അര്‍ബുദ രോഗിള്‍ക്ക് കൈത്താങ്ങാവാന്‍ ലോകം ചുറ്റിപ്പറക്കാന്‍ 19 കാരന്‍
ഏഴ് ഭൂഖണ്ഡങ്ങളും ചുറ്റി വിമാനം പറത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ചൈനീസ് അമേരിക്കന്‍ വംശജനായ ഈ യുവാവ്
ദുബൈ: അധികമാര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന കാര്യമല്ല ഒരു ചെറുവിമാനത്തില്‍ ലോകത്തെ വലംവയ്ക്കുകയെന്നത്. എന്നാല്‍ അത്തരം ഒന്ന് സാധ്യമാക്കുകയാണ് ഏഥന്‍ ഗുവൊയെന്ന 19 കാരന്‍. അര്‍ബുദ രോഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കും ബിഗ് സി യോദ്ധാക്കളുടെ ചികിത്സ ഉറപ്പാക്കാനുമായി 10 ലക്ഷം യുഎസ് ഡോളര്‍ സമാഹരിക്കുകയെന്ന മഹത്തായ ലക്ഷ്യമായി ഏഴ് ഭൂഖണ്ഡങ്ങളും ചുറ്റി വിമാനം പറത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ചൈനീസ് അമേരിക്കന്‍ വംശജനായ ഈ യുവാവ്.
യുഎസിലെ ടെന്നസി സംസ്ഥാനത്തെ മെംഫിസില്‍നിന്നായിരുന്നു മേയ് മാസത്തില്‍ ഈ ഐതിഹാസിക യാത്രക്ക് തുടക്കമായത്. ചെന്നെത്തുന്ന രാജ്യങ്ങളിലെ ആശുപത്രികളിലെ ഡോക്ടര്‍മാരുമായും രോഗികളുമായുമെല്ലാം കൂടിക്കാഴ്ച നടത്തും. കുട്ടികളിലെ അര്‍ബുദത്തിനെതിരേ രാജ്യാന്തരതലത്തില്‍ ബോധവത്കരണംകൂടി ലക്ഷ്യമിട്ടാണ് യാത്ര.
തന്റെ യാത്രയുടെ ഭാഗമായി ഇപ്പോള്‍ റിയാദിലുള്ള ഏഥന്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയും സന്ദര്‍ശിച്ച ശേഷമാവും യുഎഇയിലേക്കു പറക്കുക. യുഎഇയിലെ ജനങ്ങള്‍ അതിഥികളെ ഊഷ്മളമായി സ്വീകരിക്കുന്നവരും അളവറ്റു സ്‌നേഹിക്കുന്നവരും പിന്തുണക്കുന്നവരുമാണെന്നു കേട്ടിട്ടിരിക്കുന്നതായും സ്ഥിരോത്സാഹിയായ ഈ യുവാവ് പറഞ്ഞുവയ്ക്കുന്നു. ഈ മാസം 19ന് ദുബൈയിലേക്കു എത്താനാണ് പദ്ധതി.
150 ദിവസത്തിനകം 60 രാജ്യങ്ങളില്‍ ചെന്നെത്തുകയെന്ന മഹത്തായ ലക്ഷ്യമാണ് ഇദ്ദേഹത്തിനുള്ളത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ ഇന്ത്യയും ജപ്പാനുമെല്ലാം പറക്കല്‍ ഭൂപടത്തില്‍ ഇടംപിടിക്കും. യാത്ര പൂര്‍ത്തിയാവുമ്പോല്‍ 80,000 കിലോമീറ്റര്‍ പിന്നിട്ടിരിക്കും. ഇതോടെ ചെറുവിമാനം പറത്തി ഏഴു ഭൂഖണ്ഡങ്ങളും പിന്നിടുന്ന ഏറ്റവും പ്രായം കുറഞ്ഞ മനുഷ്യനെന്ന ലോക റെക്കാര്‍ഡും സ്വന്തമാക്കാന്‍ കഴിയുമെന്നാണ് ഏഥന്‍ പ്രതീക്ഷിക്കുന്നത്.