45 കോടി ചെലവഴിച്ചു നിര്‍മിച്ച ഹിന്ദി ചിത്രം; കിട്ടിയത് 70,000 രൂപ മാത്രം
മുംബൈ: ഒരു സിനിമയെന്നാല്‍ ഒരുപാട് ആളുകളുടെ അധ്വാനവും സ്വപ്‌നവും കണ്ണീരുമെല്ലാം ഉള്‍ച്ചേര്‍ന്നതാണ്. ഒരൊറ്റ സിനിമകൊണ്ട് തലവര മാറിമറിഞ്ഞ അനേകം സംവിധായകരും നടന്മാരുമെല്ലാം നമ്മുടെ സിനിമകളിലുമുണ്ട്. എന്നാല്‍ ബോളിവുഡ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ സിനിമ ഏതെന്ന് ചോദിച്ചാല്‍ ഒറ്റയടിക്ക് പറയാനാവുന്ന പേരാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദ ലേഡി കില്ലര്‍.
അജയ് ബാല്‍ സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ അര്‍ജുന്‍ കപൂറും ഭൂമി പഡ്‌നേക്കറുമായിരുന്നു മുഖ്യവേഷത്തില്‍ എത്തിയത്. പ്രിയങ്ക ബോസ്, സൃഷ്ടി ശ്രീവാസ്തവ, ഏകവലി ഖന്ന തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.
2023 നവംബര്‍ മൂന്നിന് റിലീസ് ചെയ്ത ചിത്രത്തിന് ഇന്ത്യയിലുടനീളമുള്ള തിയറ്ററുകളില്‍ ആദ്യ ദിനത്തില്‍ വിറ്റത് 293 ടിക്കറ്റുകള്‍ മാത്രമായിരുന്നു. കിട്ടിയതാകട്ടെ 38,000 രൂപയും. ഇതുകൊണ്ടാണ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ബോംബുകളിലൊന്നായി ചിത്രം മാറിയത്.
തിയറ്ററില്‍ വമ്പന്‍ പരാജയം രുചിച്ച ചിത്രം ഒടുവില്‍ നിര്‍മാതാക്കളായ ടി സീരിസിന്റെ യുട്യൂബില്‍ റിലീസ് ചെയ്യുകയായിരുന്നു. ഇതുവരെ രണ്ടു മില്യണ്‍ വ്യൂസുണ്ട്. എന്നാല്‍ കമന്റ് വായിക്കാനെത്തിയതെന്നാണ് പലരുടെയും പരിഹാസം. നിരവധി എഡിറ്റിംഗ് കട്ടുകളും വോയ്സ്ഓവറുകളും ഉപയോഗിച്ച് ഇത് അപൂര്‍ണ്ണമായി പുറത്തിറങ്ങി എന്നും അന്ന് പരാതി ഉയര്‍ന്നിരുന്നു.
ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കൈയൊഴിഞ്ഞ ചിത്രത്തിന് ചെലവാക്കിയ തുകയുടെ ഒരു ശതമാനം വരുമാനംപോലും തിരിച്ചുപിടിക്കാന്‍ സാധിച്ചില്ലെന്നത് ഏറെ ദയനീയമായ കാര്യമാണ്. സംവിധായകന്‍ പരാജയ കാരണം വെളിപ്പെടുത്തിയപ്പോള്‍ തിരക്കഥയില്‍ 30ലേറെ പേജുകള്‍ ചിത്രീകരിച്ചില്ലെന്നും അതിന് ഇടയാക്കിയത് നിര്‍മാതാക്കളുടെ നിസ്സഹകരണമായിരുന്നെന്നും പറഞ്ഞിരുന്നു. എസ്റ്റിമേറ്റ് ബജറ്റ് കടന്നുപോയതാണ് കാരണം. നാലോ, അഞ്ചോ കോടി രൂപകൂടി മുടക്കാന്‍ നിര്‍മാതാക്കള്‍ തയാറായിരുന്നെങ്കില്‍ സിനിമ നല്ല രീതിയില്‍ പൂര്‍ത്തിയാവുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.