ഒമാനില്‍ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ 5.1 ശതമാനത്തിന്റെ വര്‍ധനവ്
മസ്‌കറ്റ്: ഒമാനില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 5.1 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായതായി ഒമാന്‍ ദേശീയ സ്ഥിതി വിവര കേന്ദ്രം അറിയിച്ചു. 2024 സെപ്റ്റംബര്‍ വരെയുള്ള യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഇതേ കാലത്തെ യാത്രക്കാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് വര്‍ധനവ് ദൃശ്യമാവുന്നത്. ഈ വര്‍ഷം സെപ്തംബര്‍ അവസാനംവരെ 11,102,451 ദശലക്ഷം യാത്രക്കാരാണ് 82,521 വിമാനങ്ങളിലായി ഒമാനിലെ വിമാനത്താവളങ്ങള്‍ വഴി കടന്നുപോയിരിക്കുന്നത്. 2023ല്‍ സെപ്റ്റംബര്‍ അവസാനം വരെ 10,565,754 ദശലക്ഷം യാത്രക്കാരാണ് കടന്നുപോയിരുന്നത്. 80,065 വിമാനങ്ങളിലായാണ് ഇത്രയും യാത്രക്കാര്‍ ഒമാനിലൂടെ കടന്നുപോയത്.
മസ്‌ക്കത്ത് രാജ്യാന്തര വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ കടന്നുപോയത്. 66,207 രാജ്യാന്തര വിമാനങ്ങളിലായി 88,46,484 ദശലക്ഷം യാത്രക്കാര്‍ കടന്നുപോയപ്പോള്‍ 6,930 ഡൊമസ്റ്റിക് ഫ്‌ളൈറ്റുകളിലായി 9,18,046 യാത്രക്കാരും യാത്രചെയ്തു. രണ്ടാം സ്ഥാനത്ത് സലാല വിമാനത്താവളമാണ്. ഇതുവഴി 12,30,326 യാത്രക്കാരാണ് യാത്രചെയ്തത്. 2023ലെ ഇതേ കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 6.8 ശതമാനം വര്‍ധനവാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായത്. വിമാനങ്ങളുടെ എണ്ണത്തില്‍ 0.6 ശതമാനം വര്‍ധനവും ഉണ്ടായി. വിമാന യാത്രക്കാരുടെ എണ്ണത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് ഇന്ത്യക്കാരാണ്. 1,49,561 പേര്‍ ആണ് ഈ കാലയളവില്‍ ഇന്ത്യയില്‍ നിന്ന് ഒമാനിലേക്ക് യാത്ര ചെയ്തത്. തൊട്ടു പുറകില്‍ ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യത്ത് നിന്നുള്ളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.