Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 85

രചന: റിൻസി പ്രിൻസ്

അത് പിന്നെ സുധിയേട്ടാ, ഒരിക്കൽ കുടിച്ചിട്ടോ മറ്റോ ആയിരിക്കും എന്നോട് മോശമായിട്ട് സംസാരിച്ചിരുന്നു. അതിനുള്ള മറുപടി ഞാൻ അന്ന് തന്നെ കൊടുത്തു… പിന്നെ അങ്ങനെ ഒരു സമീപനവും ആയിട്ട് എന്റെ അടുത്ത് വന്നിട്ടില്ല…

മീരയിൽ നിന്ന് കൂടി ആ സത്യം അറിഞ്ഞപ്പോൾ തകർന്നു പോയിരുന്നു സുധി

” ഇതുവരെ താനെന്താ ഇക്കാര്യം എന്നോട് പറയാതിരുന്നത്.? ഞാൻ ഇക്കാര്യം അറിയണ്ടേ.?

കണ്ണുനീരിലും അല്പം ഗൗരവത്തോടെ അവൻ ചോദിച്ചു.

” ഇതുപോലെ തകർന്നിരിക്കുന്നത് കാണാൻ എനിക്ക് വയ്യാത്തോണ്ടാ പറയാതിരുന്നത്, എങ്കിലും ഒരിക്കൽ പറയണം എന്ന് മനസ്സിൽ വിചാരിച്ചിരുന്നു.. പിന്നെ ഇതിനൊക്കെ ചുട്ട മറുപടി കൊടുക്കാൻ എനിക്കറിയാമല്ലോ,

” എങ്കിലും നിന്റെ മുഖത്തുനോക്കി എങ്ങനെ അവന് ചോദിക്കാനുള്ള മനസ്സ് തോന്നി,

അവൻ പറഞ്ഞു

“നമ്മൾ വിചാരിക്കുന്ന പോലെയല്ല സുധിയേട്ട എല്ലാവരും, എല്ലാവരുടെയും മനസ്സ് നമ്മൾ പുറമേ കാണുന്ന പോലെ ആയിരിക്കണം എന്നില്ല.

” സത്യം ഞാനിപ്പോൾ ഓരോരോ കാര്യങ്ങൾ ആയിട്ട് പഠിച്ചു കൊണ്ട് വരികയാണ്, ജീവിതത്തിൽ ആരെ വിശ്വസിക്കണം വിശ്വസിക്കേണ്ട എന്ന് അറിയാത്ത ഒരു അവസ്ഥയിലാണ് ഞാനിപ്പോൾ.

” ഇതൊന്നും ഓർത്ത് സുധിയേട്ടൻ വിഷമിക്കേണ്ട, അത് കഴിഞ്ഞില്ലേ.? നമുക്ക് ഒരാളെ മനസ്സിലായി കഴിഞ്ഞാൽ പിന്നെ നമ്മൾ അത് കണ്ടല്ലേ അയാളോട് നിൽക്കു, മാത്രമല്ല ആ സംഭവത്തിന് ശേഷം ഞാൻ അയാളെ കണ്ടിട്ടുമില്ല അയാൾ ഇങ്ങോട്ട് വന്നിട്ടില്ല, സുധിയേട്ടൻ അതോർത്ത് വിഷമിക്കാതെ. വളരെ കുറച്ച് ദിവസത്തെ ലീവ് ഉള്ളൂ എന്നല്ലേ പറഞ്ഞത് അതിനിടയിൽ ഇങ്ങനെ ഇത്തരം കാര്യങ്ങളൊക്കെ ഓർത്ത് വിഷമിച്ചാൽ പിന്നെ നമ്മുടെ സന്തോഷങ്ങളൊക്കെ ഇല്ലാതായി പോകില്ലേ…?

അവന്റെ കവിളിൽ തഴുകികൊണ്ട് അവൾ ചോദിച്ചു, ആ നിമിഷം അവൾ തനിക്കൊരു അമ്മ കൂടി ആവുകയാണെന്ന് അവന് തോന്നിയിരുന്നു. ആ സമയത്ത് ഏറ്റവും കൂടുതൽ തനിക്ക് വേണ്ടത് ഒരു ആശ്വാസമായിരുന്നു. അവനെ ചേർത്തുപിടിച്ച് അവൾ തന്നോട് അടുപ്പിച്ച് കവിളിൽ തഴുകി കൊണ്ടേയിരുന്നു,

” നീയെന്താ എന്നോട് പറയണമെന്ന് പറഞ്ഞത്… ഇക്കാര്യത്തെക്കുറിച്ച് ആയിരുന്നോ..?

ഇതിനിടയിൽ അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. ആ നിമിഷമാണ് ഞാൻ അർജുന്റെ കാര്യം അവനോട് പറഞ്ഞില്ലല്ലോ എന്ന് അവൾ ഓർമിച്ചത്.

” അത്… ഇതല്ല വേറൊരു കാര്യം, ഇപ്പോൾ പറഞ്ഞ സുധിയേട്ടന് വിഷമം ആവുകയുള്ളൂ. കുറച്ചു കഴിഞ്ഞ് ഞാൻ പറയാം, എന്താണെങ്കിലും സുധീയേട്ടനോട് പറയാതെ എനിക്കും പറ്റില്ല,

” ഇതിലും വലുതായിട്ട് ഇനിയെന്ത് വിഷമം വരാനാ.. എന്താണെങ്കിലും നീ പറഞ്ഞൊ

സുധി അവളോട് പറഞ്ഞു.

” ഇപ്പോൾ പറഞ്ഞാൽ ശരിയാവില്ല സുധിയേട്ടാ, സുധിയേട്ടൻ പോയി ഒന്ന് കുളിച്ച് ഫ്രഷ് ആയിട്ട് വാ…

അവളെ എതിർക്കാൻ അവന് തോന്നിയില്ല… നേരെ ബാത്റൂമിലേക്ക് കയറി കുളിയൊക്കെ കഴിഞ്ഞ് അവൻ പുറത്തിറങ്ങിയപ്പോൾ പുറത്ത് സതി അവനെ കാത്തുണ്ടായിരുന്നു.

” എടാ ഭക്ഷണം കഴിക്കേണ്ട നീ വന്നപ്പോൾ തൊട്ട് പെണ്ണുമ്പിള്ളേം കെട്ടിപ്പിടിച്ച് മുറിയിൽ തന്നെ ഇരിക്കുകയാണല്ലോ… മറ്റാരും വേണ്ടേ?

അല്പം ദേഷ്യത്തോടെ ചോദിച്ചപ്പോൾ ദേഷ്യം ആണ് സുധിയ്ക്ക് വന്നത് എങ്കിലും അവൻ ഒന്നും സംസാരിച്ചില്ല.

” ഭക്ഷണം കഴിക്കാൻ അമ്മ മീരേ വിളിച്ചോ.?

അല്പം ഗൗരവത്തോടെ തന്നെ അവൻ ചോദിച്ചു.

” നിന്റെ ഭാര്യയേ ഞാൻ ഇനി അവൾ ഇരിക്കുന്നിടത്ത് ചെന്ന് വിളിക്കണമായിരിക്കും.. വിശപ്പ് ഉണ്ടെങ്കിൽ വേണമെങ്കിൽ വന്നു കഴിക്കും,

” എങ്കിൽ പിന്നെ അവൾക്ക് വിശക്കുമ്പോൾ ഞാനും വന്നു കഴിച്ചോളാം…

അതും പറഞ്ഞു സുധി തിരിച്ചു പോയപ്പോൾ വല്ലാത്ത ദേഷ്യം തോന്നിയിരുന്നു സതിയ്ക്ക്…

” നീയെന്താ എന്നോട് വഴക്കിനിറങ്ങിയിരിക്കുകയാ..? അവൾ പറഞ്ഞു തന്നതാണോ ഇങ്ങനെയൊക്കെ. എന്നോട് പറയണമെന്ന്

” അമ്മ എന്തു പറഞ്ഞാലും എന്തിനാ മീരെ കുറ്റപ്പെടുത്തുന്നത്, അമ്മയ്ക്ക് ഇഷ്ടപ്പെടാതെ ആണ് ഞാൻ അവളെ വിവാഹം കഴിച്ചത് എന്ന് പറഞ്ഞ് ഒരു മനുഷ്യൻ സഹിക്കുന്നതിനും ഒരു പരിധിയുണ്ട്. ഇതിപ്പോ എല്ലാംകൊണ്ടും ആ പരിധി കഴിഞ്ഞ് നിൽക്കുകയാണ് ഞാൻ… സർവ്വം തകർന്നു നിൽക്കുകയാണ്, അമ്മ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്…..

” എടാ നീ ഇവിടുന്ന് പോയിക്കഴിഞ്ഞാൽ നിന്റെ ഭാര്യയുടെ അഹങ്കാരം മുഴുവൻ കാണേണ്ടത് ഞാനും ഈ വീട്ടിലുള്ളവരും ആണ്… അത് ചോദ്യം ചെയ്യാൻ ചെന്നത് അവൾക്ക് ഇഷ്ടപ്പെട്ടില്ല. അവൾ എന്തൊക്കെയോ നുണ പറഞ്ഞ് നിന്നെ ഞങ്ങളിൽ നിന്നും അകറ്റി വെച്ചിരിക്കുകയാണ്

“ഏതായാലും എന്റെ ഭാര്യയുടെ അഹങ്കാരം ഇനിമുതൽ അമ്മ കാണണ്ട, അതിനുള്ള സജ്ജീകരണങ്ങൾ ഞാൻ ഒരുക്കിക്കോളാം. എനിക്കിപ്പോ അവളെ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ…

അത്രയും പറഞ്ഞ് അവൻ മുറിക്കുള്ളിലേക്ക് പോയപ്പോൾ എന്ത് മറുപടി പറയണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു സതി. ഒരു തുറന്ന യുദ്ധത്തിന് തയ്യാറായി തന്നെയാണ് സുധി എത്തിയിരിക്കുന്നത് എന്ന് അവർക്ക് മനസ്സിലാക്കാൻ സാധിച്ചു… അവനോട് കൊമ്പ് കോർക്കാൻ നിൽക്കുന്നത് ശരിയാവില്ലന്നും അവർക്ക് മനസ്സിലായിരുന്നു. ഉച്ചയ്ക്ക് സതി തന്നെ സുധിയെയും മീരയെയും ഭക്ഷണം കഴിക്കാനായി ചെന്ന് വിളിച്ചിരുന്നു. അതിനുശേഷം മീര നിർബന്ധിച്ചപ്പോഴാണ് സുധി ഭക്ഷണം കഴിക്കാനായി ചെന്നത്..

ഭക്ഷണം കഴിക്കുന്നതിനിടയിലും മീരയോട് ഒന്നുംതന്നെ സംസാരിച്ചിരുന്നില്ല സതി… അവൾക്ക് ഭക്ഷണം വിളമ്പിയതും അവനോട് അരികിൽ ഇരുത്തി കഴിപ്പിച്ചതും ഒക്കെ സുധി തന്നെയായിരുന്നു.. അങ്ങനെ കഴിക്കാൻ അവൾക്ക് ഒരല്പം മടിയുണ്ടായിരുന്നു സതിയുടെ മുഖം കൂടി കണ്ടപ്പോൾ അത് പൂർത്തിയായി എന്നതാണ് സത്യം. എങ്കിലും സുധി ഗൗരവത്തോടെ നോക്കിയപ്പോൾ കഴിക്കാതെ തരമില്ലായിരുന്നു.

” നിനക്ക് എത്ര നാളത്തെ ലീവ് ഉണ്ട്…

ഭക്ഷണം കഴിക്കുന്നതിനിടയിൽ താല്പര്യമില്ലാതെ സതി ചോദിച്ചു.

” വളരെ കുറച്ച് ദിവസത്തെ ലീവേയുള്ളൂ, അതിനു മുൻപ് കുറച്ചു കാര്യങ്ങളൊക്കെ ചെയ്തു തീർക്കണം…

” നീ സുഗന്ധിയുടെ വീട്ടിലേക്ക് പോകുന്നില്ലേ അവരോട് ഒന്നും പറഞ്ഞില്ലല്ലോ വരുന്ന കാര്യം, അതിന് അജയ്‌ന് വലിയ പിണക്കം ആണെന്ന് ആണ് പറഞ്ഞത്,

സതി പറഞ്ഞു

“തൽക്കാലം ഞാൻ എങ്ങോട്ടും പോകാൻ ഉദ്ദേശിച്ചിട്ടില്ല. പിന്നെ പിണങ്ങുന്നവർ ഒക്കെ അവിടെ പിണങ്ങി ഇരിക്കട്ടെ, ഇത്രയും കാലം എല്ലാവരും ആയിട്ടും ഇണങ്ങി അല്ലേ ജീവിച്ചത്. എന്നിട്ടും സമാധാനം ഇല്ലാത്ത ഒരു ജീവിതം മാത്രമാണ് എനിക്ക് കിട്ടിയത്… ഇനിയിപ്പോ പിണങ്ങി ജീവിക്കുമ്പോഴെങ്കിലും കുറച്ചു സമാധാനം കിട്ടുമോന്ന് നോക്കാം,

താല്പര്യമില്ലാതെ സുധി അത് പറഞ്ഞപ്പോൾ ദേഷ്യത്തോടെ മീരയുടെ മുഖത്തേക്ക് നോക്കുകയാണ് സതി ചെയ്തത്… ആ സമയം തന്നെ അവൻ ഭക്ഷണം കഴിച്ച് എഴുന്നേറ്റിരുന്നു…. പിന്നെ അവിടെ ഇരിക്കാൻ മീരക്കും തോന്നിയില്ല.. ഭക്ഷണം കഴിച്ച പ്ലേറ്റുകളുമായി അവൾ അടുക്കളയിലേക്ക് പോയിരുന്നു… അതും പിന്നെ കിടന്ന കുറച്ച് അധികം പാത്രങ്ങളും കഴുകി വെച്ചതിന് ശേഷം മറ്റെന്തോ ജോലി ചെയ്യാൻ തുടങ്ങുന്നതിനിടയിലാണ് സതി അവിടേക്ക് വന്നത്,

” ഞാനിവിടെ നിന്നെ കൊണ്ട് ജോലിയൊക്കെ ചെയ്യിപ്പിക്കുകയാണെന്ന് അവനെ കാണിക്കാൻ ആയിരിക്കും ഇതുവരെ ഇല്ലാത്ത ഈ പ്രകടനങ്ങളൊക്കെ ഇപ്പോൾ കാണിക്കുന്നത്..

സതി മീരയോടായി പറഞ്ഞു.

താൻ ഈ വീട്ടിൽ വന്നു കയറിയതിനു ശേഷം ഇപ്പോഴാണ് അവർ തന്നോട് ഒന്ന് സംസാരിക്കുന്നത് എന്ന് ഓർമിച്ചു.

” ഇവിടെയുള്ളപ്പോൾ ഞാൻ തന്നെയല്ലേ അമ്മെ ഈ ജോലിയൊക്കെ ചെയ്തത്,

” നീ നിന്റെ വീട്ടിൽ പോയപ്പോൾ ഇവിടെ ഉള്ളവരൊക്കെ പട്ടിണി കിടക്കുകയായിരുന്നുവേന്നാണോ നീ വിചാരിച്ചത്. അപ്പോഴും ഞങ്ങൾ ജീവിച്ചിട്ടില്ലേ, അതുകൊണ്ട് സുധിയെ കാണിക്കാൻ വേണ്ടി കൂടുതൽ ജോലി ഒന്നും എടുക്കണ്ട. ഇത്രയും കാലം ചെയ്തതുപോലെ ഞാൻ അങ്ങ് ചെയ്തോളാം, നീ വേഗം അവന്റെ അടുത്തു പോയിരിക്കെ, അവനിപ്പോൾ നിന്നെ കണ്ടില്ലെങ്കിൽ വിളി തുടങ്ങും. താല്പര്യമില്ലാതെ അത്രയും പറഞ്ഞ് മറ്റു ജോലികളിൽ സതി വ്യാപൃത ആവാൻ തുടങ്ങിയിരുന്നു. കരച്ചിൽ തൊണ്ട കുഴിയോളം വന്നു നിന്നു എങ്കിലും സുധി വീട്ടിലുള്ളത് കൊണ്ട് തന്നെ താൻ സ്വയം നിയന്ത്രിക്കണം എന്ന് തോന്നി മീര ഒന്നും മിണ്ടാതെ അകത്തേക്ക് പോയിരുന്നു.

ആ സമയത്ത് സുധി എന്തോ ആലോചിച്ചുകൊണ്ട് കിടക്കുകയാണ്. അവൾ അരികിൽ വന്നപ്പോൾ അവൻ ഡോർ അടയ്ക്കാൻ പറഞ്ഞു, ഡോർ കുറ്റിയിട്ട് അവന്റെ അരികിൽ ആയി അവൾ ഇരുന്നു.. അവൻ മെല്ലെ അവളുടെ മടിയിലായി കിടന്നു. അവൾ തന്റെ കൈവിരലുകളാൽ അവന്റെ തലമുടി ഇഴകളിൽ ചെറുതായി തഴുകി കൊണ്ടിരുന്നു… കുറച്ച് സമയമെങ്കിലും വിഷമങ്ങൾ എല്ലാം മറക്കാൻ സുധി ആഗ്രഹിച്ചിരുന്നു.. അവളുടെ ചുരിദാർ ടോപ്പ് അൽപം പൊക്കി അവൻ തന്റെ താടി രോമങ്ങളാൽ അവളുടെ അണിവയറിൽ ഇക്കിളി കൂട്ടി. അവന്റെ കുസൃതികൾ വർദ്ധിച്ച നിമിഷം ശരീരം ചുട്ടുപൊള്ളുന്നത് പോലെയാണ് മീരയ്ക്ക് തോന്നിയത്… താൻ അവനെ വഞ്ചിക്കുന്നത് പോലെയുള്ള ഒരു തോന്നൽ, പ്രണയാർദ്രമായ അവളുടെ മുഖം തന്നിലേക്ക് അടുപ്പിച്ച് ചുണ്ടുകളിൽ ചുംബിക്കാൻ ഒരുങ്ങിയവനെ അവൾ കൈകൾ കൊണ്ട് തടഞ്ഞു. ഒരു നിമിഷം അവളുടെ ആ പ്രവർത്തി കണ്ടു അവൻ അമ്പരന്ന് അവളെ നോക്കി.

” എന്താടോ…?

” സുധിയേട്ടാ എനിക്കൊരു കാര്യം പറയാനുണ്ട്… അത് അറിയാതെ ഏട്ടൻ എന്റെ ശരീരത്തിൽ തൊട്ടാ എനിക്ക് ഞാൻ വലിയ തെറ്റ് ചെയ്യുന്ന പോലെ തോന്നും…

” എന്താ കാര്യം നീ പറ,

” എനിക്ക് വിവാഹത്തിനു മുൻപ് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് ഞാൻ സുധീയേട്ടനോട് തുറന്നു പറഞ്ഞിട്ടില്ലേ…?

” അതിനിപ്പോ എന്താ.? വീണ്ടും പഴയ കാര്യങ്ങളൊക്കെ ഓർമ്മിക്കാൻ എന്താ സംഭവിച്ചത്..?

അകാരണമായ ഒരു ഭയം സുധിയിൽ ഉടലെടുത്തു. ഇനിയും ഒരു നഷ്ടം കൂടി തനിക്ക് സഹിക്കാൻ ഉള്ള ശേഷിയില്ല എന്ന് അവൻ ഓർത്തു..

” ഇനി ഒരിക്കലും അയാളെ ജീവിതത്തിൽ കാണില്ലെന്ന് ഞാൻ കരുതിയത് ആണ്… കാണരുതെന്ന് ആഗ്രഹിച്ചിരുന്നു.. പക്ഷേ ഒരിക്കലും കാണാൻ പാടില്ലാത്ത ഒരു അവസ്ഥയിൽ എനിക്ക് അയാളെ കാണേണ്ടി വന്നു. അതാരാണെന്ന് സുധിയേട്ടൻ അറിഞ്ഞില്ലെങ്കിൽ എനിക്ക് വല്ലാത്ത വീർപ്പുമുട്ടൽ തോന്നും..

” ആരാത്..?

ആകാംക്ഷയോടെ സുധി ചോദിച്ചു

“അർജുൻ……!!!

അവളുടെ ആ തുറന്നുപറച്ചിൽ വീണ്ടും സുധീക്ക് ഒരു പ്രഹരം ഏൽപ്പിക്കുന്നതായിരുന്നു…കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button