ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചീസ് ചൈനക്കാരുടേത്
ബെയ്ജിങ്: പൗരാണികമായ വെങ്കലയുഗത്തില്‍ ജീവിച്ച മനുഷ്യര്‍ ഉണ്ടാക്കിയതെന്ന് കരുതുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചീസ് ചൈനയില്‍ കണ്ടെത്തി. ബിസി 3,300നും ബിസി 1,200നും ഇടയില്‍ വടക്കുപടിഞ്ഞാറന്‍ ചൈനയിലെ മരുഭൂമിയില്‍ ജീവിച്ച മനുഷ്യരുടെ മൃതദേഹ ശേഷിപ്പുകള്‍ക്കൊപ്പമാണ് പുരാവസ്തു ഗവേഷകര്‍ ചീസ് കണ്ടെത്തിയിരിക്കുന്നത്.
സ്മോള്‍ റിവര്‍ സെമിത്തേരി നമ്പര്‍ അഞ്ചില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളില്‍ നിന്നും കണ്ടെത്തിയ ചീസിന് 3,600 വര്‍ഷം പഴക്കമുള്ളതായി ഡിഎന്‍എ പരിശോധനയില്‍ ബോധ്യപ്പെടുകയായിരുന്നു. മൃതദേഹങ്ങളുടെ തലയ്ക്കും കഴുത്തിനും ചുറ്റുമായി ചിതറിക്കിടക്കുന്ന തരത്തിലാണ് ചീസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ബാക്ടീരിയയും യീസ്റ്റും പാലുമായി സംയോജിപ്പിച്ച് കെഫീര്‍ സ്റ്റാര്‍ട്ടര്‍ ഉപയോഗിച്ചാണ് ഈ ചീസ് നിര്‍മ്മിച്ചത്.
ശവസംസ്‌കാര പ്രക്രിയകളുടെയും ഇവിടുത്തെ ഭൂപ്രകൃതിയുടേയും ഒക്കെ സവിശേഷതകള്‍ നിമിത്തമാണ് അവ കാലപ്പഴക്കത്താല്‍ നശിക്കാത്ത അവസ്ഥയില്‍ ചീസ് ഇത്രയും കാലം നിലനിന്നത്. വരണ്ട കാലാവസ്ഥയായതിനാലാവണം ഈ മൃതദേഹങ്ങള്‍ മമ്മിയായി രൂപാന്തരപ്പെട്ടതെന്നും ഗവേഷകര്‍ കരുതുന്നു.
ആദിമകാലം മുതലേ മനുഷ്യര്‍ മരണാനന്തരജീവിതത്തില്‍ വിശ്വസിച്ചിരുന്നൂവെന്നതിലേക്കാണ് ഈ കണ്ടെത്തല്‍ വെളിച്ചംവീശുന്നത്. മരണാനന്തര ജീവിതത്തില്‍ കഴിക്കുന്നതിന് വേണ്ടിയാവാം അന്നത്തെ മനുഷ്യര്‍ ചീസ് മരിച്ചവരുടെ മമ്മികള്‍ക്കൊപ്പം അടക്കം ചെയ്തതെന്നാണ് കരുതുന്നത്.