Kerala
വെങ്ങാനൂരിൽ ആറാം ക്ലാസുകാരന് ക്രൂര മർദനം; അധ്യാപകനെതിരെ കേസെടുത്തു

വിഴിഞ്ഞം വെങ്ങാനൂരിൽ ആറാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്തു. കുട്ടിയുടെ അമ്മയുടെ പരാതിയിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അധ്യാപകൻ സെബിനെതിരെ കേസെടുത്തത്. വെങ്ങാനൂർ വിപിഎസ് മലങ്കര സ്കൂളിൽ തിങ്കളാഴ്ചയാണ് സംഭവം
സെബിന്റെ വാഹനം മർദനമേറ്റ കുട്ടിയുടെ വീടിനടുത്ത് വെച്ച് അപകടത്തിൽപ്പെട്ടിരുന്നു. ഇക്കാര്യം കുട്ടി സ്കൂളിലെത്തി സഹപാഠികളോട് പങ്കുവെച്ചു. ഇതാണ് മർദനത്തിന് കാരണം. സ്റ്റാഫ് റൂമിലേക്ക് വിളിച്ചു കൊണ്ടുപോയി കുട്ടിയെ മർദിക്കുകയായിരുന്നു
മർദനം സഹിക്കാനാകാതെ കുട്ടി സ്റ്റാഫ് മുറിയിൽ നിന്ന് ഇറങ്ങിയോടി. എന്നാൽ സെബിൻ വീണ്ടും കുട്ടിയെ വിളിച്ചു വരുത്തി മർദിച്ചു. ചൂരൽ ഒടിയുന്നതുവരെ മർദിച്ചതായാണ് ആരോപണം. കുട്ടിയുടെ ശരീരത്തിൽ മർദനത്തിന്റെ പാടുകളുമുണ്ട്.