
ഓബർഹോഫെൻ: കഴിഞ്ഞ മാർച്ചിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ സ്കീ ജമ്പിംഗ് സ്യൂട്ടുകളിൽ കൃത്രിമം കാണിച്ചതിന് നോർവീജിയൻ ടീമിലെ രണ്ട് ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാക്കളായ മാരിയസ് ലിൻഡ്വിക്, ജോഹാൻ ആന്ദ്രേ ഫോർഫാങ് എന്നിവർക്ക് മൂന്ന് മാസത്തെ വിലക്ക്. ഇന്റർനാഷണൽ സ്കീ ആൻഡ് സ്നോബോർഡ് ഫെഡറേഷന്റെ (എഫ്ഐഎസ്) എത്തിക്സ് കമ്മിറ്റി നിർദ്ദേശിച്ച ശിക്ഷ സ്വീകരിക്കാൻ ഇരുവരും തയ്യാറാണെന്ന് എഫ്ഐഎസ് അറിയിച്ചു.
മത്സരത്തിൽ കൂടുതൽ ദൂരം പറക്കാൻ സഹായിക്കുന്ന തരത്തിൽ സ്യൂട്ടുകളിൽ കൃത്രിമം നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. വിമാനം പോലെ കൂടുതൽ വേഗത ലഭിക്കാൻ സഹായിക്കുന്ന രീതിയിൽ സ്യൂട്ടിന്റെ അളവുകൾ മാറ്റിയാണ് നോർവീജിയൻ ടീം ക്രമക്കേട് കാണിച്ചത്. ഇതിനെത്തുടർന്ന് ഓസ്ട്രിയ, സ്ലോവേനിയ, പോളണ്ട് എന്നീ ടീമുകൾ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചിരുന്നു.
മാർച്ചിൽ ഇരുവരെയും താൽക്കാലികമായി സസ്പെൻഡ് ചെയ്തിരുന്നു. സ്യൂട്ടുകളിൽ നടന്ന തിരിമറിയെക്കുറിച്ച് ഇവർക്ക് നേരിട്ടുള്ള അറിവുണ്ടായിരുന്നില്ലെങ്കിലും, രാത്രിയിൽ നടന്ന മാറ്റങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയും പരിശോധിക്കുകയും ചെയ്യേണ്ടിയിരുന്നുവെന്ന് എഫ്ഐഎസ് അറിയിച്ചു.
മൂന്ന് മാസത്തെ വിലക്കിൽ ഇരുവരും ഇതിനോടകം അനുഭവിച്ച താൽക്കാലിക സസ്പെൻഷൻ കാലയളവും ഉൾപ്പെടും. ഇതോടെ അടുത്ത വർഷം ഫെബ്രുവരിയിൽ വടക്കൻ ഇറ്റലിയിൽ നടക്കുന്ന വിന്റർ ഒളിമ്പിക്സിൽ ഇരുവർക്കും മത്സരിക്കാൻ സാധിക്കും. സംഭവം നോർവേയുടെ കായിക ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.