മെനിഞ്ചൈറ്റിസ് വാക്സിന്‍ എടുക്കാത്ത ഉംറ തീര്‍ഥാടകര്‍ക്ക് ഫെബ്രുവരി 10 മുതല്‍ സഊദിയില്‍ പ്രവേശിക്കാനാവില്ല

ജിദ്ദ: മെനിഞ്ചൈറ്റിസ് വാക്സിന്‍ എടുക്കാത്ത ഉംറ തീര്‍ഥാടകര്‍ക്ക് ഫെബ്രുവരി 10 മുതല്‍ സൗദിയില്‍ പ്രവേശിക്കാനാവില്ല. നിലവില്‍ സൗദിയിലുള്ളവര്‍ക്കും വ്യവസ്ഥ ബാധകമാണ്. സൗദി അറേബ്യയുടെ ആരോഗ്യ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, എല്ലാ ഉംറ തീര്‍ഥാടകരും മെനിംഗോകോക്കല്‍ എസിവൈഡബ്ല്യുഎക്സ് വാക്സിന്‍ അല്ലെങ്കില്‍ മെനിംഗോകോക്കല്‍ ക്വാഡ്രിവാലന്റ് പോളിസാക്കറൈഡ് വാക്സിന്‍ സ്വീകരിക്കണം.
യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും മെനിഞ്ചൈറ്റിസ് വാക്സിന്‍ എടുത്തിരിക്കണമെന്നും ഇത് ചെയ്യാത്തവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അവസരം ലഭിക്കില്ലെന്നും സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തീര്‍ഥാടകന്‍ വരുന്ന രാജ്യത്തെ ഒഔദ്യോഗിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നായിരിക്കണം വാക്സിന്‍ എടുക്കേണ്ടത്.
യാത്രക്കാരന്റെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പേര്, തരം, നല്‍കിയ തീയതി എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മെനിഞ്ചൈറ്റിസ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റിന് മൂന്ന് വര്‍ഷത്തെ കാലാവധി ഉണ്ടായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അധികൃതര്‍ വിശദീകരിച്ചു. ഉംറയ്ക്കായി സൗദി അറേബ്യയിലേക്ക് വരുന്നവര്‍ക്കുള്ള ഏറ്റവും പുതിയ ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് ഈ നിര്‍ദ്ദേശം.