സഊദിയില്‍ റിക്രൂട്ട്മെന്റുകളുടെ ചെലവുകള്‍ വഹിക്കേണ്ടത് തൊഴിലുടമ
റിയാദ്: സഊദിയില്‍ ജോലിക്കായി റിക്രൂട്ട്‌ചെയ്യുന്ന തൊഴിലാളികളുടെ മുഴുവന്‍ ചെലവുകളും വഹിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണെന്ന് തൊഴില്‍ മന്ത്രാലയം. ഇത് ഉള്‍പ്പെടെ തൊഴില്‍ നിയമങ്ങളില്‍ വീണ്ടും പരിഷ്‌ക്കാരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സഊദി അറേബ്യ.
തൊഴില്‍ നിയമങ്ങളില്‍ വരുത്തിയ പുതിയ മാറ്റങ്ങള്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. തിര്‍പ്പുകളോ, തിരുത്തലോ ശിപാര്‍ശ ചെയ്തില്ലെങ്കില്‍ ആറ് മാസത്തിനകം ഉത്തരവ് പ്രാബല്യത്തില്‍ വരും. രണ്ടാഴ്ച മുമ്പ് സൗദി മന്ത്രിസഭ അംഗീകരിച്ച ഭേദഗതികളാണ് ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കരാര്‍ ബന്ധം അവസാനിപ്പിച്ചതിന് ശേഷം തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങിപ്പോകുന്നതിനുള്ള റിട്ടേണ്‍ ടിക്കറ്റ് ചെലവ് വഹിക്കേണ്ട ഉത്തരവാദിത്തവും തൊഴിലുടമകള്‍ക്കു മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
റസിഡന്‍സ് വിസ ഫീസ്, വര്‍ക്ക് പെര്‍മിറ്റ് ഫീസ്, ഇവ രണ്ടും പുതുക്കുന്നതിനുള്ള ഫീസുകള്‍ എന്നിവ പുതിയ നിയമ പരിഷ്‌ക്കാരങ്ങള്‍ പ്രകാരം തൊഴിലുടമകളാണ് വഹിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് വല്ല കാലതാമസവും ഉണ്ടാവുകയും പിഴ ചുമത്തെപ്പെടുകയും ചെയ്താല്‍ ആ ചെലവും തൊഴിലാളിയുടെ തൊഴില്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട ചെലവുകളും എക്സിറ്റ്, റിട്ടേണ്‍ ചെലവുകളും തൊഴിലുടമ വഹിക്കണമെന്നുമാണ് പുതിയ ഉത്തരവ് വ്യക്തമാക്കുന്നത്.