National

ഭൂമിയില്‍ ആദ്യം രൂപപ്പെട്ട കര ഇന്ത്യയില്‍

ജാര്‍ഖണ്ഡ്: നാം അദിവസിക്കുന്ന ഭൂമി കോടാനകോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് കടലായിരുന്നല്ലോ. അനന്തമായ കടല്‍, എങ്ങും കരയില്ലാത്ത, പച്ചപ്പില്ലാത്ത കൂറ്റന്‍ പര്‍വതങ്ങളും മലകളും മരുഭൂമികളുമൊന്നുമില്ലാത്ത ജലജീവികളുടേതു മാത്രമായ ഒരു ലോകം. നോക്കെത്താ ദൂരത്തോളം നീണ്ടും പരന്നും കിടക്കുന്ന മഹാസമുദ്രം മാത്രം ആകാശത്തിന് ചുവട്ടില്‍ ഇരമ്പിയാര്‍ത്ത ഒരു കാലത്ത് ആദ്യ കര രൂപപ്പെട്ടത് ഇന്നത്തെ ഇന്ത്യന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡിലാണെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ, ഓസ്ട്രേലിയ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ നടത്തിയ ദീര്‍ഘകാലത്തെ പഠനത്തില്‍നിന്നും വ്യക്തമായിരിക്കുന്നത്.

സംഘം തങ്ങളുടെ കണ്ടെത്തല്‍ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ പ്രൊസീഡിംഗ്‌സില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെയാണ് വാര്‍ത്ത പുറംലോകത്തേക്ക് എത്തിയത്.
ലോകത്തെ ആദ്യ കരഭൂമിയോ, ആദ്യ രാജ്യമോ ആയ ആ പ്രദേശം അത് ഇന്ത്യയാണെന്ന് പറയാം. ഇന്ത്യയിലെ ജാര്‍ഖണ്ടിലെ സിംഗ്ഭും മേഖലയാണ് ലോകത്തില്‍ ആദ്യമായി വെള്ളത്തിന് മുകളില്‍ കര രൂപപ്പെട്ടതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. സിംഗ്ഭും മേഖലയില്‍ പുരാതന മണല്‍ക്കല്ലിന്റെ വിവിധ രൂപങ്ങള്‍ ഉണ്ടെന്നും ഈ മണല്‍ക്കല്ലുകള്‍ വിശകലനം ചെയ്തപ്പോള്‍ നദീ തീരങ്ങള്‍, വേലിയേറ്റ സമതലങ്ങള്‍, കടല്‍ത്തീരങ്ങളില്‍ നിന്ന് അടിഞ്ഞുകൂടിയ മണല്‍ എന്നിവയുടെ ഭൂമിശാസ്ത്രപരമായ അടയാളങ്ങളുണ്ടെന്ന് കണ്ടെത്തിയതായും സംഘം വ്യക്തമാക്കുന്നു.

ഈ നിക്ഷേപങ്ങള്‍ക്കൊപ്പം സംരക്ഷിച്ചിരിക്കുന്ന സിര്‍ക്കോണ്‍ എന്ന ധാതുക്കളുടെ സൂക്ഷ്മമായ പരലുകള്‍ പഠിച്ചാണ് ശാസ്ത്രജ്ഞര്‍ ഇവിടത്തെ മണ്ണിന്റെ പ്രായം കണ്ടെത്തിയത്.
ഏകദേശം 3 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സിംഗ്ഭും മേഖലയില്‍ മണല്‍ക്കല്ലുകള്‍ നിക്ഷേപിക്കപ്പെട്ടതായി സിര്‍ക്കോണ്‍ പരലുകളില്‍ നടത്തിയ പരീക്ഷണങ്ങളില്‍നിന്നും അറിയാനായി. അതോടു കൂടി ഇത് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കടല്‍ത്തീര ഭൂപ്രദേശമാണെന്ന് ഗവേഷകര്‍ക്ക് ബോധ്യപ്പെടുകയായിരുന്നു.
”ഒരുപക്ഷേ, സിംഗ്ഭും പ്രദേശം ഭൂമിയുടെ ആദ്യകാല ഭൂഖണ്ഡാന്തര ഭൂമിയാണ്. അതിനുമുമ്പ്, ഭൂമി ഒരു ജലലോകമായിരുന്നു, മുഴുവന്‍ ഗ്രഹവും വെള്ളത്താല്‍ മൂടപ്പെട്ടിരുന്നു,” ഓസ്ട്രേലിയയിലെ മോനാഷ് യൂണിവേഴ്സിറ്റിയിലെ ജിയോളജിസ്റ്റും ഗവേഷണ സംഘത്തിലെ അംഗവുമായ പ്രിയദര്‍ശി ചൗധരിയുടെ വാക്കുകളാണിത്.

ഭൂമിയുമായി ബന്ധപ്പെട്ട് നടന്ന ഏറ്റവും നിര്‍ണായകമായ ഒരു കണ്ടെത്തലായി ഇത് മാറിയിരിക്കുകയാണെന്നതില്‍ ഇന്ത്യക്കാര്‍ക്ക് ഏറെ അഭിമാനിക്കാം.

Related Articles

Back to top button