ഇസ്രായേലിന് യുഎസ് ഇനിയും ആയുധങ്ങള്‍ നല്‍കും; വില്‍പന തടയാനുള്ള ബില്‍ പരാജയപ്പെട്ടു
വാഷിങ്ടണ്‍: ഇസ്രായേലിന് ആയുധങ്ങള്‍ കൈമാറുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സെനറ്റില്‍ അവതരിപ്പിച്ച ബില്‍ പരാജയപ്പെട്ടു. യുഎസ് സെനറ്ററായ ബെര്‍ണി സാന്‍ഡേഴ്സാണ് ഇസ്രായേലിന് 20 ബില്യണ്‍ ഡോളര്‍ ആയുധങ്ങള്‍ നല്‍കാനുളള പെന്റഗണിന്റെ ആവശ്യം അംഗീകരിക്കുകയോ അല്ലെങ്കില്‍ നിരസിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചത്. 18 അംഗങ്ങള്‍ മാത്രമാണ് ആയുധ വില്‍പന നിര്‍ത്തിവെക്കണമെന്ന് പറഞ്ഞത്. ബാക്കി 78 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു.
കൂടുതല്‍ പേര്‍ എതിര്‍പ്പറിയിച്ചതോടെ വിഷയവുമായി ബന്ധപ്പെട്ട് രണ്ട് പ്രമേയങ്ങള്‍ കൂടി സെനറ്റില്‍ പരാജയപ്പെട്ടു. ജോയിന്റ് റെസല്യൂഷന്‍ ഡിസപ്രൂവല്‍ എന്ന പേരിലുള്ള പ്രമേയത്തില്‍ ഓരോ ആയുധങ്ങള്‍ ഇസ്രായേലിന് നല്‍കുന്നതിനും വ്യത്യസ്ത പ്രമേയങ്ങള്‍ ഉണ്ടാക്കിയിരുന്നു. പൗരാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, യുദ്ധവിരുദ്ധ സംഘടനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പ്രമേയത്ത അനുകൂലിച്ച് കത്തില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു.
ജെഫ് മെര്‍ക്ക്ലി, ബ്രയാന്‍ ഷാറ്റ്സ്, എലിസബത്ത് വാറന്‍, പീറ്റര്‍ വെല്‍ച്ച്, ക്രിസ് ഹോളന്‍ എന്നീ സെനറ്റര്‍മാരും ബെര്‍ണി സാന്‍ഡേഴ്സണ് പുറമേ പ്രമേയത്തിന് പിന്തുണ അറിയിച്ചിരുന്നു. ഇതാദ്യമായാണ് യുഎസ് സെനറ്റില്‍ ഇസ്രായേലിലേക്കുള്ള ആയുധ വില്‍പനയുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിക്കപ്പെടുന്നത്.
എന്നാല്‍, എല്ലാക്കാലത്തും ഇസ്രായേലിനെ സംരക്ഷിക്കേണ്ടതുണ്ട്. ഇസ്രായേലിന് ശത്രുക്കളെ പ്രതിരോധിക്കാനാവശ്യമായ സഹായങ്ങള്‍ നല്‍കുകയെന്നത് അമേരിക്കയുടെ നയമാണ്. ആ നയത്തില്‍ നിന്ന് ഒരിക്കലും വ്യതിചലിക്കരുതെന്ന് സെനറ്ററായ ചക്ക് ഷുമര്‍ പറഞ്ഞു.
അതേസമയം, ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനിരെയുള്ള ബില്‍ പരാജയപ്പെട്ടതോടെ ഇനി 120 എംഎം ടാങ്ക് ഫൗണ്ടുകള്‍, ഉയര്‍ന്ന സ്‌ഫോടനാത്മക മോര്‍ട്ടാര്‍ റൗണ്ടുകള്‍, എഫ് 15 ഐഎ യുദ്ധവിമാനങ്ങള്‍, ജെഡിഎഎം എന്ന ആക്രമണ ആയുധങ്ങള്‍ എന്നിവ പുതുതായി അമേരിക്ക ഇസ്രായേലിന് നല്‍കും.
അതേസമയം, ഗസയില്‍ ഇസ്രായേലിന്റെ ആക്രമണം തുടരുന്നതിനിടെ സന്ദര്‍ശനം നടത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം അവസാനിച്ചാലും ഗസയില്‍ ഭരണം നടത്താന്‍ ഹമാസിനെ അനുവദിക്കില്ലെന്ന് സന്ദര്‍ശനത്തിന് ശേഷം എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ നെതന്യാഹു പറഞ്ഞു. ബന്ദികളെ തിരികെ കൊണ്ടുവരുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും നെതന്യാഹു പറഞ്ഞു.
ഹമാസ് ബന്ദിയാക്കിയ ഇസ്രായേല്‍ പൗരന്മാരില്‍ ഒരാളെ തിരികെ കൊണ്ടുവരുന്നയാള്‍ക്ക് അഞ്ച് മില്യണ്‍ ഡോളര്‍ പാരിതോഷികം നല്‍കും. പാരിതോഷികത്തിന് പുറമെ ബന്ദിമോചനത്തിന് സഹായിക്കുന്ന പലസ്തീനികള്‍ക്ക് ഗസയില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴിയൊരുക്കുമെന്നും നെതന്യാഹു പ്രഖ്യാപിച്ചു.
ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ച് അകമ്പടിയോടെയാണ് നെതന്യാഹു ഗസയിലെത്തിയത്. കരയിലെ സൈനിക നീക്കത്തിന്റെ പുരോഗതി നിരീക്ഷിക്കുന്നതിനായാണ് നെതന്യാഹുവിന്റെ സന്ദര്‍ശനമെന്നാണ് വിവരം. നെതന്യാഹു തന്നെ പുറത്തുവിട്ട സന്ദര്‍ശന വീഡിയോയില്‍ ഹമാസിനെ രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്. ഹമാസിന് ഒരിക്കലും ഗസയില്‍ ഭരണം നടത്താന്‍ സാധിക്കാത്ത വിധത്തില്‍ ആയുധശേഷി മുഴുവനായി ഇസ്രായേല്‍ സൈന്യം നശിപ്പിച്ചെന്നും ഹമാസ് ഇനി ഗസ ഭരിക്കില്ലെന്ന കാര്യം സൈന്യം ഉറപ്പാക്കിയെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം, ഗസയില്‍ ഭക്ഷ്യ ക്ഷാമം രൂക്ഷമാവുകയാണ്. 17 കുട്ടികളെ പോഷകാഹാരക്കുറവിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഈ കുട്ടികള്‍ക്കാവശ്യമായ പരിചരണം നല്‍കാന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് ആശുപത്രി ഡയറക്ടര്‍ ഹുസം അബു സഫിയ പറഞ്ഞു.