രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇ ഡി
നാഷണൽ ഹെറാൾഡ് കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. അന്വേഷണം പൂർത്തിയാക്കി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് രാഹുലിനെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത്. കേസിൽ 751 കോടി രൂപയുടെ സ്വത്ത് നേരത്തെ ഇഡി കണ്ടുകെട്ടിയിരുന്നു
കുറ്റപത്രം സമർപ്പിക്കുന്നതോടെ കേസിൽ വിചാരണ നടപടികൾ ആരംഭിക്കും. കേസുമായി ബന്ധപ്പെട്ട് 2022 ജൂണിൽ നാല് തവണയായി നാൽപത് മണിക്കൂറിലേറെ രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തിരുന്നു. നാഷണൽ ഹെറാൾഡ് പത്രം നടത്തുന്ന അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് കമ്പനിയിലെ യംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി പങ്കാളിത്തം സംബന്ധിച്ചാണ് കേസ്
ഗാന്ധി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയും എജെഎല്ലും തമ്മിലുള്ള ഇടപാടിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇഡി പറയുന്നത്. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ പരാതി നൽകിയത്