കേന്ദ്രം ഭരണഘടന അട്ടിമറിക്കാൻ ശ്രമിക്കുന്നു; കന്നി പ്രസംഗത്തിൽ ബിജെപിയെ ആക്രമിച്ച് പ്രിയങ്ക
ലോക്സഭയിൽ കന്നി പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിഞ്ഞ് പ്രിയങ്ക ഗാന്ധി. ഭരണഘടനയിൽമേലാണ് പ്രിയങ്കയുടെ കന്നി പ്രസംഗം നടന്നത്. പാർലമെന്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് തുടങ്ങിയ പ്രിയങ്ക ഗാന്ധി, അദാനി, കർഷക, മണിപ്പൂർ വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു
പ്രിയങ്ക സംസാരിക്കുന്നതിനിടെ സ്പീക്കർ ഇടപെട്ട് പ്രസംഗം ഭരണഘടനയിൻമേൽ ആണെന്ന് ഓർമിപ്പിച്ചെങ്കിലും തെരഞ്ഞെടുപ്പ് അട്ടിമറി നീക്കങ്ങളടക്കം സഭയിൽ ഉന്നയിച്ചായിരുന്നു പ്രിയങ്കയുടെ കന്നി പ്രസംഗം. നമ്മുടെ ജനതക്ക് തുല്യതയും ശബ്ദം ഉയർത്താനുമുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. എന്നാൽ പലയിടങ്ങളിലും ദുർബല ശബ്ദങ്ങളെ അടിച്ചമർത്തുകയാണെന്ന് പ്രിയങ്ക വിമർശിച്ചു
സംഭാൽ വിഷയവും പ്രിയങ്ക പാർലമെന്റിൽ ഉന്നയിച്ചു. കൊല്ലപ്പെട്ടത് വലിയ സ്വപ്നങ്ങൾ ഉള്ളവരായിരുന്നു. 17 വയസുള്ള അദ്നാൻ എന്ന കുട്ടി ഡോക്ടറാകണമെന്ന് ആഗ്രഹം പങ്കുവെച്ചതാണ്. അത് പറയാൻ അവനെ പ്രേരിപ്പിച്ചത് ഭരണഘടന നൽകുന്ന ശക്തിയാണ്. ഈ സർക്കാർ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്
ഭരണഘടനയുടെ ശക്തി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സർക്കാർ തിരിച്ചറിഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കാൻ എന്തൊക്കെ തന്ത്രങ്ങൾ ബിജെപി പ്രയോഗിച്ചു. ഈ സർക്കാർ എന്തുകൊണ്ട് ജാതി സെൻസസിനെ ഭയക്കുന്നുവെന്നും പ്രിയങ്ക ചോദിച്ചു.