" "
National

ടാറ്റയുടെയും അംബാനിയുടെയുമെല്ലാം ആദ്യ ജോലി എന്തായിരുന്നു?

മുംബൈ: ഇന്ത്യന്‍ ബിസിനസ് ലോകത്തെ താരരാജാക്കന്മാരായ ടാറ്റ, അംബാനി, അദാനി, ഇന്ദ്ര നൂയി, സുധ മൂര്‍ത്തി എന്നിവരുടെ ആദ്യ ജോലികള്‍ എന്തായിരുന്നെന്ന് ആലോചിച്ചിട്ടുണ്ടോ. പറഞ്ഞുവരുന്നത് ഇന്ത്യന്‍ യുവാക്കളുടെ ഏറെ സ്വാധീനിച്ച രത്തന്‍ ടാറ്റ, ധീരുഭായ് അംബാനി, ഗൗതം അദാനി, ഇന്ദ്ര നൂയി, സുധ മൂര്‍ത്തി എന്നിവരെക്കുറിച്ചാണ്.
ഏറെ പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും ധീരമായി നേരിട്ടാണ് അവരെല്ലാം വിജയക്കൊടി പാറിച്ചത്. നമ്മില്‍ ചിലര്‍ കരുതുംപോലെ ഇപ്പറഞ്ഞവരൊന്നും വായില്‍ വെള്ളി സ്പൂണുമായി പിറന്നുവീണവരായിരുന്നില്ല. തന്റെ ചുറ്റുപാടുകള്‍ സൃഷ്ടിച്ച കടുത്ത വെല്ലുവിളികളോട് വിശ്രമരഹിതമായി പടവെട്ടിതന്നെയാണ് ഇവരെല്ലാം തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുത്തതും ലോകം അറിയപ്പെടുന്ന ബിസിനസ് മാഗ്നറ്റുകളായി രൂപാന്തരപ്പെട്ടതും. ഏത് വിജയത്തിന് പിന്നിലും ത്യാഗനിര്‍ഭരമായ ഒരു ഇന്നലെകളുണ്ടാവുമെന്ന് പറയാറില്ലേ അത് ഈ പറഞ്ഞവരുടെയെല്ലാം കാര്യത്തിലും സത്യമാണ്. അതുകൊണ്ടുതന്നെയാണ് ഇവരുടെ വിജയത്തിന്റെ കഥ ബിസിനസ് ലോകത്തേക്കു പ്രവേശിക്കുന്നവര്‍ക്കെല്ലാം ഏറ്റവും മികച്ച പാഠപുസ്തകമായി മാറുന്നത്.

രത്തന്‍ ടാറ്റ

156 വര്‍ഷം പഴക്കമുള്ള ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നും ഇന്നും നിലനില്‍ക്കുന്നതുമായ ടാറ്റ ഗ്രൂപ്പിന്റെ അമരക്കാരനാണ് രത്തന്‍ ടാറ്റ. ലോകം അറിയപ്പെടുന്ന ഇന്ത്യന്‍ വ്യവസായി. ബിസിനസ് ലോകത്തെ ഏറ്റവും ആദരണീയനായ വ്യക്തിത്വങ്ങളില്‍ ഒന്ന്. കോടനകോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുന്നത്. പഠനത്തിന് ശേഷം ഐബിഎമ്മില്‍ മികച്ച ജോലി ലഭിച്ചെങ്കിലും 1961ല്‍ ടാറ്റ സ്റ്റീലിന്റെ ഷോപ്പ് ഫ്ളോറില്‍ തന്റെ കരിയര്‍ ആരംഭിക്കുയായിരുന്നു.

ധീരുഭായ് അംബാനി

റിലയന്‍സ് ഗ്രൂപ്പ്
റിലയന്‍സ് ഗ്രൂപ്പിന്റെ സ്ഥാപകനും മുകേഷ് അംബാനിയുടെയും, അനില്‍ അംബാനിയുടെയും പിതാവുമാണ് ധീരുഭായ് അംബാനി. കുടുംബത്തിനു വേണ്ടി പഠനം ഉപേക്ഷിക്കേണ്ടി വന്ന വ്യക്തിയായിരുന്നു. വിവിധ ജോലികള്‍ ചെയ്തു. ബ്രിട്ടീഷ് കോളനിയായ ഏഡനിലെ ഗ്യാസ് സ്റ്റേഷനിലായിരുന്നു ആദ്യ ജോലി. 300 രൂപ ശമ്പളത്തിനായിരുന്നു അന്ന് പണിയെടുത്തിരുന്നത്.

ഗൗതം അദാനി

ശൂന്യതയില്‍നിന്ന് ഒരു വന്‍ സാമ്രാജ്യം കെട്ടിപ്പടുത്ത വ്യവസായിയാണ് ഗൗതം അദാനി. കൗമാരപ്രായത്തില്‍ മുംബൈയിലേക്ക് താമസം മാറിയ അദ്ദേഹം മഹേന്ദ്ര ബ്രദേഴ്‌സില്‍ ജോലി ചെയ്തുകൊണ്ടായിരുന്നു ജീവിതത്തിന്റെ ഇന്നിങ്‌സ് ആരംഭിച്ചത്. ഡയമണ്ട് സോര്‍ട്ടിങ് ആയിരുന്നു ആദ്യ ജോലി. സവേരി ബസാറില്‍ സ്വന്തമായി ഡയമണ്ട് ട്രേഡിംഗ് ബിസിനസ് തുടങ്ങിയായിരുന്നു ബിസിനസിലേക്കുള്ള വരവ്.

ഇന്ദ്ര നൂയി

പെപ്‌സികോ മുന്‍ സിഇഒ
പെപ്‌സിക്കോയുടെ ചെയര്‍മാനും, സിഇഒയും ആയ ആദ്യ വനിതയാണ് ഇന്ദ്ര നൂയി. ഒരു ബ്രിട്ടീഷ് ടെക്‌സ്‌റ്റൈല്‍ സ്ഥാപനത്തില്‍ ബിസിനസ് സ്ട്രാറ്റജിസ്റ്റായിട്ടാണ് നൂയി തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് മുംബൈയിലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണില്‍ പ്രൊഡക്ട് മാനേജരായി ജോലി ചെയ്തായിരുന്നു കരിയര്‍ വിപുലപ്പെടുത്തിയത്.

സുധ മൂര്‍ത്തി

രാജ്യാന്തര പ്രശസ്തമായ ടെക് കമ്പനിയായ ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണും രാജ്യസഭാ എംപിയുമായ സുധ മൂര്‍ത്തി രാജ്യത്തെ ആദ്യ വനിതാ എന്‍ജിനിയര്‍മാരില്‍ പ്രമുഖയുമാണ്. പൂനെയില്‍ ടെല്‍കോയില്‍ (ഇന്നത്തെ ടാറ്റ മോട്ടോഴ്സ്) ഡെവലപ്‌മെന്റ് എന്‍ജിനീയറായി കരിയര്‍ ആരംഭിച്ച അവര്‍ പിന്നീട് മുംബൈയിലേക്കും, ജംഷഡ്പൂരിലേക്കും തട്ടകം മാറുകയായിരുന്നു. ടാറ്റയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനത്തോട് പരസ്യമായി വിമര്‍ശനം ഉന്നയിച്ചതിലൂടെയായിരുന്നു ശ്രദ്ധേയയാവുന്നത്.

Related Articles

Back to top button
"
"