Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 33

[ad_1]

രചന: റിൻസി പ്രിൻസ്

 അഡ്മിഷന് പോകുന്ന സമയത്ത് പണം എവിടുന്ന് ലഭിച്ചുവെന്ന് അമ്മ ചോദിച്ച സമയത്ത് അത് പോസ്റ്റ് ഓഫീസിൽ നിന്നും ട്രാൻസ്ഫർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നു എന്ന് പറഞ്ഞ് അവൾ തടി തപ്പിയിരുന്നു.  എങ്കിലും അമ്മയോട് കള്ളം പറയുന്ന ഒരു വേദന അവളുടെ ഉള്ളിൽ നിറഞ്ഞിരുന്നു. അഡ്മിഷൻ എടുത്ത് ഒന്ന് രണ്ട് ദിവസങ്ങൾ കൊണ്ടു തന്നെ പഠന രീതികളുമായും കോളേജുമായും ഒക്കെ വളരെ പെട്ടെന്ന് ഇണങ്ങിയിരുന്നു,  ബി എഡിന് പഠിക്കുന്നതുകൊണ്ടു തന്നെ സാരി ഉടുക്കണം എന്ന് നിർബന്ധം ഉണ്ടായിരുന്നു.  അങ്ങനെ സാരിയുടുക്കാനും ഈ കുറച്ച് സമയം കൊണ്ട് വളരെ മികച്ച രീതിയിൽ പഠിച്ചെടുത്തു..  യൂണിഫോമും സാരിയായിരുന്നു,

 സുധി എല്ലാ ദിവസവും വിളിക്കും കുറച്ച് സമയമാണെങ്കിലും സംസാരിക്കും, അന്നത്തെ ദിവസം നടന്ന കാര്യങ്ങൾ രണ്ടുപേർക്കും പരസ്പരം പങ്കുവയ്ക്കാൻ ഉണ്ടാകും,  ഒരു നല്ല സുഹൃത്ത് എന്നതിനപ്പുറം ഇതുവരെ ജീവിതത്തെക്കുറിച്ചോ ഭാവിയെക്കുറിച്ചോ ഫോണിലൂടെ രണ്ടുപേരും പറഞ്ഞിട്ടും സ്വപ്നം കണ്ടിട്ടുമില്ല, എന്നാൽ ഇന്ന് തനിക്ക് എന്തും ആദ്യം തുറന്നു പറയാൻ കഴിയുന്ന തനിക്ക് ഈ ലോകത്തിൽ വച്ച് ഏറ്റവും വിശ്വാസമുള്ള ഒരാളായി അവൻ മാറിക്കഴിഞ്ഞു  എന്ന് മീരക്ക് ഉറപ്പായിരുന്നു,  ചില സംസാരരീതികളിൽ നിന്നും അവന്റെ ഇഷ്ടങ്ങളുടെ പൊട്ടും പൊടിയും അവൾ കണ്ടുപിടിച്ചിരുന്നു, പൈങ്കിളി സംസാരമോ  പ്രണയമോ കടന്നുവരാത്ത സംസാരങ്ങൾ,  എന്നാൽ അത്രയും പ്രിയപ്പെട്ട വാക്കുകൾ.

വളരെ പെട്ടെന്ന് തന്നെ ആറേഴു മാസങ്ങൾ കടന്നു പോയിരുന്നു.  ഒരു വൈകുന്നേരം എന്തോ ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് അമ്മാവൻ വീട്ടിലേക്ക് കയറി വരുന്നത്,  സതി പെട്ടെന്ന് തന്നെ ചിരിയോടെ അരികിലേക്ക് ചെന്നു,

” ഏട്ടൻ എന്താ പതിവില്ലാതെ…

നൈറ്റി കുത്ത് അഴിച്ചു ചിരിയോടെ സതി അരികിലേക്ക് ചെന്നു..

” നീ അങ്ങോട്ട് ഒന്ന് വിളിക്കത്തോ വരത്തോ ഇല്ലല്ലോ,

” ഞാനെങ്ങനെ വരാനാ..?  ഇവിടെ ആമി മോളെ നോക്കാൻ ഞാൻ മാത്രം അല്ലേ ഉള്ളൂ..ഒരുത്തി രാവിലെ കെട്ടിയ ഒരുങ്ങി ജോലിക്കൊന്നും പറഞ്ഞു പോകും, പിന്നെ വൈകിട്ട് വന്ന ക്ഷീണമാണെന്ന് പറഞ്ഞു ഒറ്റക്കെടപ്പ്,  കൊച്ചിന്റെ കാര്യം നോക്കാൻ അവൾക്ക് നേരമില്ലല്ലോ. പിന്നെ അവളെ എന്തെങ്കിലും പറഞ്ഞാൽ ജിത്തുന് അത് ഇഷ്ടപ്പെടുത്തുമില്ല,

“അതൊക്കെ എവിടെ നിൽക്കട്ടെ, ഇനി മാസം മൂന്നേ ഉള്ളൂ സുധിയുടെ കല്യാണത്തിന്.  നീ അത് മറന്നുപോയോ,

 അമ്മാവൻ ചോദിച്ച നിമിഷം അവരുടെ മുഖം മങ്ങുന്നത് അയാൾ ശ്രദ്ധിച്ചിരുന്നു,

”  അങ്ങനെ ഡേറ്റ് എടുത്തിട്ട് ഒന്നുമില്ലല്ലോ,  പിന്നെ സുധി വന്ന അവന് വേറെ ഏതെങ്കിലും കുട്ടിയെ ഇഷ്ടമാവുകയാണെങ്കിൽ അതൂടെ നോക്കണമല്ലോ..

താല്പര്യം ഇല്ലാതെ പറഞ്ഞു..

 ” ഒറ്റപെട തരും ഞാൻ.. നീ എന്താ ഈ പറയുന്നത്,  വിവാഹനിശ്ചയം കഴിഞ്ഞിട്ട് ഇനി വേറെ കുട്ടിയെ നോക്കണമെന്നോ.? ഞാൻ അവനോട് വിവാഹ കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ അമ്മേ അമ്മാവനും കൂടെ പോയി ഡേറ്റ് എടുത്തോന്നാണ് പറഞ്ഞത്.  നാളെ തന്നെ നമുക്ക് ഒരു ജ്യോത്സനെ കാണണം.  അത് കഴിഞ്ഞ് വിവാഹത്തിനുള്ള ഡേറ്റ് എടുക്കണം, പിന്നെ മാധവിയെ വിളിച്ച് നീ തന്നെ വേണം വിവാഹ ഡേറ്റിന്റെ കാര്യം.  നീ ഇതുവരെയായിട്ടും ആ കുട്ടിയെയോ മാധവിയോ ഒന്ന് വിളിച്ചിട്ടില്ലല്ലോ, സുധി പോയിട്ട് ഇപ്പോൾ  എത്ര മാസമായി,  ബന്ധുക്കൾ ആവാൻ പോകുന്നവരല്ലേ. അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഒരു സംസാരം വേണ്ടതല്ലേ..?

”  അവർക്ക് ഇങ്ങോട്ട് വിളിക്കാമല്ലോ, ഞാൻ അങ്ങോട്ട് വിളിച്ചാൽ ഫോൺ എടുക്കുന്നു എന്ന് ഉണ്ടോ.?

അല്പം ഇഷ്ടക്കേടോടെ തന്നെ സതി ചോദിച്ചു.

” അവർക്കു മടിയുണ്ടാവും ഇങ്ങോട്ട് വിളിക്കാൻ,  നീ അങ്ങട് വിളിക്കാ വേണ്ടത്, ഇപ്പോൾ തന്നെ ആറെഴ്  മാസായില്ലേ,  ഇതിനിടയിൽ ഒരുവട്ടം പോലും നീ അങ്ങോട്ടൊന്നു വിളിച്ചില്ലന്ന് വച്ചാൽ അത് മോശമായിപ്പോയി,  ഇന്നലെ സുധി വിളിച്ചപ്പോൾ ആണ് ഞാൻ അറിയുന്നത്. നീ ഇതുവരെ അങ്ങോട്ട് വിളിച്ചിട്ടില്ല എന്ന്,..

” അത് സുധി എങ്ങനെ അറിഞ്ഞു..?

 അവരുടെ മുഖത്ത് പെട്ടെന്ന് ഗൗരവം നിറഞ്ഞിരുന്നു,

“അവൻ എങ്ങനെയെങ്കിലും അറിഞ്ഞിട്ടുണ്ടാവും എന്ന് കൂട്ടിക്കോളൂ,  ഇപ്പഴത്തെ കുട്ടികളല്ലേ വിളിയും പറച്ചിലും ഒക്കെ ഉണ്ടാവും,

”  ഓഹോ വിളിയും പറച്ചിലുമൊക്കെ ആയല്ലേ..? കല്യാണത്തിന് മുൻപ് തന്നെ അവൾ എന്റെ കുറ്റം അവനോട് പറഞ്ഞു കൊടുക്കാൻ തുടങ്ങി അല്ലേ..?

താല്പര്യമില്ലാതെ സതി പറഞ്ഞു.

” ഇനി നീ ഇപ്പോൾ അത് അങ്ങനെ വളച്ചൊടിക്കും ഒന്നും വേണ്ട, അവന് ആ കുട്ടിയോട് ചോദിക്കുവോ മറ്റോ ചെയ്തു.  അമ്മയും അമ്മാവനും  അങ്ങട് വിളിക്കുമോന്നോ മറ്റോ,   അപ്പോഴാത്രേ ആ കുട്ടി അത് പറഞ്ഞത് , അല്ലാതെ നീ കരുതുന്നത് പോലെ അവനോട് ഒന്നും ഓതിക്കൊടുത്തത് ആവില്ല ആ കുട്ടി.  അതിനെ കണ്ടാൽ അറിഞ്ഞുകൂടെ, അങ്ങനെ ഒന്നും ചെയ്യണ്ട തരക്കാരി അല്ലന്ന്, ആ കുട്ടി ഇപ്പൾ എന്തോ പഠിക്കുകയാണ്,

അമ്മാവൻ പറഞ്ഞു

” എനിക്ക് ഏതായാലും ആരെയും വിളിക്കാനും സംസാരിക്കാനും ഒന്നും നേരമില്ല,  എന്റെ മക്കളെ പോലും ഞാൻ നന്നായിട്ട് വിളിക്കുന്നില്ല.  പിന്നെ ഡേറ്റ് എടുക്കണമെങ്കിൽ ഞാൻ വരാം,  ഇനിയിപ്പോ ഞാൻ വേണ്ടെന്ന് പറഞ്ഞാലും ഈ കല്യാണം മതിയെന്നും പറഞ്ഞ് ഒറ്റകാലിൽ നിൽക്കുകയല്ലേ  സുധി. അവന്റെ സമ്മതത്തിന് വേണ്ടി ഞാൻ നിന്നുവേന്നെ ഉള്ളൂ, അല്ലാതെ ഈ കാര്യത്തിൽ എനിക്ക് വലിയ താല്പര്യമൊന്നുമില്ല, അതുകൊണ്ട് ഞാൻ അങ്ങോട്ട് വിളിക്കാനും ബന്ധം പുതുക്കാനും ഒന്നും പോണില്ല, ഏട്ടൻ തന്നെ അവനോട് പറഞ്ഞേക്ക്,  മലയാളത്തിൽ ഞാൻ അവനോട് പറഞ്ഞതാ ഈ ബന്ധം വേണ്ട എന്ന്, ഈ ബാധ്യതകൾ എല്ലാം ഏറ്റെടുക്കാൻ അവനും നിർബന്ധമായിരിക്കും. എന്ന് പറഞ്ഞ് ഞാൻ അവളെ സ്നേഹിക്കണോ വേണ്ടയോ എന്നുള്ളത് അവനല്ലല്ലോ തീരുമാനിക്കേണ്ടത്,

സതി വീറോട് പറഞ്ഞു..

” അവൾ ഈ വീട്ടിൽ വന്നു കയറിയ പിന്നെ നിനക്ക് മരുമകൾ അല്ല,  മകളാവണം.  ഒന്നാമത് അവൻ അടുത്തില്ല, ആ കുട്ടിയെ നീ വിഷമിപ്പിക്കാൻ നിൽക്കരുത്,

ഒരു അപേക്ഷ പോലെ അയാൾ പറഞ്ഞു.

” നാളെ കാലത്തെ ഞാൻ വരും നമുക്ക് ആ ഗോവിന്ദൻ ജോത്സ്യനെ പോയി കണ്ടിട്ട്  നല്ലൊരു ഡേറ്റ് എടുക്കാം,

 താല്പര്യമില്ലാതെ അവർ തലയാട്ടിയിരുന്നു.

  വൈകുന്നേരം സുധി വിളിച്ചപ്പോൾ പിറ്റേന്ന് ഡേറ്റ് എടുക്കാൻ പോകുമെന്ന് അവനെ അറിയിക്കുകയും ചെയ്തിരുന്നു,  വൈകുന്നേരം മീരയെ വിളിച്ചപ്പോൾ ഇക്കാര്യത്തെക്കുറിച്ച് അവൻ അവളോട് സംസാരിച്ചിരുന്നു,

“‘ അപ്പോൾ വിവാഹം ഉടനെ ഉണ്ടാവുമോ?

പരിഭ്രമത്തോടെ ചോദിക്കുന്നവളുടെ ചോദ്യം കേട്ടപ്പോൾ അവന് ഒരു അല്പം ഭയം തോന്നിയിരുന്നു.

” എന്താ വിവാഹം വേണ്ടേ..?

”  അങ്ങനെയല്ല എത്ര പെട്ടെന്ന് സമയം പോകുന്നേ…
 സുധിയേട്ടനെ ആദ്യമായിട്ട് കണ്ടതും നമ്മൾ സംസാരിച്ചതും ഒക്കെ ഇന്നലത്തെപ്പോലെ ഇപ്പോഴും മനസ്സിൽ ഇങ്ങനെ നിറഞ്ഞു നിൽക്കുകയാണ്..

അവൻ ഒന്ന് ചിരിച്ചു..

” ഒരു മൂന്നു മാസത്തിനുള്ളിൽ നമ്മുടെ കല്യാണം ഉണ്ടാവും,  എനിക്ക് ഡേറ്റ് അറിഞ്ഞിട്ട് വേണം ലീവിനുള്ള ആപ്ലിക്കേഷൻ കൊടുക്കാൻ,  നേരത്തെ പറയണം ഇല്ലെങ്കിൽ പിന്നെ ഓരോ ആളുകൾക്കും ഓരോ ആവശ്യങ്ങൾ ആവും,  അവസാനം കല്യാണത്തിന് ചെറുക്കൻ കാണില്ല,

ചെറിയ ചിരിയോടെ അവൻ
 പറഞ്ഞു..

”  കല്യാണം കഴിഞ്ഞോൽ പെട്ടെന്ന് പോവുമോ..?

ഏറെ പരിഭവം നിറച്ചൊരു ചോദ്യം,

“പിന്നെ പോവണ്ടേ..?  കിടക്കാണ് ഇനിയും പ്രാരാബ്ധങ്ങൾ ഒരുപാട്..   ശ്രീലക്ഷ്മിയുടെ കല്യാണം,  പിന്നെ നമുക്ക് ഒരു വീട്,   അങ്ങനെ ആവശ്യങ്ങളുടെ ഒരു വലിയ നിര എന്റെ മുൻപിൽ ഉണ്ട്, എങ്ങനെയും ഒരു മൂന്നാലഞ്ച് വർഷം കൂടി നിന്നാലേ ഇതൊക്കെ ഒന്ന് കരയ്ക്കടുപ്പിക്കാൻ കഴിയു… പോകണമെന്ന് എനിക്ക് താല്പര്യമില്ല,  പക്ഷേ ആവശ്യങ്ങൾ ഓർക്കുമ്പോൾ പോവാതിരിക്കാൻ പറ്റില്ലല്ലോ..

 അവളൊന്ന് പതിഞ്ഞ സ്വരത്തിൽ ചിരിച്ചു,

   പിറ്റേന്ന് തന്നെ ഡേറ്റ് എടുത്ത് അമ്മാവൻ സുധിയെ വിളിച്ച് കാര്യം പറഞ്ഞിരുന്നു,  ഒട്ടും താല്പര്യമില്ലാതെയായിരുന്നു സതിയുടെ സംസാരം.  പക്ഷേ സാധ്യത നേരിട്ട് വിളിച്ചു പറഞ്ഞപ്പോൾ മാധവിക്കു ഒരു ചെറിയ സമാധാനം തോന്നിയിരുന്നു, അന്ന് വൈകുന്നേരം ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് ഡേറ്റിന്റെ കാര്യം മാധവി അവളോട് ആയി പറഞ്ഞത്.  ഡേറ്റ് എന്നാണ് എന്ന് സുധി പറഞ്ഞിരുന്നുവെങ്കിലും അത് അറിഞ്ഞതായി അവൾ ഭാവിച്ചിരുന്നില്ല,  ഒരുപാട് ഫോൺവിളിയും മറ്റും ഉണ്ടെന്നറിഞ്ഞാൽ അത് അമ്മയ്ക്ക് ഇഷ്ടമാവില്ലന്ന് അവൾക്ക് ഉറപ്പായിരുന്നു,

”  ഇനിയിപ്പോൾ കൃത്യായിട്ട് പറഞ്ഞാ രണ്ടര മാസം കൂടിയേ ഉള്ളൂ, അതിനുള്ളിൽ എന്തൊക്കെ ചെയ്യണം.. ഈ വീട് മുഴുവൻ ചോർന്നൊലിക്കുകയാണ്. കല്യാണം കഴിഞ്ഞ്  ആ കുട്ടി ഇവിടെ വന്ന് ഇതൊക്കെ കണ്ട്  നിനക്ക് തന്നെയാവും ആ വീട്ടിൽ നാണക്കേട് ഉണ്ടാക്കുക..

” സുധിയേട്ടൻ അങ്ങനെയുള്ള ആളൊന്നുമല്ല,

ആദ്യമായി അവൾ അവനു വേണ്ടി വാദിച്ചു…

“ആയിരിക്കും,  എങ്കിലും നമ്മുടെ ഭാഗത്തുനിന്ന് എല്ലാം ശരിയാവണം, ഞാൻ എങ്ങനെയെങ്കിലും വീട് ചെറുതായിട്ട് ഒന്ന് ശരിയാക്കണം എന്ന് വിചാരിക്കുന്നത്, പൊട്ടിയ ഓടുകളൊക്കെ മാറ്റണം, പിന്നെ നീ കിടക്കുന്ന മുറിക്ക് ഒരു കതക് വയ്ക്കണം, അത് നമുക്ക് അലൂമിനിയം ഫാബ്രിക്കേഷൻകാരെ കൊണ്ട് ചെയ്യിപ്പിക്കാം, ചെറിയൊരു കതക് മതി, അതിനു വലിയ പൈസയൊന്നും ആവില്ലായിരിക്കും. പിന്നെ നമ്മുടെ ബാത്റൂം ഒന്ന് ശരിയാക്കണം,   അതിന്റെയെല്ലാം ഇളകി കിടക്കുകയാണ്.. ഒന്നുകൂടി വൈറ്റ് വാഷ് അടിക്കണം, അത്രയും കാര്യങ്ങൾ ആവുമ്പോൾ തന്നെ നല്ലൊരു തുകയാവും..  ഇതിന്റെ കൂടെ സ്വർണം എടുക്കണം,  നിനക്ക് എല്ലാം കൂടി ഇപ്പൊൾ ഒരു രണ്ട്  പവൻ അല്ലേ കാണുള്ളൂ,

 മാധവി തിരക്കി, അവൾ ഒന്ന് തലയാട്ടി..

” എന്റെയും കുഞ്ഞുമോളുടെയും മീനുന്റെയും കൂട്ടുമ്പോൾ ഒരു ഒന്നര പവനും കൂടി വരുമായിരിക്കും, എങ്കിലും മൂന്നര പവനെ ആവുള്ളൂ, ഒരു ആറര പവനും കൂടി എങ്ങനെയെങ്കിലും റെഡിയാക്കണം, എന്നെക്കൊണ്ട് എങ്ങനെ നോക്കിയാലും ഒരു അഞ്ചു പവന് മേലെ എടുക്കാൻ പറ്റുമോന്ന് തോന്നുന്നില്ല , ചെറുക്കനും അവരുടെ അമ്മയ്ക്കും നാത്തൂനും ഒക്കെ എടുക്കണ്ടേ..? എല്ലാം കൂടി ഒരു 10 പവൻ വേണം. ഈ വീട് അങ്ങോട്ട് ഈട് വച്ചാലോന്ന് ഞാൻ വിചാരിക്കുന്നത്, 5 പവനുള്ള പൈസ ചിട്ടി അടിച്ചു കിട്ടും, നിനക്ക് 10 വയസുള്ളപ്പോൾ തുടങ്ങിയതാണ്, ഇപ്പോൾ ഒരു രണ്ടര ലക്ഷം ആയിട്ടുണ്ട്, പിന്നെ ഒരു 50000 കുടുംബശ്രീയിൽ നിന്ന് ലോൺ എടുക്കാം 

 അവളൊന്ന് അമ്പരന്നിരുന്നു.  ഒരു നിമിഷം അവൾക്ക് വേദന തോന്നിയിരുന്നു,  താൻ വിവാഹം കഴിച്ചു പോയതിനുശേഷം അമ്മയെ കടക്കാരി ആക്കുന്നതിനെ കുറിച്ച് അവൾക്ക് ചിന്തിക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല.  ഒന്നും മിണ്ടാതെ അവൾ ഭക്ഷണം കഴിച്ചു, 

പിറ്റേന്ന് സുധി വിളിച്ചപ്പോൾ അവളുടെ സ്വരത്തിലെ വിഷാദം മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു,  കാര്യം തിരക്കിയെങ്കിലും ഒന്നും മിണ്ടാതെ അവൾ ഒഴിഞ്ഞു മാറുകയായിരുന്നു എന്നാൽ അവന്റെ നിർബന്ധത്തിനു വഴങ്ങി മാധവി പറഞ്ഞ കാര്യത്തെക്കുറിച്ച് അവൾക്ക് പറയേണ്ടതായി വന്നിരുന്നു

”  ഞാൻ പറഞ്ഞതല്ലേ ഒന്നും വേണ്ടെന്ന്,  പിന്നെന്തിനാ ഈ പൊട്ടും പൊടിയും ഒക്കെ ഒരുമിച്ച് ഇത്രയും സ്വർണം തരുന്നത്,  അതിന്റെ ഒരാവശ്യവുമില്ല, പ്രത്യേകിച്ച് എനിക്ക്,

”  അമ്മയുടെ ആഗ്രഹം അല്ലേ സുധിയേട്ടാ ഞാൻ പറഞ്ഞാലും അമ്മ കേൾക്കില്ല,

” അഞ്ചു പവൻ ഉള്ള ചിട്ടിയുടെ പണം എവിടുന്നോ റെഡിയാക്കിയിട്ടുണ്ടെന്ന് അല്ലേ പറഞ്ഞത് ,  കുറെ കാലമായിട്ടുള്ള സമ്പാദ്യം ആണ് അത്, എന്റെ കല്യാണത്തിന് വേണ്ടി തന്നെ അമ്മ മാറ്റിവച്ചത് ആണ്..

” എങ്കിൽ അഞ്ചു പവൻ മാത്രം മതി എന്ന് താൻ പറ,  ഞാൻ പറഞ്ഞു എന്ന് പറഞ്ഞാൽ മതി.

”  അമ്മ ഞാൻ അത് പറഞ്ഞാൽ കേൾക്കില്ല സുധിയേട്ടാ,  പത്തു പവൻ തരാമെന്ന് അമ്മ ഉറപ്പ് പറഞ്ഞതല്ലേ..?

” മീര എനിക്ക് ഒരു പവൻ പോലും വേണ്ട,  തന്റെ അമ്മയുടെ നിർബന്ധത്തിനാണ് ഞാൻ അഞ്ചു പവൻ എങ്കിലും തന്നോളാൻ പറഞ്ഞത്.  ബാക്കി  ഇമിറ്റേഷൻ ഇട്ടാൽ മതി, ഇത് ആരോടും പറയാതെ അല്ലല്ലോ ഞാനറിഞ്ഞു കൊണ്ടല്ലേ..?  ഇത് എന്റെ തീരുമാനമാണ്,  തന്റെ അമ്മയോട് പറഞ്ഞേക്ക് അല്ലാതെ എന്തെങ്കിലും സ്വർണം തന്നു വിടുകയാണെങ്കിൽ ഞാൻ ഈ വിവാഹം രജിസ്റ്റർ മാരേജ് ആക്കി മാറ്റുമെന്ന് . അപ്പൊൾ പിന്നെ ഈ സ്വർണവും പണത്തിന്റെയും ഒന്നും ആവശ്യമില്ലല്ലോ..  ഒരു ഒപ്പിൽ കാര്യം കഴിയുമല്ലോ, പതിവിലും ഉറച്ചതായിരുന്നു അവന്റെ സ്വരം.  പതിവില്ലാതെ അവന്റെ സ്വരത്തിൽ നിറഞ്ഞു നിന്ന ഗൗരവം അവൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു. ആ ഗൗരവം എത്രത്തോളം വലുതാണെന്ന് മനസ്സിലാക്കാൻ ഫോൺ വെച്ച് നിമിഷങ്ങൾക്കകം മാധവിയുടെ ഫോണിലേക്ക് അവന്റെ വിളി എത്തിയപ്പോൾ മീരയ്ക്ക് മനസ്സിലായിരുന്നു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button