Novel

തണൽ തേടി: ഭാഗം 6

എഴുത്തുകാരി: റിൻസി പ്രിൻസ്‌

കല്യാണം കഴിഞ്ഞ് എന്നെയും അവിടേക്ക് കൊണ്ടുപോകുന്നാ പറഞ്ഞത്. ഒരിക്കൽ അയാളുടെ ഫോണിൽ ആരോടും പറയുന്നത് ഞാൻ കേട്ടു, എന്നെ അവിടെ കൊണ്ടുപോയി ഏതോ മാർവാടിക്ക് വിൽക്കാൻ ആണെന്ന്. എന്നേ കൊണ്ട് അയാള് കാശുണ്ടാക്കുന്ന്. അതിനുള്ള ഒരു മറ മാത്രമാണ് ഈ വിവാഹം എന്ന്. ഞാൻ പറയുന്നതൊന്നും ആരും അച്ഛൻ കേൾക്കില്ല. അച്ഛനോട് എന്തൊക്കെയോ കള്ള കഥകൾ അവർ പറഞ്ഞു വെച്ചിരിക്കുകയാ.

പറഞ്ഞു നിർത്തിയപ്പോഴേക്കും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വീണു

സ്വന്തം മാനം കാക്കാൻ വേണ്ടി ഇറങ്ങി ഓടി വന്ന ഒരു പെണ്ണ്. അവളെ എന്തു പറഞ്ഞാണ് താൻ ആശ്വസിപ്പിക്കുന്നത്.? സ്വന്തം ജീവിതവും മാനവും കാക്കുവാൻ വേണ്ടിയാണ് തനിക്ക് മുൻപിൽ അവൾ അപേക്ഷയുമായി നിൽക്കുന്നത്.

“കൊച്ചേ ഇതൊക്കെ പോലീസ് ഇടപെട്ട കാര്യങ്ങൾ ആണ്. നീ വിചാരിക്കുന്ന പോലെ അത്ര മണ്ടന്മാരല്ല കേരള പോലീസ്. അവരെ കള്ളം പറഞ്ഞ് പറ്റിക്കാനും പറ്റത്തില്ല. എല്ലാത്തിനും വ്യക്തമായ തെളിവുകളും സാഹചര്യങ്ങൾ ഒക്കെ വേണം. അല്ലാതെ ഞാനും നീയും തമ്മിൽ പ്രേമത്തിൽ ആയിരുന്നു എന്ന് പറഞ്ഞു ചെന്നാൽ പെട്ടെന്ന് വിശ്വസിക്കാൻ ഒന്നും പോകുന്നില്ല.

“എനിക്ക് അറിയില്ല. എന്റെ നിലനിൽപ്പ് കൊണ്ട് ഞാൻ പറഞ്ഞു പോയതാ. വിവേക് ഒരിക്കലും എന്നെ ചതിക്കില്ല. 100% എനിക്ക് ഉറപ്പാ. എന്തെങ്കിലും പ്രശ്നം കൊണ്ടായിരിക്കും വരാതിരുന്നത്. വിവേകിന്റെ വീട്ടിലും ഒരുപാട് ബുദ്ധിമുട്ടുകൾ ഒക്കെ ഉള്ളത് ആണ്. പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയാൽ ഞാൻ വിവേകിനെ വിളിച്ചോളാം. വിവേക് തന്നെ പോലീസുകാരോട് സത്യങ്ങളൊക്കെ പിന്നെ വന്നു പറയും. നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. സത്യമായിട്ടും ഒരു പ്രശ്നങ്ങളും ഉണ്ടാവില്ല. മാത്രമല്ല എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഞാൻ തന്നെ ഒക്കെ മാറ്റി പറഞ്ഞോളാം.

അവൻ ചോദിച്ചു

” ഞാൻ ചോദിക്കുന്നത് ഈ കാര്യങ്ങളൊക്കെ നിനക്ക് പോലീസുകാരോട് പറയത്തില്ലേ.? അപ്പോൾ നിന്റെ അച്ഛനും മനസ്സിലാകുമല്ലോ.

” അയാള് പൊളിറ്റിക്സിൽ ഒക്കെ അത്യാവശ്യം പിടിപാടുള്ള കൂട്ടത്തിലാ. അതുകൊണ്ട് ഞാൻ പറഞ്ഞാലും വലിയ ഗുണം ഒന്നും ഉണ്ടാവാൻ പോകുന്നില്ല.

അവൾ ആ പറഞ്ഞത് ശരിയാണെന്ന് സെബാസ്റ്റ്യനും തോന്നിയിരുന്നു. കുറച്ചു മുൻപ് എസ് ഐ വളരെ ഭാവ്യയതയോടെയാണ് മറുപുറത്ത് സംസാരിക്കുന്നത് കേട്ടത്. അല്ലെങ്കിൽ ഒരു പെൺകുട്ടിയെ കാണാതെ പോയതിന് ഇത്രത്തോളം പോലീസുകാർ ഭവ്യത കാണിക്കേണ്ട കാര്യമില്ലല്ലോ എന്ന് സെബാസ്റ്റ്യൻ ഓർത്തു..
എന്താണ് ചെയ്യുന്നത് എന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു അവൻ.

” പ്ലീസ്…..ഞാൻ കാൽ പിടിക്കാം

അവൾ വീണ്ടും കരഞ്ഞുകൊണ്ട് കേഴുകയാണ്

” അതെ ഫുഡ് കഴിച്ചു കഴിഞ്ഞെങ്കിൽ നിങ്ങൾക്ക് പോകാട്ടോ

നേഴ്സ് വന്ന് പറഞ്ഞപ്പോൾ സെബാസ്റ്റ്യൻ തല ചൊറിഞ്ഞു.

അപ്പോഴേക്കും എസ് ഐ അവിടേക്ക് വന്നിരുന്നു.

” ഇവിടൊക്കെ രോഗികൾ വരുന്നതാ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ രണ്ടും വേഗം വന്ന് വണ്ടിയിൽ കയറ്

അത്രയും പരുഷമായി പറഞ്ഞ് അയാൾ മുൻപേ പോയപ്പോൾ അവരുടെ ഒപ്പം പോവുക അല്ലാതെ മറ്റൊരു മാർഗം സെബാസ്റ്റ്യന്റെ മുൻപിലും ഉണ്ടായിരുന്നില്ല. അവൻ പുറത്തേക്കിറങ്ങിയപ്പോഴാണ്
‘സേബാനേ’ എന്നുള്ള ഒരു വിളി കേട്ടത്.

നോക്കിയപ്പോൾ തൊട്ടപ്പുറത്തെ ശോഭ ചേച്ചിയാണ്. അവന്റെ നെഞ്ചിൽ ഇടിവെട്ടി

“നീയെന്താടാ ഇവിടെ..?

ഓടിവന്ന് ചോദിക്കുന്നുണ്ട്

” അത് പിന്നെ ചേച്ചി….

എന്തുപറയണമെന്ന് അറിയാതെ അവൻ കുഴഞ്ഞു.

” ചേച്ചി എന്താ ഇവിടെ..?

” ഓ എന്നാ പറയാനാ ചേട്ടനെ പണിക്ക് പോയിട്ട് വന്നപ്പോൾ കാലില് വലിയൊരു കല്ല് വീണു. നാലഞ്ചു കുത്തികെട്ട് ഉണ്ട്. അതുകൊണ്ട് വന്നതാ. ഇതേതാടാ ഈ പെൺകൊച്ച്..?

തൊട്ടരികിൽ നിൽക്കുന്ന ലക്ഷ്മിയെ നോക്കിക്കൊണ്ട് ശോഭ ചേച്ചി ചോദിച്ചു.

” അതെ രണ്ടും കൂടെ പെട്ടെന്ന് വന്നു വണ്ടിയിൽ കയറാൻ, ഞങ്ങൾക്ക് പോയിട്ട് വേറെ പണിയുണ്ട്.

ഒരു പോലീസുകാരൻ വന്ന് പറഞ്ഞപ്പോൾ സെബാസ്റ്റ്യൻ ഉരുകി പോയിരുന്നു.

“എന്താടാ പോലിസ് ഒക്കെ

ശോഭന അത്ഭുതപെട്ടു

” അത് ചേച്ചി വലിയ കഥയാ, ഞാന് പിന്നെ പറയാം…

അവൻ പോലീസുകാരനെ പിന്തുടർന്നപ്പോൾ ശോഭന മൂക്കത്ത് വിരൽ വെച്ചിരുന്നു

അവിടെ ഉണ്ടായിരുന്ന നഴ്സിനോട് അവർ കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കിയ ശോഭ ഉടനെ തന്നെ ഫോൺ എടുത്ത് സെബാസ്റ്റ്യന്റെ അമ്മ സാലിയെ വിളിച്ച് വിവരങ്ങൾ എല്ലാം ധരിപ്പിച്ചു.

“എന്റെ കർത്താവേ ശോഭനേ നീ പറയുന്നത് സത്യമാണോ..?

അവർ ചോദിച്ചു

” അയ്യോ സത്യമാ സാലി ചേച്ചി, ഞാനിവിടെ വ്യക്തമായിട്ട് തിരക്കിയതല്ലേ.? ആ പെൺകൊച്ച് എങ്ങാണ്ട് ചാകാനോ മറ്റോ നോക്കി. അതിനാ ആ പെണ്ണിനെ പൊക്കികൊണ്ട് ഇവൻ വന്നത്. ഇവിടെ വന്നപ്പോഴല്ലേ അറിയുന്നത് രണ്ടുംകൂടി പ്രേമമായിരുന്നു എന്ന്. അവന്റെ കൂടെ ജീവിക്കുവാണെന്ന് പറഞ്ഞുകൊണ്ട് വീട്ടീന്ന് കത്തും എഴുതിവെച്ചിട്ടാ പെണ്ണ് വന്നത്. രണ്ടിനെയും കൂടെ പോലീസ് കൊണ്ടുപോയിട്ടുണ്ട്.

“എന്റെ കർത്താവ് തമ്പുരാനെ ഇവൻ എന്നായൊക്കെ ആണ് കാണിക്കുന്നത്. കുറച്ചു മുന്നേ കൂടി ഞാൻ വിളിച്ചതാ. അപ്പൊൾ ഏതാണ്ട് തിരക്കിൽ നിൽക്കുവാണെന്ന് പറഞ്ഞത്.

” ഇതൊക്കെ തന്നെയാ കാര്യം, അതുകൊണ്ടല്ലേ മിനിഞ്ഞാന്ന് ഞാൻ തിരുവല്ലയിൽ ഉള്ള ആ പെണ്ണിന്റെ കല്യാണാലോചന കൊണ്ടുവന്നപ്പോൾ അവൻ പുലിയെ പോലെ ചീറിയത്. ഇവന്റെ മനസ്സിൽ ഇങ്ങനെയൊരു ചിന്തയുണ്ടെന്ന് നമ്മളോട് ആരോടെങ്കിലും പറഞ്ഞാൽ പോരായിരുന്നോ.? പിന്നെ കാണാൻ നല്ല ഐശ്വര്യം ഉള്ള കൊച്ചാണ് കേട്ടോ

ശോഭന പറഞ്ഞു

” എനിക്ക് കയ്യും കാലും വിറയ്ക്കുന്നു ശോഭനയെ, ഇനിയിപ്പോ എന്തൊക്കെയാ ഉണ്ടാകാൻ പോകുന്നത്.

സാലി പറഞ്ഞു

” പിന്നെ ഒരു കാര്യം കൂടി ഞാൻ അറിഞ്ഞു,

വലിയൊരു രഹസ്യം പോലെ ശോഭന അല്പം പതുക്കെ പറഞ്ഞു.

” എന്നതാ.?

” ആ പെൺകൊച്ച് നിങ്ങടെ കൂട്ടര് അല്ല, ലക്ഷ്മിന്നോ മറ്റോ ആണ് പേര്.

സാലിയുടെ ശ്വാസം നിന്നു പോയിരുന്നു.

പോലീസ് സ്റ്റേഷനിലേക്ക് ഇറങ്ങുമ്പോൾ തന്നെ അവൾ കണ്ടിരുന്നു അച്ഛന്റെ കാർ. അതിൽ നിന്നും ഇറങ്ങുന്ന ചെറിയമ്മയേയും ഒപ്പം അയാളെയും കണ്ടപ്പോൾ അവൾക്ക് വല്ലാത്ത ദേഷ്യം ആണ് തോന്നിയത്.

” നിങ്ങൾ വന്നോ.? സിദ്ധാർത്ഥൻ സാർ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു

ഏതൊ ഒരു രാഷ്ട്രീയ നേതാവിനെ കൊണ്ട് അയാൾ വിളിപ്പിച്ചു പറഞ്ഞിട്ടുണ്ടെന്ന് അവൾക്ക് ഉറപ്പായിരുന്നു. പലപ്പോഴും അയാൾക്കൊപ്പം വീട്ടിൽ വന്നിട്ടുള്ള ഒരാളാണ് സിദ്ധാർത്ഥൻ. അവിടുത്തെ എംഎൽഎ ആണയാൾ. അവളെ രൂക്ഷമായി അയാൾ ഒന്നു നോക്കി.

അയാളുടെ മുഖത്തേക്ക് നോക്കാൻ പോലും അവൾ താല്പര്യപ്പെട്ടില്ല. എന്നാൽ അവളുടെ അച്ഛന്റെ നോട്ടം മുഴുവൻ സെബാസ്റ്റ്യന്റെ മുഖത്തേക്ക് ആയിരുന്നു.

മുടി മുതൽ കാൽ വരെ അയാൾ തന്നെ ഉഴിയുകയാണെന്ന് സെബാസ്റ്റ്യന് തോന്നി. അവൻ മുഖംകുനിച്ച് അകത്തേക്ക് കയറി.

അവനു പിന്നാലെ അകത്തേക്ക് കയറി പോകുന്ന ലക്ഷ്മിയെ കണ്ണുനിറച്ച് ഒരു നോട്ടം അച്ഛൻ നോക്കി. അവളുടെ ചങ്ക് പൊടിഞ്ഞു പോയി.

” പക്ഷേ താൻ പറഞ്ഞത് കേൾക്കാത്ത തന്റെ വാക്ക് വിശ്വസിക്കാത്ത അച്ഛനോട് അവൾക്ക് തെല്ലും സഹതാപം തോന്നിയില്ല. തന്നെ ഒരിക്കലെങ്കിലും കേട്ടിരുന്നെങ്കിൽ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ താൻ ഒറ്റയ്ക്ക് ആവില്ലായിരുന്നു എന്ന് അവൾക്ക് തോന്നി.

” സാറേ ഞാൻ എന്റെ ഡ്യൂട്ടി കൃത്യമായിട്ട് ചെയ്തു. രണ്ടിനെയും രാത്രിക്ക് മുൻപേ പിടിക്കുമെന്ന് പറഞ്ഞു പിടിച്ചിട്ടുമുണ്ട്. ഇനിയിപ്പോ എന്താണെന്നുവെച്ചാൽ നിങ്ങൾ ചെയ്യണം. പിന്നെ കുറച്ച് അധികം ആൾക്കാരുടെ മൊഴികളൊക്കെ ഇതിനകത്തുള്ളത് ആണ്. ഒന്നാമത്തെ കാര്യം ഡോക്ടറുടെയും നേഴ്സിന്റെയും ഒക്കെ മൊഴി ആണ്. എടി കൊച്ചെ നീ ഇപ്പോൾ അപ്പന്റെയെയും അമ്മയുടെയും കൂടെ പോകാൻ നോക്ക്. ഇപ്പൊ ആരും അധികം ഇത് അറിഞ്ഞിട്ടില്ല. നമുക്ക് എല്ലാം അങ്ങ് മറക്കാം.

എസ് ഐ അവളെ ഉപദേശിച്ചു

” ഞാൻ പോകില്ല സർ

അവളുടെ മറുപടി ഉറച്ചതായിരുന്നു….തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!