മലയാളിയെ വിമര്‍ശിക്കുന്നൂവെന്ന് നിലവിളിക്കുന്നവര്‍ ശരാശരി നിലവാരംപോലും ഇല്ലാത്തവര്‍; ബി ജയമോഹന്‍
ഷാര്‍ജ: ഇന്ത്യയിലെ മിത്തുകളും ഇതിഹാസങ്ങളും കാലാനുസൃതമായി പുനരാഖ്യാനം ചെയ്യപ്പെടണമെന്നും മലയാളിയെ വിമര്‍ശിക്കുന്നൂവെന്ന് നിലവിളിക്കുന്നവര്‍ ശരാശരി നിലവാരംപോലുമില്ലാത്തവരാണെന്നും പ്രമുഖ തമിഴ്- മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തും, നിരൂപകനുമായ ബി ജയമോഹന്‍ അഭിപ്രായപ്പെട്ടു. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവ വേദിയായ എക്‌സ്‌പോ സെന്ററിലെ കോണ്‍ഫ്രന്‍സ് ഹാളില്‍ മിത്തും ആധുനികതയും: ഇന്ത്യന്‍ ഇതിഹാസങ്ങളുടെ പുനരാഖ്യാനം ജയമോഹനുമൊത്ത് ഒരന്വേഷണ യാത്ര’ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം ടി വാസുദേവന്‍ നായര്‍ എഴുതിയ രണ്ടാംമൂഴം, പി കെ ബാലകൃഷ്ണന്‍ എഴുതിയ ഇനി ഞാന്‍ ഉറങ്ങട്ടെ എന്നീ കൃതികള്‍ പുറത്തുവന്നതോടെ മഹാഭാരതത്തിലെ ഈ കഥാപാത്രങ്ങള്‍ക്ക് പുതിയ സ്വത്വം കൈവന്നു. വിവിധ ഭാഷകളിലും സമാനമായ ആഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവയെല്ലാം ഏതെങ്കിലും ഒരു അദ്ധ്യായത്തെയോ, കഥാപാത്രത്തെയോ ആധാരമാക്കിയാണ് ചെയ്തതെങ്കില്‍ മഹാഭാരതം എന്ന ബൃഹത്തായ ഇതിഹാസത്തെ സമഗ്രമായി പുനരാഖ്യാനം ചെയ്യാനുള്ള ശ്രമമാണ് ‘വെണ്‍ മുരശ്’ എന്ന നോവലിലൂടെ താന്‍ നടത്തിയതെന്നും നോവലിസ്റ്റ് പറഞ്ഞു. സാനിയോ ഡാല്‍ഫെ മോഡറേറ്ററായി പങ്കെടുത്തു.