പള്ളികളുടെ നടുമുറ്റങ്ങളില്‍ 10,000 മരങ്ങള്‍ നട്ടുപിടിപ്പിക്കും
അബുദാബി: പ്ലാന്റ് ദ എമിറേറ്റ്‌സ് പദ്ധതിയുടെ ഭാഗമായി പള്ളികളുടെ നടുമുറ്റങ്ങളില്‍ 10,000 മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ യുഎഇ സര്‍ക്കാര്‍ ഒരുങ്ങുന്നു. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ കൃഷിയോടും മനുഷ്യനോടുമുള്ള അതിരറ്റ ബഹുമാനത്തെ സ്മരിക്കാനായാണ് പദ്ധതി നടപ്പാക്കുന്നത്. ആയിരക്കണക്കിന് മനോഹരമായ പള്ളികളുടെ കൂടി നാടാണ് യുഎഇ.
ഇസ്‌ലാമിക വാസ്തുശില്‍പ സൗന്ദര്യം വഴിഞ്ഞൊഴുകുന്നവയാണ് യുഎഇയിലെ പള്ളികള്‍. മരങ്ങളും പൂച്ചെടികളുമെല്ലാം വെച്ചുപിടിപ്പിച്ച് കാഴ്ചക്ക് നയനാന്ദകരവുമാണ് ഇവ. ഇവിടങ്ങളിലാണ് പുതുതായി പതിനായിരം മരങ്ങള്‍ കൂടി വെച്ചുപിടിപ്പിക്കുക. പള്ളികള്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് പ്ലാന്റ് അവര്‍ മോസ്‌ക് എന്നാണ് പേരിട്ടിരിക്കുന്നത്. കാലാവസ്ഥാ മാറ്റത്തിനും പരിസ്ഥിതിക്കുമായുള്ള മന്ത്രാലയമാണ് ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ്, എന്റോവ്‌മെന്റ്‌സ് ആന്റ് സക്കാത്തുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുന്നത്.