
വാഷിങ്ടൺ: അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ നാടുകടുത്തന്നതിന് സൈനിക വിമാനം ഉപയോഗിക്കുന്നത് നിർത്തി. നാടുകടത്തുന്നവർകായി സൈനിക വിമാനം ഉപയോഗിക്കുന്നത് മൂലം അധിക ചെലവ് കണ്ടെത്തിയതിന് പിന്നാലെയാണ് യുഎസ് നടപടി. അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ടുള്ള അവസാന വിമാനം മാർച്ച് ഒന്നിനാണ് യുഎസിൽ നിന്ന് പുറപ്പെട്ടതെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെയാണ് അമേരിക്കയിൽ അനധികൃതമായി കുടിയേറിയ ആളുകളെ നാടുകത്താൻ തുടങ്ങിയത്. അനധികൃത കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് എത്തിക്കുന്നതിന് സൈനിക വിമാനങ്ങൾ ഉപയോഗിച്ചത് മൂലം ഉയർന്നതും താങ്ങാനാവാത്തതുമായ ചിലവുകൾ നേരിടേണ്ടി വന്നതിനെ തുടർന്നാണ് ഈ തീരുമാനമെന്നും വൃത്തങ്ങൾ പറയുന്നു. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്കുള്ള ആളുകളെ യുഎസ് സൈനിക വിമാനങ്ങൾ ഉപയോഗിച്ചാണ് തിരിച്ചയച്ചത്.
അതേസമയം ഇന്ന് പുറപ്പെടാനിരുന്ന് മറ്റൊരു വിമാനം ഇക്കാരണത്താൽ റദ്ദാക്കിയതായും ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യയിലേക്ക് മാത്രം മൂന്ന് തവണയാണ് യുഎസ് സൈനിക വിമാനത്തിൽ കുടിയേറ്റക്കാരെ എത്തിച്ചത്. ഇങ്ങനെ ഓരോ യാത്രയ്ക്കും 26.12 കോടി രൂപയോളം ചെലവായതായി കണക്കാക്കപ്പെടുന്നു. അങ്ങനെ നോക്കിയാൽ ഇന്ത്യയിലേക്കു മാത്രം ചെലവായത് 78.36 കോടി രൂപയാണ്.
ഗ്വാണ്ടനാമോയിലേക്കാണ് മറ്റു ചില രാജ്യങ്ങളിലെ അനധികൃത കുടിയേറ്റക്കാരെ യുഎസ് നാടു കടത്തിയത്. സൈനികവിമാനത്തിൽ പത്തും പന്ത്രണ്ടും പേരെ മാത്രമാണ് ഇത്തരത്തിൽ എത്തിയത്. ഇതിനായി ഓരോ യാത്രക്കാരനും 17.41 ലക്ഷം രൂപ ചെലവായതായും കണക്കുകൾ വ്യക്തമാക്കുന്നു. അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കയുടെ സൈനിക വിമാനമായ സി-17 30 യാത്രകളാണ് നടത്തിയത്. കൂടാതെ സി-130 വിമാനം പത്തിലധികം യാത്രകളും നടത്തിയിട്ടുള്ളതായാണ് കണക്ക്.