അതിര്‍ത്തിയില്‍ തുര്‍ക്കി ഡ്രോണുകള്‍; ബംഗ്ലാദേശിന്റെ ലക്ഷ്യമെന്ത്; നിരീക്ഷിച്ച് ഇന്ത്യന്‍ സൈന്യം

അതിര്‍ത്തിക്ക് സമീപം ബംഗ്ലാദേശ് സൈന്യം തുര്‍ക്കി ഡ്രോണുകള്‍ വിന്യസിച്ചതിന് പിന്നാലെ നിരീക്ഷണം ശക്തമാക്കി ഇന്ത്യ. തുർക്കി ബൈരക്തർ ടിബി -2 ഡ്രോണുകളാണ് ബംഗ്ലാദേശ് സൈന്യം അതിര്‍ത്തിക്കടുത്ത് വിന്യസിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവം ഇന്ത്യന്‍ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശിന്റെ വ്യോമാതിർത്തിയിൽ ഡ്രോണുകൾ പറക്കുന്നത് സൈന്യത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതില്‍ ചിലത് 20 മണിക്കൂറിലധികം നീണ്ടുനിന്നെന്നാണ് റിപ്പോര്‍ട്ട്.
പിന്നാലെ ഇന്ത്യയും നിരീക്ഷ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി. ഡ്രോൺ പ്രവർത്തനങ്ങൾ തത്സമയം ട്രാക്ക് ചെയ്യുന്നതിനായി റഡാറുകളും മറ്റ് സംവിധാനങ്ങളും വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്. ബൈരക്തർ ടിബി -2 സൈനിക പ്രവർത്തനങ്ങളിലെ കാര്യക്ഷമതയ്ക്ക് ആഗോള തലത്തില്‍ പ്രാധാന്യം നേടിയിട്ടുണ്ട്.
തുര്‍ക്കിയുടെ ഡിഫന്‍സ് ഇന്‍ഡസ്ട്രിയാണ് ഇത് വികസിപ്പിച്ചത്. വായുവിൽ നിന്ന് കരയിലേക്ക് യുദ്ധോപകരണങ്ങൾ വഹിക്കാനുള്ള കഴിവാണ് ഇതിന്റെ സവിശേഷത. രാജ്യാന്തര സംഘര്‍ഷങ്ങളിലടക്കം ഇത് ഉപയോഗിച്ചിട്ടുണ്ട്
പാകിസ്ഥാനും, തുര്‍ക്കിയുമായി ബംഗ്ലാദേശിന്റെ സൈനിക സഹകരണം അടുത്തിടെയായി വര്‍ധിക്കുകയാണ്. ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ കീഴിലുള്ള ഭരണകൂടം ഐഎസ്‌ഐയുമായുള്ള സഹകരണവും ശക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം ഐഎസ്‌ഐ അധികൃതര്‍ ബംഗ്ലാദേശിലെത്തി ചര്‍ച്ച നടത്തിയിരുന്നു. 2009ന് ശേഷം ആദ്യമായാണ് ഐഎസ്‌ഐ അധികൃതര്‍ ബംഗ്ലാദേശിലേക്ക് എത്തുന്നത്. നേരത്തെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും മുഹമ്മദ് യൂനുസും കൂടിക്കാഴ്ച നടത്തിയിരുന്നു.
1971ലെ വിഭജനത്തിന് ശേഷം ബംഗ്ലാദേശും പാകിസ്ഥാനും അടുത്തിടെ നേരിട്ടുള്ള വ്യാപാരവും പുനഃരാരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കരാര്‍ അന്തിമമായി. കരാര്‍ പ്രകാരം പാകിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശിലേക്ക് അരി ഇറക്കുമതി ചെയ്യും.