ലോകത്തില്‍ ആദ്യമായി വിനോദസഞ്ചാരികള്‍ക്ക് വാറ്റ് റീഫണ്ട് സംവിധാനവുമായി യുഎഇ
ദുബായ്: പല മേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യുഎഇ ഭരണ നേതൃത്വം മറ്റൊരു പുതിയ പദ്ധതിയുമായി എത്തി ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. യുഎഇയില്‍ താമസിക്കുന്ന സമയത്ത് വിനോദസഞ്ചാരികള്‍ നടത്തുന്ന ഇ-കൊമേഴ്‌സ് റീട്ടെയില്‍ പര്‍ച്ചേസുകള്‍ക്കായി പുതിയ വാറ്റ് റീഫണ്ട് സംവിധാനം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചാണ് ലോക സാമ്പത്തിക രംഗത്തെ യുഎഇ ഫെഡറല്‍ ടാക്സ് അതോറിറ്റി (എഫ്ടിഎ) ഞെട്ടിച്ചിരിക്കുന്നത്.
ലോകത്തില്‍ ഇത്തരത്തില്‍ നടപ്പാക്കപ്പെടുന്ന ആദ്യ പദ്ധതിയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ടൂറിസ്റ്റുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്ന സാധനങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി തിരികെ നല്‍കുന്നതാണ് പുതിയ സംവിധാനം. യുഎഇയില്‍ സന്ദര്‍ശക വിസകളില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് അവരുടെ മടക്കയാത്രയില്‍ വിമാനത്താവളങ്ങളില്‍ നിന്നു വാറ്റ് നികുതി തിരികെ നല്‍കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഫെഡറല്‍ ടാക്സ് അതോറിറ്റിയില്‍ റജിസ്റ്റര്‍ ചെയ്ത ഇ കൊമേഴ്സ് സൈറ്റുകള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കും വിനോദസഞ്ചാരികള്‍ക്ക് വാറ്റ് റീഫണ്ടിനു വേണ്ടിയുള്ള അപേക്ഷ നല്‍കാം. ഇതിനായി യാത്രാരേഖകളും വ്യക്തി വിവരങ്ങളും നല്‍കണം. ഓണ്‍ലൈന്‍ പര്‍ച്ചേസിന്റെ സമയത്തു സന്ദര്‍ശക വീസയിലാണെന്ന് തെളിയിക്കുന്നതിനു വേണ്ടിയാണ് ഇവ നല്‍കുന്നത്. യോഗ്യത തെളിയിക്കപ്പെട്ടാല്‍, രാജ്യം വിടുമ്പോള്‍ ഈടാക്കിയ വാറ്റ് നികുതി തിരികെ നല്‍കും. വാറ്റ് റീഫണ്ട് നല്‍കുന്ന ഏജന്‍സിയായ പ്ലാനറ്റ് വഴിയാണ് ഓണ്‍ലൈന്‍ പര്‍ച്ചേസിന്റെ നികുതിയും തിരികെ നല്‍കുകയെന്ന് എഫ്ടിഎ അറിയിച്ചു.