വന്യജീവി സംഘർഷം; ‘സംസ്ഥാനം മുന്നോട്ടുവെച്ച നിർദേശങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല’; മുഖ്യമന്ത്രി

വന്യജീവി സംഘർഷം ലഘൂകരിക്കാൻ സംസ്ഥാനം പല നിർദ്ദേശങ്ങളും മുന്നോട്ടുവച്ചെങ്കിലും കേന്ദ്രസർക്കാർ അതൊന്നും അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിന്നെങ്ങനെ പ്രശ്നം ശാശ്വതമായി പരിഹരിക്കാനാകും. ഈ വസ്തുത മറച്ചു വെച്ചാണ് സംസ്ഥാന സർക്കാരിനുമേൽ കേന്ദ്രം അകാരണമായി കുറ്റം ആരോപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപകടകാരികളായ മൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള നടപടിക്രമങ്ങൾ അതിസങ്കീർണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമത്തിലെ വ്യവസ്ഥകൾ ലഘൂകരിക്കണമെന്നതാണ് ആവശ്യം. എന്നാൽ കേന്ദ്രം അതിന് തയ്യാറാകുന്നില്ല. പിന്നെയെങ്ങനെ പ്രശ്നം ശാശ്വതമായി പരിഹരിക്കാനാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഈ വസ്തുത മറച്ചു വെച്ചാണ് സംസ്ഥാന സർക്കാരിന് മേൽ കേന്ദ്രം അകാരണമായി കുറ്റം ആരോപിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിനെയും മുഖ്യമന്ത്രി വിമർശിച്ചു. വസ്തുത കാണാതെയാണ് ചിലർ സംസ്ഥാനം എന്ത് ചെയ്തു എന്ന് ചോദിക്കുന്നത്. കൺമുന്നിലെ യാഥാർത്ഥ്യങ്ങൾ കാണാതെ വക്രീകരിച്ച് അവതരിപ്പിക്കുകയാണ് അവരെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മനുഷ്യ -വന്യജീവി സംഘർഷം ലഘൂകരണ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി വിശദമാക്കി. 45 ദിവസം കൊണ്ട് മൂന്ന് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോ ഘട്ടത്തിനും 15 ദിവസമാണ് കാലാവധി. തദ്ദേശ തലത്തിൽ ഹെല്പ് ഡെസ്ക്കുകൾ രൂപീകരിക്കാനും പദ്ധതിയിൽ തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക തലത്തിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങൾക്ക് അവിടെത്തന്നെ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി വിശദമാക്കി.
ജില്ലാതല പ്രശ്നങ്ങളാണ് രണ്ടാംഘട്ടത്തിൽ പരിശോധിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനതലത്തിൽ പരിശോധിക്കുക കൂടുതൽ സങ്കീർണമായ പ്രശ്നങ്ങൾ. സംസ്ഥാനതലത്തിൽ പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ കേന്ദ്രത്തിന്റെ അടിയന്തരശ്രദ്ധയിൽ കൊണ്ടുവരും. ഓരോ ഘട്ടത്തിലും സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.