Novel

നിലാവിന്റെ തോഴൻ: ഭാഗം 105

രചന: ജിഫ്‌ന നിസാർ

മുഖം പരമാവധി പ്രസന്നമാക്കി കൊണ്ടാണ് റിഷിൻ കിടക്കുന്ന മുറിയിലേക്ക് ക്രിസ്റ്റി കയറി ചെന്നത്.

എന്നിട്ടും ചുവന്നു പോയ അവന്റെ കണ്ണുകൾ കണ്ടതും അവനെവിടെ പോയതാണെന്നും എന്തിന് പോയതാണെന്നും ഡെയ്സിക്ക് വളരെ പെട്ടന്ന് തന്നെ മനസ്സിലായിരുന്നു.

പക്ഷേ അവനോടൊന്നും അവർ ചോദിച്ചില്ല.
റിഷിന് മുന്നിലേക്ക് ദേശയും കറിയും വെച്ച് കൊടുത്തിട്ടുണ്ട്.

ഡ്രിപ്പിടാൻ വേണ്ടി വെച്ച നീഡിലുള്ള കൈ കൊണ്ടവൻ വളരെ കഷ്ടപ്പെട്ടു വാരി കഴിക്കുന്നത് നോക്കി അങ്ങനെ ഇരിപ്പുണ്ട്.

ഒരു തരം സംതൃപ്തിയാണാ മുഖം നിറയെ നിറഞ്ഞു നിൽക്കുന്നതെന്ന് ക്രിസ്റ്റിക്കും മനസ്സിലായി.

“അവനൊറ്റക്ക് കഴിക്കാൻ വയ്യമ്മാ..”
ഡെയ്സിയുടെ അരികിൽ പോയിരുന്നു ആ തോളിൽ കയ്യിട്ട് പിടിച്ചു അവരുടെ മനസ്സിനെ ആശ്വാസിപ്പിക്കുന്നത് പോലെ വളരെ മൃദുവായിട്ടാണ് ക്രിസ്റ്റി അത് പറഞ്ഞത്.

“ഇവനെ കൊണ്ട് പോകാനിപ്പോ പോലീസ് വരും. ജയിലിൽ പോയാലും ഇതൊക്കെ ഒറ്റക്ക് ചെയ്യണ്ടേ. ആരും കാണില്ല അവിടെ കൂട്ടിന്. അപ്പൊ ഇതൊരു പ്രാക്ടീസ് ആയിക്കോട്ടെ ”
ഒട്ടും അയവില്ലാതെ.. കടുപ്പത്തിൽ പറയുമ്പോൾ റിഷിനോട് അവർക്കുള്ളിലുള്ള.. ദേഷ്യവും വാശിയും റിഷിന് കൂടി മനസ്സിലാവുന്ന തരത്തിലായിരുന്നു.

“നീ കഴിക്ക്…”
ഡെയ്സിയുടെ വാക്കുകൾ കേട്ടതും മുഖം ഉയർത്തി നോക്കാതെ നിശ്ചലമായിരിക്കുന്ന റിഷിനെ നോക്കി ക്രിസ്റ്റി പറഞ്ഞു.

പക്ഷേ അവൻ അനങ്ങാതെ മുഖം കുനിച്ചങ്ങനെ തന്നെയിരുന്നു.

“ഇനിയിപ്പോ ഇടി വെട്ടിയ പൊലിരുന്നിട്ട് യാതൊരു കാര്യവുമില്ല. തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് ചെയ്യുന്ന തെറ്റുകൾക്ക് മാപ്പില്ല. ഇവൻ.. ഇവൻ കുറച്ച് അനുഭവിക്കാനുണ്ട്. അതിന് കർത്താവായിട്ട് കൊണ്ട് തന്നൊരു അവസരം. അങ്ങനെയേ ഞാനിത് കാണുന്നൊള്ളു. അത് കൊണ്ട് തന്നെ എനിക്ക്… എനിക്കൊരു സങ്കടവുമില്ല.”
നിറഞ്ഞു തൂവുന്ന കണ്ണുകൾ മുന്നിലിരിക്കുന്ന മക്കളിൽ നിന്നും മറച്ചു പിടിക്കാൻ വേണ്ടിയാണ് ഡെയ്സി വേഗം എഴുന്നേറ്റു പുറത്തേക്ക് നടന്നത്.

“അമ്മയുടെ സങ്കടം കൊണ്ട് പറയുന്നതാടാ.. നീ വിഷമിക്കല്ലേ..”
റിഷിന്റെ അരികിലേക്കിരുന്നു കൊണ്ട് ക്രിസ്റ്റി പതിയെ പറഞ്ഞു.

അവൻ മുഖം കുനിച്ചിരുന്നു കരയുകയാണെന്ന് ക്രിസ്റ്റിക്ക് മനസ്സിലായി.

“ഒന്നും പൂർണ്ണമായും നിന്റെ തെറ്റല്ലട റിഷി. നിന്നിലേക്ക് കുത്തിയിറക്കി വിട്ട വിഷത്തിന്റെ തീവ്രതയായിരുന്നു. ഹൃദയം അങ്ങനല്ലേ.. നമ്മളെന്താണ് വിതക്കുന്നത്.. അതാണവിടെ മുളച്ചു പൊന്തി പാകപ്പെടുന്നത്. നിന്റെ മനസ്സിലേക്ക് നിന്റെ പപ്പാ വിതച്ചു തന്നിട്ട്, മുളക്കാൻ വേണ്ടി കാത്തിരുന്നത് എന്നോടുള്ള വെറുപ്പും വിദ്വേഷവുമായിരുന്നു. വീണ്ടു വിചാരമില്ലാത്ത പ്രവർത്തികൾ കൊണ്ട് നീ ആ വിത്തുകൾക്ക് വളം കൂടി ഇട്ട് കൊടുത്തതോടെ നിന്റെ പപ്പാ പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ… ഇരട്ടി വേഗത്തിൽ തന്നെ അതങ്ങ് വളർന്നു.. പകമായി.”

അവന്റെ നേരെ ഭക്ഷണം ഉരുട്ടി നീട്ടി കൊണ്ടാണ് ക്രിസ്റ്റി പറയുന്നത്.

ഭക്ഷണമിറക്കാൻ കഴിയാത്ത വിധം ചങ്കിലൊരു ഭാരം തൂങ്ങിയിട്ടും..ഒരു തുള്ളി പോലും ഇറങ്ങാതെ വീർപ്പു മുട്ടിയിട്ടും ക്രിസ്റ്റി വാരി നീട്ടിയതായത് കൊണ്ട് മാത്രമാണ് റിഷിൻ വാ തുറന്നത്.

“എന്നോട് നീ ചെയ്തതൊന്നും ഞാൻ മനസ്സിൽ വെച്ച് നടന്നിട്ടില്ല. എനിക്കറിയാമായിരുന്നു നിന്നെ മുൻനിർത്തി എന്നെ തോൽപ്പിക്കാൻ ശ്രമിക്കുന്നത് നിന്റെ പപ്പായാണെന്ന്. പക്ഷേ..”

ക്രിസ്റ്റി പറഞ്ഞു നിർത്തിയതും റിഷിൻ മുഖം ഉയർത്തി അവനെ നോക്കി.

അപ്പോഴും റിഷിന്റെ കണ്ണുകൾ നിറഞ്ഞു തന്നെയാണ് നിൽക്കുന്നത്.

“പക്ഷേ… ഫൈസി.. അവനോട് നീ ചെയ്തത്.. അത്.. അത് മാത്രം എനിക്ക് മറക്കാൻ കഴിയില്ല. അവന്റെ വേദന എന്റേം കൂടിയാണ്.കാരണം അവനെനിക്ക് എന്റെ സൗഹൃദം മാത്രമല്ല. ഈ ലോകത്തിലെ എന്ത് പേരിട്ടു വിളിച്ചാലാണ് ഞങ്ങളുടെ ബന്ധത്തിനു ചേർന്നൊരു വാക്കാവുന്നതെന്ന് എനിക്കറിയില്ല ”

ഫൈസിയോടുള്ള മുഴുവൻ സ്നേഹത്തിന്റെയും കനം തൂങ്ങിയ ക്രിസ്റ്റിയുടെ വാക്കുകൾ.

കഠിനമായ കുറ്റബോധം കൊണ്ട് റിഷിന്റെ കഴുത്തോടിഞ്ഞത് പോലെ മുഖം കുനിഞ്ഞു.

“ചെറുതും വലുതുമായ നിരവധി കേസുകൾ നിന്റെ പിറകിലുണ്ട്. ഞാൻ പറയാതെ തന്നെ നിനക്കറിയാമല്ലോ അത്.. അതിലേറ്റവും വലുത് ഫൈസിയെ നീ കുത്തിയത് തന്നെയാവും. കമ്മീഷണർ റഷീദ് ഫൈസിയുടെ ഉമ്മാന്റെ കസിനാണ്. ആ കേസിൽ അവരെന്തു തീരുമാനമെടുത്താലും എനിക്കൊന്നും ചെയ്യാനാവില്ല.നിനക്കെതിരെ ഒന്നും ചെയ്യരുതെന്ന് ഞാൻ.. ഞാനെങ്ങനെ അവനോട് പറയും…”

ഗൗരവത്തോടെയാണ് ഇപ്രാവശ്യം ക്രിസ്റ്റി പറയുന്നത്.വരാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച് റിഷിനെ ഒന്ന് ഓർമ്മിപ്പിച്ചു കൊടുക്കുന്നതാണ്.

പറയുന്നതിനൊപ്പം തന്നെ റിഷിന് നേരെ അവൻ വീണ്ടും ഭക്ഷണം വാരി നീട്ടി.

“പക്ഷേ.. നീ പേടിക്കേണ്ട. നിന്നെ രക്ഷപെടുത്തിയെടുക്കാൻ ഞാനെന്റെ മാക്സിമം ശ്രമിക്കും.ജീവിതം മുഴുവനും ജയിലറകളിൽ നരകിച്ചു തീരാൻ നിന്നെ എനിക്കങ്ങനെ വിട്ട് കൊടുക്കാൻ ആവോടാ റിഷി. എന്റെ.. എന്റെ ഒരേയൊരു അനിയനല്ലേ നീ..”

നേർത്തൊരു ചിരിയോടെ ക്രിസ്റ്റി പറഞ്ഞു നിർത്തിയതും വലിയൊരു കരച്ചിലോടെ റിഷിൻ അവനെ ഇറുകെ കെട്ടിപിടിച്ചു.

കയ്യിലുള്ള പാത്രം കിടക്കയിലെക്ക് വച്ചു കൊണ്ട് എച്ചിലാവാത്ത കൈ കൊണ്ട് ക്രിസ്റ്റി അവനെയും തന്നിലേക്ക് വാരി പുണർന്നു..

❣️❣️

ഡെയ്സി ചെല്ലുമ്പോൾ വർക്കി മുഖം തിരിച്ചു നോക്കി.

അയാൾക്കുള്ളിൽ എന്ത് കൊണ്ടോ വലിയൊരു ആശ്വാസം നിറയുന്നുണ്ടായിരുന്നു അവരെ കണ്ടപ്പോൾ.

എന്തൊക്കെയായാലും ഡെയ്സി തിരികെ വരുമെന്നും അവൾക്ക് തന്നെ ഉപേക്ഷിച്ചു കളയാൻ വയ്യെന്നും ആ കിടപ്പിലെപ്പഴോ വർക്കി വെറുതെ മോഹിച്ചു കൂട്ടിയിരുന്നു.

പക്ഷേ വാതിൽ തുറന്നു തനിക് മുന്നിൽ വന്നു നിൽക്കുന്നവളിൽ, വലിയൊരു വീഴ്ച കണ്മുന്നിൽ കണ്ടതി lന്റെ അടങ്ങാത്ത സംതൃപ്തിയാണെന്നറിഞ്ഞതും വർക്കിയുടെ ഉള്ളിൽ തുള്ളിയാ ആവേശം അതേ വേഗതയിൽ തണുത്തുറഞ്ഞു പോയിരുന്നു.

“ഓടി ഓടി. ഒടുവിൽ വീണു. അല്ലേ..?”
പ്രതികാരം ആളുന്ന ആ സ്വരം.

വർക്കി ഞെട്ടി പോയിരുന്നു ഡെയ്സിയുടെ കടുത്ത ശബ്ദം കേട്ടതും.
തനിക്ക് മുന്നിൽ ഒരക്ഷരം മിണ്ടാതെ.. തല്ലി ചതച്ചാലും തന്റെ വിളിപ്പുറത്ത് അനുസരണയോടെ വന്നിരുന്ന ആ പഴയ ഡെയ്സിയുടെ നേരിയൊരു പ്രതിഛായ പോലുമില്ലാത്തവളാണ് തനിക്കു മുന്നിൽ നിൽക്കുന്നതെന്ന് വർക്കി മനസ്സിലാക്കി.

“കർത്താവ് കരുണയുള്ളവൻ ആണെടോ. അല്ലെങ്കിൽ.. അല്ലെങ്കിൽ തനിക്കീ ഗതി വരുവോ.?”
വീണ്ടും വല്ലാത്തൊരു ചിരിയോടെ ഡെയ്സി ചോദിച്ചു.

വർക്കി ഒരക്ഷരം മിണ്ടാതെ അവരെ നോക്കി കൊണ്ട് കിടപ്പാണ്..

“ക്യാൻസർ വന്നിട്ടും കർത്താവെനിക്ക് തിരികെ തന്നതാ ഫിലിപ്പിച്ചായനെ. കരുണയോടെ എനിക്കല്പിച്ച എന്റെ ജീവിതമാണ് നീ വീണ്ടും തകർത്തത്.”

ഡെയ്സിയുടെ കൈകൾ ഒട്ടും പ്രതീക്ഷിക്കാതെ വർക്കിയുടെ കവിളിൽ ആഞ്ഞു പതിച്ചു.

അടി കൊണ്ടയാൾക്ക് മുന്നിൽ വെറും ഇരുട്ട് മാത്രമായിരുന്നു കുറച്ചു സമയം.

വലതു വശത്തെ ചുണ്ട് പൊട്ടി ചോര ചുവച്ചു..

“ഒറ്റയടിക്ക് നിന്നെയെനിക്ക് ഇല്ലാതെയാക്കാൻ അറിയാഞ്ഞിട്ടല്ല വർക്കി ചെറിയാനെ….”

തോറ്റരികിലേക്ക് മുഖം ചേർത്ത് പിടിച്ചു മുരളുന്ന ആ പെൺരൂപത്തെ അപ്പോഴയാൾക്ക് പരിചിതമായിരുന്നില്ല.

അത്ര മേൽ വീര്യം..!

“ഇത് പോലൊരു ദിവസം… അതായിരുന്നു ഞാൻ കൊതിച്ചത്. കാത്തിരുന്നത്. നിന്റെ ഓരോ അടിയിലും പുളിച്ച നിന്റെ വാക്കുകൾ നൽക്കുന്ന വേദനയിലും തളരാതെ.. മരണം തിരഞ്ഞെടുക്കാതെ പിടിച്ചു നിന്നത് ഇത് പോലെ നിന്നെയെന്റെ മുന്നിൽ കിട്ടുമെന്ന് എനിക്കുറപ്പുണ്ടായിട്ട് തന്നെയാണ്…”
ക്രൂരത നിറഞ്ഞ ചിരിയോടെ ഡെയ്സി വീണ്ടും വർക്കിയേ നോക്കി.

വീണ്ടും അവർ കൈ വീശി അടിക്കുമോ എന്നൊരു പേടിയോടെയാണ് വർക്കി കിടന്നത്.

“ഇതൊരു തുടക്കം മാത്രമാണ്. ഇനി അങ്ങോട്ട്‌ ചെയ്തു കൂട്ടിയ ഓരോന്നിനും നീ ഉത്തരം പറയേണ്ടി വരും. എന്റെ മകൻ നിന്നെ കൊണ്ട് പറയിപ്പിക്കും..”

അത് പറയുമ്പോൾ അഭിമാനം കൊണ്ട് ഡെയ്സിയുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.

❣️❣️
എട്ടു മണിയോടെയാണ് ക്രിസ്റ്റി തിരികെ കുന്നേൽ എത്തിയത്.

ഒരാഴ്ച കൂടിയെ കോളേജിൽ ക്ലാസ് അവശേഷിക്കുന്നുള്ളൂ.
പിന്നെ എക്സാമാണ്.
അത് കൊണ്ട് തന്നെ ഈ അവസാനദിവസങ്ങളിൽ ലീവെടുക്കാൻ കഴിയില്ലായിരുന്നു.

അടുക്കളയിൽ നിന്നും ചിരിയും സംസാരങ്ങളും കേട്ടതോടെ ക്രിസ്റ്റി മുകളിലേക്ക് കയറാതെ അങ്ങോട്ട്‌ ചെന്നു.

വിചാരിച്ചത് പോലെ തന്നെ… അവിടുണ്ട് അവരെല്ലാം.

മറിയാമ്മച്ചിയുടെ പിറകെയാണ് മൂന്നും.

നിറഞ്ഞ ചിരിയോടെ അവരും എന്തൊക്കെയോ പറയുന്നുണ്ട്.

“എന്തായിവിടെ.. ഇത്രേം ചിരിക്കാൻ?”
ചോദ്യത്തോടെയാണ് ക്രിസ്റ്റി അവർക്കുള്ളിലേക്ക് കയറി ചെന്നത്.

“ആഹ്.. നീ വന്നോ.. എങ്ങനെ ഉണ്ടേട ആ ചെക്കന് ”

മറിയാമ്മച്ചിയാണ് ആദ്യം അവനെ കണ്ടതും ചോദ്യത്തോടെ തന്നെ എതിരെറ്റതും.

“അവൻ ഓകെയായി മാറിയമ്മച്ചി ”
അതും പറഞ്ഞു കൊണ്ടവൻ അടുക്കളയിലെ ടേബിലിൽ ഇരുന്നു.

“ന്താണ്.. ഇവിടെ ഇത്രേം കാര്യമായിട്ട് ചർച്ച..മ്മ്?”
അവനെ ഉറ്റു നോക്കിയിരിക്കുന്ന മീരയെയും ദിലുവിനെയും പാത്തുവിനെയും മാറി മാറി നോക്കിയാണ് ക്രിസ്റ്റിയത് ചോദിച്ചത്.

“ചേട്ടായി.. നമ്മടെ തോട്ടത്തിന്റെ താഴെ കൂടി ഒരു തോടുണ്ടോ..?”
ദിലുവിന്റെ ചോദ്യം കേട്ട് ക്രിസ്റ്റിയുടെ കണ്ണുകൾ ആദ്യം നീണ്ടത് പാത്തുവിന്റെ നേരാണ്.

വിചാരിച്ചത് പോലെ തന്നെ.. പെട്ടത് പോലൊരു ഭാവത്തിലാണ് പെണ്ണിരിക്കുന്നത്.

ക്രിസ്റ്റിക്ക് ചിരി വന്നു.. ആ ഇരിപ്പ് കണ്ടതും.

‘പറ ഇച്ഛാ… ഉണ്ടോ.. ദിലു പറഞ്ഞു ഇല്ലെന്ന്.. പക്ഷേ പാത്തു പറയുന്നു ഉണ്ടെന്നും. സത്യത്തിൽ ഉണ്ടോ..? ”
മീരാ കൂടി ക്രിസ്റ്റിയെ നോക്കി.

“മ്മ്.. ഉണ്ട് ”
പാത്തുവിനെ നോക്കിയൊന്ന് കണ്ണടച്ച് കാണിച്ചു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

“എന്നിട്ട് ഞാനിത് വരെയും കണ്ടിട്ടില്ലല്ലോ.. അങ്ങനൊരു സ്ഥലം. ആരും പറഞ്ഞു കേട്ടിട്ടുമില്ല..”

ദിലു പരിഭവത്തോടെയാണ് പറയുന്നത്.

“അതിനാ മുറി വിട്ട് നീ എപ്പോഴായിരുന്നെടി പരട്ടെ പുറത്തോട്ട് ഇറങ്ങി വന്നിട്ടുള്ളത്. വയർ കായുമ്പോ മാത്രം വല്ലതും വെട്ടി വിഴുങ്ങി പിന്നേം കയറി പോകും.എന്നിട്ടവള് പറയുവാ ”
ക്രിസ്റ്റി ദിലുവിന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ടാണ് പറയുന്നത്.

“പക്ഷേ പാത്തു അറക്കൽ അല്ലായിരുന്നോ?എന്നിട്ടും അവളെങ്ങനെ ഇച്ചേടെ തോട്ടത്തിലെ തോട് കണ്ട്.. എനിക്കതാ അങ്ങോട്ട്‌ കത്താത്തത് ”

മീര പറഞ്ഞത് കേട്ട് ക്രിസ്റ്റിയൊരു കള്ള ചിരിയോടെ പാത്തുവിനെയാണ് നോക്കിയത്.

അവളവന്റെ നോട്ടത്തിലും ചിരിയും മയങ്ങി വീണിരുന്നു.

“പറ ഇച്ഛാ.. പാത്തു പറഞ്ഞല്ലോ അവിടെ അടിപൊളി വൈബ് ആണെന്ന്.. അവളെങ്ങനെ അത് കണ്ടു ”
മീരാ വീണ്ടും ചോദിച്ചു.

“എനിക്കറിയില്ലെടി. നീ അവളോട് തന്നെ ചോദിക്ക് ”
അതേ ചിരിയോടെ തന്നെ ക്രിസ്റ്റി പറഞ്ഞു.

“പത്തായത്തിൽ നെല്ലുണ്ടങ്കിൽ എലി അങ്ങ് ഉഗാണ്ടെന്നും വരുമെന്നുള്ള പഴംഞ്ചേല് നിങ്ങളാരും കെട്ടിട്ടില്ല്യോടി മക്കളെ? ”

ക്രിസ്റ്റിയെ നോക്കിയിട്ട് ഒരു ചിരിയോടെയാണ് മറിയാമ്മച്ചി ചോദിച്ചത്.

“എനിക്കിന്ന് കോളേജിൽ പോണം. തത്കാലം നിങ്ങളിവിടെയിരുന്നു ഉത്തരം കണ്ടു പിടിക്ക് ട്ടാ. ഞാൻ പോണ്..”

അവർക്കിടയിൽ നിന്നും രക്ഷപെട്ടു പോകാനുള്ള ധൃതിയോടെ ക്രിസ്റ്റി എഴുന്നേറ്റു.

“ചേട്ടായി .. പ്ലീസ്.. ഞങ്ങളെ കൂടി കൊണ്ട് പോകുമോ.. അങ്ങോട്ട്‌..”

ദിലു അവന്റെ കയ്യിൽ തൂങ്ങി കൊഞ്ചി കൊണ്ട് പറഞ്ഞു.

“എനിക്ക് കോളേജിൽ പോണം പെണ്ണേ ”
ക്രിസ്റ്റി കണ്ണുരുട്ടി.

“അത് കഴിഞ്ഞിട്ട് മതി…”
മീരാ കൂടി ഏറ്റു പിടിച്ചു.

ക്രിസ്റ്റി വീണ്ടും പാത്തുവിനെ നോക്കി.

അവനെതന്നെ നോക്കി നിൽക്കുകയാണ് അവളും.

“പോവാം. വൈകുന്നേരം കൊണ്ട് പോവാം ”
മനോഹരമായൊരു ചിരിയോടെ ക്രിസ്റ്റി ഏറ്റതും മീരയും ദിലുവും ഒരുമിച്ചു അവനെ കെട്ടിപിടിച്ചു.

“ഇപ്പൊ വീണേനെ…”

പെട്ടന്നുള്ള അവരുടെ പിടിയിൽ നിലതെറ്റി വീഴാൻ പിന്നിലേക്ക് ആഞ്ഞാ ക്രിസ്റ്റി രണ്ടു പേരെയും ഒരുപോലെ പോത്തിന് പിടിച്ചു കൊണ്ടാണ് പറഞ്ഞത്.

“രണ്ടിനും ഇന്ന് സ്കൂൾ ഇല്ലേ…?”
അവൻ ചോദിച്ചതും മീരയും ദിലുവും ഒരുപോലെ മൂളി.

“എങ്കിൽ എണീറ്റോ.. എന്നിട്ട് അതിനുള്ള പരിപാടി തുടങ്ങിക്കോ..”

“എനിക്ക് വിശക്കുന്നുണ്ട് കേട്ടോ… കഴിക്കാൻ എടുത്തു വെക്ക് ഞാനിപ്പോ വരാം ”
മറിയാമ്മച്ചിയെ നോക്കി ക്രിസ്റ്റി പറഞ്ഞു.

“ഞാനെന്താടാ നിന്റെ വേലക്കാരിയോ. ദേ നിക്കുന്നു നിന്റെ കെട്ട്യോള് . അങ്ങോട്ട്‌ പറ..കഴിക്കാനും കുടിക്കാനും വേണ്ടതൊക്കെ.ഇനി അതൊക്കെ അവള് ചെയ്യും.. ‘
മറിയാമ്മച്ചി കണ്ണുരുട്ടി കൊണ്ടാണ് പറയുന്നത്.

“എനിക്കെന്റെ വയറും മനസ്സും ഒരുപോലെ നിറയണം.അതിന്റെ ശരിയായ കണക്കറിയാവുന്നത് ഈ കൈകൾക്കാണ് ”

മീരയേയും ദിലുവിനെയും തന്നിൽ നിന്നും മാറ്റി മറിയാമ്മച്ചിയുടെ കൈ പിടിച്ചെടുത്തു ആ ഉള്ളം കയ്യിൽ അമർത്തി ഉമ്മ വെച്ച് കൊണ്ടാണ് ക്രിസ്റ്റി പറഞ്ഞത്.

മറിയാമ്മച്ചിയുടെ കണ്ണുകൾ പാത്തുവിന്റെ നേരെയാണ് തെന്നി നീങ്ങിയത്.

അവളാവട്ടെ നിറഞ്ഞ ചിരിയോടെ ആ കാഴ്ച നോക്കി നിൽപ്പുണ്ട്.

“എന്റെ പെണ്ണാ ടൈപ്പ് അല്ലാ.. ഹേ ”
അവരുടെ നോട്ടം കണ്ടതും ഒരു കുസൃതി ചിരിയോടെ ക്രിസ്റ്റി അവർക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ ആ കാതോട് ചേർന്നു പറഞ്ഞു.

“പോയി കുളിച്ചു വാടാ വൃത്തികെട്ടവനെ..”

ഉള്ളുലഞ്ഞ സന്തോഷം പുറമെ കാണിക്കാതെ അവരപ്പോഴും അവനെ നോക്കി കണ്ണുരുട്ടി.

“ദേ.. പോയി..”
അതും പറഞ്ഞു കൊണ്ടവൻ അവരെ വിട്ട് അടുക്കളയിൽ നിന്നും പുറത്തേക്ക് നടന്നു.
പോവുന്ന വഴി കൂടെ വരാൻ പാത്തുവിനോട് കണ്ണ് കാണിക്കാനും മറന്നില്ല.
❣️❣️

മീരയുടെയും ദിലുവിന്റെയും പിടിയിൽ നിന്ന് രക്ഷപെട്ടു പോകുക എന്നത് പാത്തുവിന് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു.

ഒടുവിൽ മറിയാമ്മച്ചി ഒച്ചയിട്ടപ്പോഴാണ് മൂന്നും മൂന്ന് വഴിക്ക് പിരിഞ്ഞത്.

പാത്തു ചെല്ലുമ്പോൾ ക്രിസ്റ്റി കുളിക്കാൻ കയറിയിരുന്നു.

കിടക്കയിൽ അവനിടാനുള്ള ഡ്രസ്സ്‌ എടുത്തു വെച്ചിട്ടുണ്ട്.

വാതിലടച്ചു കൊണ്ട് പാത്തു കിടക്കയിൽ പോയിരുന്നു.

അവൻ ധരിക്കാനായി മാറ്റി വെച്ച ഡ്രസ്സ്‌ വാരി എടുത്തു കൊണ്ടവൾ അവന്റെ ഗന്ധം ആസ്വദിക്കാൻ ശ്രമിക്കുന്ന അതേ നിമിഷം തന്നെയാണ് ക്രിസ്റ്റി വാതിൽ തുറഞ്ഞിറങ്ങി വന്നതും.

അവളുടെ പ്രവർത്തി കണ്ടത് പോലെ അവന്റെ ചുണ്ടിലൊരു കള്ളച്ചിരി ബാക്കിയുണ്ടായിരുന്നു.

പാത്തു ചമ്മിയത് പോലെ മുഖം തിരിച്ചു.

“ഞാനിവിടെ വടി പോലെ നിൽപ്പില്ലെടി. ആ ഡ്രസ്സിനു വെറുതെ കൊടുത്തു വേസ്റ്റ് ആക്കാതെ നിന്റെയാ.. സ്വീറ്റ്.. വാല്യുബിൾ കിസ്സ്… നേരെ എനിക്കിങ്ങു തന്നൂടെ.. ഐ ആം വെയിറ്റിംഗ്..”
കയിലുള്ള തോർത്ത്‌ കൊണ്ട് നനഞ്ഞ. മുടി ഇഴകൾ ഒന്നൂടെ തോർത്തി കൊണ്ടാണ് ക്രിസ്റ്റി പറയുന്നത്.

“വൃത്തികേട് പറയരുത് ഇച്ഛാ.. ഞാൻ ഉമ്മ വെച്ചോന്നുമില്ല..”
പാത്തു കുറുമ്പോടെ പറഞ്ഞു.

“ഉവ്വാ…”

അവനപ്പോഴും കുസൃതി തന്നെയാണ്.

“ആ ഡ്രസ്സ്‌ ഇങ്ങ് താ..”
അവളുടെ മടിയിലെടുത്തു വെച്ച ഡ്രസ്സ്‌ ചൂണ്ടി ക്രിസ്റ്റി കൈ നീട്ടി.

ആ കൈകളിൽ അത് വെച്ചു കൊടുക്കുമ്പോഴും പാത്തു അവനെ നോക്കുന്നുണ്ടായിരുന്നില്ല.

“കഴിഞ്ഞു.. ഇനി പേടിക്കേണ്ട. എന്നെ നോക്ക് ”
വീണ്ടും ക്രിസ്റ്റിയുടെ സ്വരം കേട്ടപ്പോഴാണ് പാത്തു അവനെ നോക്കിയത്.

കറുത്ത ഫുള്ള് സ്ലീവ് ബനിയനും… ഗ്രേ കളർ പാന്റും.

പാത്തു അവനെ കണ്ണിമവെട്ടാതെ നോക്കി.
“മ്മ്…”
ക്രിസ്റ്റി അവളെ നോക്കി പുരികം പൊക്കി കാണിച്ച്.

“ഒന്നുല്ല..”
അത് പറയുമ്പോൾ അവൾക്കുമുണ്ടായിരുന്നു ഒരു കള്ളത്തരം.

“എനിക്ക് മനസ്സിലാവുന്നുണ്ട് കേട്ടോ…”
ചിരി കടിച്ചു പിടിച്ചു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

“എന്ത് മനസ്സിലായി..?”
അവളുടെ മുഖം കൂർത്തു.

“നിനക്കിത്രേം സെൽഫ് കണ്ട്രോൾ ഇല്ലെടി പാത്തോ ”
അതെ ഭാവത്തിൽ ക്രിസ്റ്റി പറഞ്ഞു.

“ഇച്ഛാ…”
കിടക്കയിൽ നിന്നും ചാടി ഇറങ്ങി വന്നവൾ തുടരെ അവന്റെ നെഞ്ചിൽ ഇടിച്ചു കൊണ്ട് കണ്ണുരുട്ടി.

“ഹൂ..വേദനിക്കുന്നെടി…”
ക്രിസ്റ്റി അവളുടെ കൈ രണ്ടും പിടിച്ചു വച്ചു കൊണ്ട് പറഞ്ഞു.

“പോ.. ഞാൻ മിണ്ടൂല..”പാത്തു ചുണ്ട് ചുളുക്കി കൊണ്ട് തിരിഞ്ഞു പോകും മുന്നേ ക്രിസ്റ്റി അവളെ വലിച്ചടുപ്പിച്ചു നെഞ്ചിൽ ചേർത്ത് പിടിച്ചു.

“മിണ്ടൂലെ…?”
അത് ചോദിച്ചു കൊണ്ടവൻ അവളെ പൊതിഞ്ഞു പിടിച്ചു.

“ഇല്ല..”
അവനൊപ്പം ചേർന്നു നിൽക്കുന്നതിന്റെ വിറയൽ പാത്തുവിന്റെ സ്വരത്തിലും പ്രകടമായിരുന്നു.

“ശെരിക്കും മിണ്ടൂലെ..?”
ക്രിസ്റ്റി പതിയെ അവളുടെ കാതിൽ ഉമ്മ വെച്ച് കൊണ്ട് ചോദിച്ചു..

“മ്മ്ഹ്ഹ്..”
പാത്തു പിടഞ്ഞു കൊണ്ട് മൂളി..

“ഈ മൂളൽ എനിക്കത്ര വിശ്വാസമില്ലല്ലോ പാത്തോ…”വീണ്ടും അവന്റെ ചുണ്ടുകൾ കുസൃതിയോടെ അവളിൽ പതിയുന്നുണ്ടായിരുന്നു.

ഒടുവിൽ കീഴടങ്ങി കൊണ്ട് പാത്തു അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു പിടിക്കും വരെയും അവനത് തുടർന്നു…

ഹൃദയതാളം കാതോർത്തു കൊണ്ട് ഒരക്ഷരം മിണ്ടാതെ അവരാ നിൽപ്പ് ഏറെ നേരം തുടർന്നു.

“എനിക്ക് പോവാൻ ടൈമായി പാത്തോ..”
ഒടുവിൽ വാച്ചിലേക്ക് നോക്കി ക്രിസ്റ്റി ഓർമ്മിപ്പിച്ചപ്പോൾ പാത്തു മനസ്സില്ലാതെ അവനിൽ നിന്നും അകന്ന് മാറി.

“ഇച്ഛയിനി എപ്പഴാ വരാ..?”
അവനെ പിരിയാനുള്ള സങ്കടമായിരുന്നു അവളുടെ വാക്കിലും നോക്കിലും.

“ഉച്ചക്ക് വരാം..”
ക്രിസ്റ്റി അവളുടെ മൂക്കിൽ പിടിച്ചുലച്ചു കൊണ്ട് ചിരിച്ചു.

“എനിക്കറിയാം പാത്തോ.. നിനക്കിവിടെ ബോറടിക്കുമെന്ന്. പോവാതെ കഴിയില്ലെടി. ഇത്രേം നാളും ഞാൻ കാത്തിരുന്ന ദിവസങ്ങളാണ്. ഒരു പാട് പ്രതീക്ഷകളോടെ.. ഇനിയത് കൈവിട്ടു കളയുന്നതെങ്ങനെ?ക്രിസ്റ്റി പാത്തുവിനെ നോക്കി.

“സാരമില്ല ഇച്ഛാ.. എനിക്കൊരു ബോറടിയുമില്ല. ഇച്ഛാ ധൈര്യമായിട്ട് പോയിക്കോ.ഞാനിവിടെ നമ്മടെ മറിയാമ്മച്ചിയുടെ കൂടെ കൂടും. പിന്നെന്ത് ബോറടി.. പുള്ളിക്കാരി പൊളിയല്ലേ..”

അവന്റെ മുഖം മങ്ങിയതും പാത്തു വേഗം പറഞ്ഞു.

“മ്മ്… ബോറടി മാറ്റുന്നതൊക്കെ കൊള്ളാം. വല്ലതും പറയുമ്പോൾ സൂക്ഷിച്ചും കണ്ടും പറയാൻ ശ്രദ്ധിക്കണം.. ഇല്ലെങ്കിൽ നീ ഉത്തരം കിട്ടാതെ വലയും ”

ഷെൽഫിനു മുന്നിൽ പോയി നിന്നിട്ട് മുടി ചീകി ഒതുക്കുന്നതിനിടെ ക്രിസ്റ്റി ഓർമ്മിപ്പിച്ചു.

“ഹോ.. അതൊരു അബദ്ധം പറ്റിയതാ ഇച്ഛാ. രണ്ടും കൂടി എന്നെ എടുത്തിട്ട് കുടഞ്ഞു ”

അവന് മുന്നിലേക്ക് വന്നു നിന്നിട്ട് പാത്തു ചിരിയോടെ പറഞ്ഞു.

“വൈകുന്നേരം.. നമ്മള് പോകുവോ ഇച്ഛാ?”

അവന്റെ നേരെ നോക്കി പാത്തു കൊഞ്ചലോടെ ചോദിച്ചു..

“പോണോ..?”
ഐഡി കാർഡ് എടുത്തു കൊണ്ടവൻ അവളെ നോക്കി.

“പോയാലോ…?”
അവനെ നോക്കിയൊന്ന് കണ്ണ് ചിമ്മി അവളാ ഐഡി വാങ്ങി അവന്റെ കഴുത്തിലിട്ട് കൊടുത്തു.

“എന്നാ പോയി കളയാം..ന്റെ പാത്തു പറഞ്ഞതല്ലേ .”

വീണ്ടും അവനവളിൽ ചുണ്ട് ചേർത്ത് കൊണ്ട് പ്രണയത്തോടെ പറഞ്ഞു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button