Gulf

ദുബൈ മെട്രോയില്‍ യാത്ര ചെയ്തത് 13.3 കോടി യാത്രക്കാര്‍

ദുബൈ: ദുബൈ മെട്രോയുടെ ഗ്രീന്‍ റെഡ് ലൈനുകള്‍ സംയുക്തമായി കൈകാര്യം ചെയ്തത് 13.3 കോടി യാത്രക്കാരെ. വര്‍ഷത്തിന്റെ ആദ്യ ആറു മാസത്തെ കണക്കിലാണ് ഇത്രയും യാത്രക്കാര്‍ മെട്രോ സംവിധാനം ഉപയോഗപ്പെടുത്തിയതെന്ന് ആര്‍ടിഎ ബോര്‍ഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയരക്ടേഴ്‌സ് ചെയര്‍മാന്‍ ആന്റ് ഡയരക്ടര്‍ ജനറല്‍ മത്താര്‍ അല്‍ തായര്‍ പറഞ്ഞു. 

ഏറ്റവും തിരക്കേറിയ മെട്രോ സ്‌റ്റേഷന്‍ റെഡ് ഗ്രീന്‍ ലൈനുകള്‍ സംഗമിക്കുന്ന ബുര്‍ജ്മാനും യൂണിയനുമാണ്. ബുര്‍ജ്മാന്‍ 78 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തപ്പോള്‍ യൂണിയനിലൂടെ കടന്നുപോയത് 63 ലക്ഷം യാത്രക്കാരാണ്. 

ദുബൈ മെട്രോയിലെ റെഡ് ലൈനിലെ ഏറ്റവും തിരക്കേറിയ മെട്രോ സ്‌റ്റേഷന്‍ എന്ന പദവി അല്‍ റിഗ്ഗക്ക് സ്വന്തം. വര്‍ഷത്തിന്റെ ആദ്യ ആറു മാസത്തെ കണക്കെടുക്കുമ്പോഴാണ് അല്‍ റിഗ്ഗ 62 ലക്ഷം യാത്രക്കാരുമായി ഒന്നാമതെത്തിയിരിക്കുന്നത്. 56 ലക്ഷം യാത്രക്കാരുമായി മാള്‍ ഓഫ് ദ എമിറേറ്റ് രണ്ടാമതും 52 ലക്ഷം യാത്രക്കാരുമായി ബിസിനസ് ബേ മൂന്നാമതുമെത്തി. 

ഗ്രീന്‍ ലൈനില്‍ ഏറ്റവും തിരക്കുപിടിച്ച മെട്രോ സ്‌റ്റേഷന്‍ 47 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത ഷറാഫ് ഡിജിയാണ്. രണ്ടാമതായി 41 ലക്ഷം യാത്രക്കാരുള്ള ബനിയാസ് സ്‌ക്വയറും മൂന്നാമത് 33 ലക്ഷം യാത്രക്കാരുള്ള സ്റ്റേഡിയവുമാണ് സ്ഥാനം പിടിച്ചത്.

എമിറേറ്റിലെ പൊതുഗതാഗത മാര്‍ഗങ്ങളില്‍ യാത്രക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് ദുബൈ മെട്രോതന്നെ. ആര്‍ടിഎ ബസുകള്‍, മെട്രോ, ട്രാം, ടാക്‌സികള്‍, ഇ-ഹെയ്ല്‍ സര്‍വിസുകള്‍, കടലിലെ വിവിധ ഗതാഗത സംവിധാനങ്ങള്‍, സ്മാര്‍ട്ട് റെന്റല്‍ വാഹനങ്ങള്‍, ഓണ്‍ ഡിമാന്റ് ബസുകള്‍ തുടങ്ങിയ പൊതുഗതാഗത മാര്‍ഗങ്ങളില്‍ നിന്നുമാണ് ജനപ്രീതിയില്‍ മെട്രോ ഒന്നാമതെത്തിയിരിക്കുന്നത്. 

മൊത്തം യാത്രക്കാരില്‍ 37 ശതമാനവും തങ്ങളുടെ യാത്രകള്‍ക്കായി തെരെഞ്ഞെടുത്തത് മെട്രോയെയാണ്. 27 ശതമാനം ടാക്‌സികളെ ആശ്രയിച്ചപ്പോള്‍ 24.5 ശതമാനമാണ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളില്‍ യാത്രചെയ്തത്. 2024 ജനുവരിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ പൊതുഗതാഗതത്തിന്റെ ഭാഗമായത്. 6.5 കോടി യാത്രക്കാരാണ് ജനുവരിയില്‍ മാത്രം യാത്രചെയ്തത്.

Related Articles

Back to top button