്റെ കല്യാണം അല്ലേ.?

ലക്ഷ്മിയോട് എസ് ഐ ചോദിച്ചപ്പോൾ അവൾ അതേ എന്ന അർത്ഥത്തിൽ തലയാട്ടി.

സെബാസ്റ്റ്യനും അമ്പരന്നു പോയിരുന്നു.

” നാളെ അവടെ കല്യാണം ആണ്. വീട്ടുകാർ അവിടെ നോക്കിയിരിക്കുകയാ. ഇവളെ രാവിലെ തൊട്ട് കാണാനില്ല. ഉച്ചയായപ്പോൾ തന്നെ കൊല്ലം സ്റ്റേഷനിൽ പരാതി കിട്ടിയത് ആണ്. അവൾക്ക് ഇഷ്ടപ്പെട്ട ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോകുന്നു എന്ന് പറഞ്ഞ് ഒരു കത്ത് എഴുതിവെച്ച് അവിടുന്ന് ഇറങ്ങിയത് ആണ്. പഇതെല്ലാം പോലീസിന്റെ ഉത്തരവാദിത്വമാണല്ലോ. ഓരോന്ന് കാണിച്ച് ഇതിനൊക്കെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ പോരെ..?

ഡോക്ടറോട് ആയി എസ്ഐ പറയുന്നുണ്ട്.

” ഇവനാണോ നീ പ്രേമിച്ചവൻ.?

എസ് ഐ ലക്ഷ്മിയോട് ചോദിച്ചു.

” അവൾ “അതെ” എന്ന അർത്ഥത്തിൽ തലയാട്ടി. ഞെട്ടിത്തരിച്ചു പോയിരുന്നു സെബാസ്റ്റ്യൻ ….തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!