നിലാവിന്റെ തോഴൻ: ഭാഗം 109
രചന: ജിഫ്‌ന നിസാർ
“ഇന്നല്ലേ മോളെ അവന്റെ എക്സാം തീരുന്നത്? ”
വർക്കേരിയയിൽ ഇരുന്നു സംസാരിക്കുകയായിരുന്ന മറിയമ്മച്ചിയുടെയും ഡെയ്സിയുടെയും അരികിലേക്ക് ചെന്ന പാത്തുവിനോട് അവർ ചോദിച്ചു.
“മ്മ്..”
വിടർന്ന ചിരിയോടെ അവളൊന്നു മൂളിയതും രണ്ടു പേരും പരസ്പരമൊന്നു നോക്കി ചിരിയമർത്തി.
ഒരാഴ്ചയായി ക്രിസ്റ്റി എക്സാം തിരക്കുകളിലായിരുന്നു.
അവനെയും അവന്റെ സ്വപ്നങ്ങളുടെ മൂല്യങ്ങളെയും നന്നായി അറിയാവുന്ന പാത്തു ഒരു നോട്ടം കൊണ്ട് പോലും ശല്യം ചെയ്യാനായി ആ മുന്നിലേക്ക് പോയതുമില്ല..
തനിക്കരികിൽ ലോകം തന്നെ മറക്കുന്നൊരു ക്രിസ്റ്റിയെന്ന ഭർത്താവിനെ അവൾക്കറിയാം.
തനിക്കരികിലെത്തുമ്പോൾ അവൻ തന്നെ മാത്രമേ കാണൂ.
ആ സ്നേഹതലോടലുകളെയും.. ഇടയ്ക്കിടെ കൊതിപ്പിച്ചു പോകുന്ന പ്രണയചുംബനങ്ങളെയും മനഃപൂർവം മാറ്റി നിർത്തുമ്പോൾ ഉള്ളിലൂറി കൂടിയ നോവിനോടവൾ നിരന്തരം കലഹിക്കുന്നുണ്ടായിരുന്നു . “അവനൊന്നു ഫ്രീ ആയിട്ട് വരുന്നത് വരെയും ന്റെ ചെക്കനെ ശല്യം ചെയ്യരുതെന്ന് മനസ്സിനോട് സ്വയം വാണിങ് ചെയ്തു.
“നീ എന്തിനാ പാത്തു… എന്നോടിങ്ങനെ അകൽച്ച കാണിക്കുന്നത്.. നിന്റെ പ്രസൻസിൽ എനിക്ക് എക്സാം അറ്റന്റ് ചെയ്യാൻ കഴിയില്ലെന്ന് പേടിച്ചിട്ടാണോ “യെന്ന് വീണ്ടും വീണ്ടും ചോദിച്ചവനോട്… “ഞാനെന്റെ ഇച്ഛായിലേക്ക് കൂടുതൽ അടുക്കാനുള്ള ചെറിയൊരു അകലം.. ഇത് അങ്ങനെ കണ്ടാൽ മതിയെന്ന്” പറഞ്ഞിട്ടും വെളിച്ചമില്ലാത്ത ആ മുഖം കുറച്ചൊന്നുമല്ല സന്തോഷം നൽകിയത്.
അതവന്റെ സ്നേഹമായിരുന്നു.. തനിക്ക് നൽകുന്ന പരിഗണനയായിരുന്നു.
പാതിരാത്രി വരെയും… പുലർച്ചെയും പഠിക്കാനിരിക്കുന്നവന് വേണ്ടതെല്ലാം ഒരുക്കി കൊടുത്തു.
ദിലുവും മീരയുമെല്ലാം പരീക്ഷചൂടിലായിരുന്നത് കൊണ്ട് പാത്തു പതിയെ താഴെയുള്ളവരിലേക്ക് കൂട്ടായി മാറിയിരുന്നു.മറിയാമ്മച്ചിയും ഡെയ്സിയും ത്രേസ്യയും മാത്തനുമെല്ലാം അവളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു പലപ്പോഴും.
ക്രിസ്റ്റിക്ക് വേണ്ടിയാണ് അവളിങ്ങനെ അകന്ന് മാറി നിൽക്കുന്നതെന്ന് അവർക്കെല്ലാം മനസ്സിലായ കാര്യവുമായിരുന്നു.
അത് കൊണ്ട് തന്നെ അവളിലൊരു സങ്കടവും എത്താതെ നോക്കുക എന്നത് അവരുടെ ഉത്തരവാദിത്തം പോലായിരുന്നു.
❣️❣️
എഴുതി കഴിഞ്ഞതെല്ലാം ഒന്ന് കൂടി വായിച്ചു നോക്കി.. കയ്യിലുള്ള പേപ്പർ ക്ലാസ് മുറിയിലുള്ള സാറിനെ ഏല്പിച്ചു തിരിഞ്ഞ ക്രിസ്റ്റിയുടെ പിറകെ ഫൈസിയുമുണ്ടായിരുന്നു.
നട്ടുച്ച വെയിൽ പോലെ തിളങ്ങുന്ന അവരുടെ ചിരിയിലുണ്ടായിരുന്നു അവർ പ്രതീക്ഷിക്കുന്ന വിജയം തോട്ടരികിലുണ്ടായിരുന്നുവെന്ന്.
“വാ.. ഇന്നല്ലേ ലാസ്റ്റ് ഫങ്ക്ഷൻ..”
എക്സാം തീർന്നതിന്റെ അന്നുച്ചക്ക് ശേഷം.. അവർ ലാസ്റ്റ് ഇയർസിന്റെ ഒരു ഒത്തു കൂടൽ ഓടിറ്റോറിയത്തിൽ അറേൻജ് ചെയ്തിരുന്നു.
എക്സാം തീർന്ന് സ്വസ്ഥമായതിന്റെ ശേഷം മാത്രം മതി… ഇങ്ങനൊരു ഫങ്ക്ഷനെന്ന് തീരുമാനിച്ചതും അവരെല്ലാം ചേർന്നാണ്.
പരസ്പരം ഒന്നും മിണ്ടാതെ… ഒരുപാട് നടന്നു തീർത്ത ആ ക്യാമ്പസ് വഴികളിൽ
കൂടി ക്രിസ്റ്റീയും ഫൈസിയും ഒരിക്കൽ കൂടി ഒരുമിച്ച് നടന്നു.
എക്സാം എഴുതി തീരാത്ത ആര്യൻ നേരെ ഓടിറ്റോറിയത്തിലേക്ക് എത്തി കൊള്ളാം എന്ന് പറഞ്ഞത് കൊണ്ട് തന്നെ അവരവനെ കാത്ത് നിന്നുമില്ല.
പരിപാടി തുടങ്ങാൻ അര മണിക്കൂർ കൂടി ബാക്കിയുണ്ടായിരുന്നു.
അത്രേം നേരം ഒന്നും മിണ്ടാതെ ക്രിസ്റ്റീയും ഫൈസിയും അതാദ്യമായായിരുന്നു.
മനസ്സിൽ പേരറിയാത്ത ഏതൊക്കെയോ വികാരങ്ങൾ നിറഞ്ഞു നിൽപ്പുണ്ട്.. രണ്ടു പേരിലും.
വിട പറയാൻ ഒരുങ്ങി തൊട്ട് മുന്നിലെത്തി നിൽക്കുന്നത് അത്രമാത്രം പ്രിയപ്പെട്ട കുറെയേറെ നിമിഷങ്ങളാണെന്ന് ഉള്ളിൽ വിങ്ങി കിടപ്പുണ്ട്.
ഒരു ക്ലാസ്സിൽ വ്യത്യാസ്ഥ സ്വപ്നങ്ങളുമായി ഒരുമിച്ചു ഒത്തു കൂടിയവർ ഇനിയങ്ങോട്ട് പല വഴിയിലക്കുമായി ചിതറി തെറിച്ചു പോകും.
ജീവിതത്തിൽ ഒരു പുനർസംഗമം ഉണ്ടാവുമായിരിക്കും.
പക്ഷേ അപ്പോഴേക്കും ജീവിതത്തിൽ പല പല സിറ്റുവേഷനിൽ കൂടി കടന്ന് പോവേണ്ടി വന്നതിനാൽ ഈയൊരു അടുപ്പവും സ്നേഹവും ഇത് പോലെ തന്നെ ഉണ്ടാവുമെന്ന് യാതൊരു ഉറപ്പുമില്ല.എല്ലാവരിലും അത്
നല്ലത് പോലെ കുറഞ്ഞും പോയേക്കും.
ഇന്റർനെറ്റും സ്മാർട് ഫോണും നെസ്റ്റാൾജിയ കുറക്കുമൊക്കെ വെറുതെ.. വെറും വെറുതെ തോന്നുന്നതാണ്.
ചില സങ്കടങ്ങളും.. സന്തോഷങ്ങളും.. അതിനിടയിൽ പല മുഖങ്ങളും മനസ്സിൽ മായാതെ.. കുറേ കാലമുണ്ടാവുമെന്ന് ഉറപ്പുണ്ട്.ഒരു ഇന്റർനെറ്റിനും സ്മാർട് ഫോണിനും തിരിച്ചു തരാനാവാതെ…
കോളേജ് ഗ്രൗണ്ടിലേക്ക് നോക്കി.. വാക പൂക്കൾ പൊഴിഞ്ഞു വീണു കിടക്കുന്ന ഇരിപ്പിടങ്ങളിൽ ഇരിക്കുമ്പോൾ ഇനിയും ഇത്രയും സ്വതന്ത്ര്യത്തോടെ ഇവിടെയിരിക്കാൻ കഴിയില്ലെന്ന് ക്രിസ്റ്റീയും ഫൈസിയും വല്ലാത്തൊരു നോവോടെയാണ് ഓർത്തത്.
നാളെ മുതൽ ഈ ക്യാമ്പസിൽ പൂർവ്വവിദ്യാർത്ഥികളെന്ന വേറൊരു പേരിൽ കയറി വരാനായേക്കും.പക്ഷേ ഇന്ന് വരെയും അനുഭവിച്ച ആ ഒരു സുഖം.. ഫീൽ അതുണ്ടാവില്ല ആ വരവിന്.
അത്രയേറെ പ്രിയപ്പെട്ട… സ്വന്തമാണെന്ന് വെറുതെ മോഹിച്ച പലയിടത്തും പുതിയ… പല അവകാശികളെയും കണ്ടേക്കാം.
എന്റെ മക്കളെന്ന് സ്നേഹത്തോടെയും.. ഇത്രേം തല തെറിച്ചവരെ ഞാൻ വേറെ കണ്ടില്ലെന്ന് ശാസനയുടെയും പറഞ്ഞ അധ്യാപകർ… ഇതേ സ്നേഹവും ശാസനയും ഇനി വന്നു ചേരുന്നവരിലേക്കും പകർന്നു കൊടുക്കുന്നതിനും സാക്ഷിയായേക്കാം.
‘തീരേണ്ടായയിരുന്നു. അല്ലേടാ.. ”
അകലേക്ക് നോക്കി തന്നെ ക്രിസ്റ്റി ഫൈസിയോട് പറഞ്ഞു.
“മ്മ്..”
കുഞ്ഞൊരു മൂളലിൽ ഉത്തരം ഒതുക്കുമ്പോഴും ഫൈസി അവനെയും നോക്കിയില്ല.
ചിലയിടത്തു നിന്നും തിരിച്ചിറങ്ങി പോരേണ്ടത് അത്യാവശ്യമാണെങ്കിൽ പോലും… മനസ്സതിനൊരുക്കമില്ലാത്ത പോലെ അവിടങ്ങളിൽ തന്നെ ചുറ്റി തിരിയും..
പറയാതെ ഹൃദയത്തിലേക്കിടിച്ചു കയറി കൂടു കൂട്ടിയവരെ പോലെ… ആ ക്യാമ്പസിലെ ഓരോയിടങ്ങളും അവരെയപ്പോൾ വേദനിക്കുന്നുണ്ടായിരുന്നു.
ഹൃദയത്തിലേക്ക് കയറി വന്നപ്പോൾ കാണിച്ച ആ മാന്യതാ തിരിച്ചിറങ്ങാൻ നേരം ഇല്ലാതെ പോയോ?
ഇനി ഇവിടെയുള്ള ഓർമകൾ കൊണ്ട് ഹൃദയത്തെ ചവിട്ടി ഞെരിച്ചു ശിഥിലമാക്കിയാണ് ഇവിടുന്ന് യാത്രയാക്കുന്നത്.
ഒരിടത്തു നിന്നും ഇറങ്ങി നടക്കാൻ കഴിയാത്ത കാരണത്തെ സ്നേഹമെന്നല്ലാതെ വേറെന്തു വിളിക്കാനാണ്.. അല്ലേ?
“എഴുന്നേൽക്കെടാ.. പോവാം.”
ഫൈസിയാണ് ആദ്യം എഴുന്നേറ്റത്.തികച്ചും മൗനമായി തന്നെ തിരിച്ചും നടന്നു.
അവരെത്തുമ്പോൾ ആര്യൻ വാതിലിനടുത്ത് തന്നെ കാത്ത് നിൽപ്പുണ്ടായിരുന്നു.
“എടാ.. ഞാൻ ഫങ്ക്ഷന് നില്കുന്നില്ല. വീട്ടിൽ നിന്നും അമ്മ വിളിച്ചു.. അച്ഛന് ഒട്ടും വയ്യെന്ന് ”
അവരെ കണ്ടതും ആര്യൻ ധൃതിയിൽ അടുത്തേക്ക് വന്നിട്ട് പറഞ്ഞു.
അത്രയും സീരിയസായൊരു രീതിയിലാണ് ആര്യന്റെ അച്ഛന്റെ യാത്ര.
അതിനിടയിൽ വല്ലാതെ ഞെരുങ്ങി പോവുന്ന അവനുള്ള ഏക ആശ്വാസം ക്രിസ്റ്റീയും ഫൈസിയും തന്നെയാണ്.
“എങ്കിൽ.. ഞങ്ങൾ കൂടി വരാ ടാ..”
ക്രിസ്റ്റി പറഞ്ഞു
“അത് വേണ്ട… എനിക്കുള്ളത് കൂടി നിങ്ങളിവിടെ ആഘോഷിക്കണം ”
നേർത്തൊരു ചിരിയോടെ അത് പറഞ്ഞു പോവാൻ ഒരുങ്ങിയവനെ ഫൈസി അവന്റെ ബൈക്കിന്റെ കീ കൊടുത്തപ്പോഴേക്കും ക്രിസ്റ്റി പേഴ്സ് അടക്കം അവന്റെ പോക്കറ്റിലേക്ക് തിരുകി വെച്ച് കഴിഞ്ഞിരുന്നു.
ആര്യൻ എന്തെങ്കിലും പറയും മുന്നേ ക്രിസ്റ്റീയും ഫൈസിയും ഓടിറ്റൊറിയത്തിന്റെ അകത്തേക്ക് നടന്നു.
പാട്ടും ഡാൻസും വിഭാവസമൃദമായ ഭക്ഷണവുമെല്ലാം അവിടെ നിരന്നിരുന്നു.
പക്ഷേ.. അപ്പോഴും വിടപറഞ്ഞു പിരിയേണ്ടി വരുന്ന വലിയൊരു സങ്കടം പേറിയ മനസ്സോടെയാണ് അവിടിരുന്നവരെല്ലാം.
ജീവിതയാത്രയിൽ ഇനിയും ഒത്തു കൂടണമെന്നും പരസ്പരം സൗഹൃദം സൂക്ഷിക്കാണെന്നും ഉറപ്പ് പറയുമ്പോഴും തിരക്കിന്റെ ഈ ലോകത്ത് അത് സാധ്യമാവില്ലേ എന്നൊരു വേവലാതി മുഴച്ചു നിന്ന മുഖങ്ങൾ.
ആൺകുട്ടികൾ ആണെന്നുള്ള പേരിൽ കണ്ണ് നിറച്ചില്ലെങ്കിലും അവിടെ കൂടിയ പെൺകുട്ടികൾ മിക്കതും നിറഞ്ഞ കണ്ണുകളോടെയാണ് ഇരിക്കുന്നത്.
മഴയെത്ര വന്യമായി പെയ്തിറങ്ങിയാലും പിന്നെയും ചാറി ചീഞ്ഞു ഇറ്റി വീഴുന്ന മരപെയ്ത് പോലെ… മറവിയെത്ര തട്ടിയെടുക്കാൻ ശ്രമിച്ചാലും മനസ്സിലെവിടെയോ പൊടി മൂടിയാണേലും അവശേഷിക്കുന്ന വിങ്ങുന്ന ഓർമകളിൽ ഏറ്റവും ആദ്യമാത്തുന്നത് ഈ കലാലയത്തിന്റെ ഓർമകൾ തന്നെയായിരിക്കുന്നുമെന്ന് അവർക്കെല്ലാം അത്രമേൽ ഉറപ്പുണ്ടായിരുന്നു.
വഴക്ക് പറഞ്ഞ അധ്യാപകരും വഴക്ക് കൂടിയ സഹപാടികളും ഒരുപോലെ വേദനിച്ച നിമിഷങ്ങൾ..എല്ലാമൊരു നേർത്ത ചിരിയോടെ ഉള്ളിലൊതുക്കി കൊണ്ടവർ അവിടെ നിന്നും പടിയിറങ്ങി..
❣️❣️
കുന്നേൽ ബംഗ്ലാവിന്റെ ഗേറ്റിനോരം എത്തിയതും മനസ്സിലെ ആകുലതകളെയെല്ലാം കുടഞ്ഞെറിയുന്ന പോലെ ക്രിസ്റ്റി തലയൊന്ന് വെട്ടിച്ചു.
അവനറിയാം.. തന്റെ മുഖമൊന്നു വാടിയാൽ പോലും ഉള്ളുലയാൻ മാത്രം സ്നേഹം സൂക്ഷിച്ചു കൊണ്ട് തനിക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് അതിനകത്തിപ്പോഴുള്ളവരെന്ന്.
അവർക്കൊരു വേദനയാവാതിരിക്കാൻ വേണ്ടിയെങ്കിലും അവന് തത്കാലം ഈ സങ്കടത്തിന്റെ മൂട് പടം പൊഴിച്ചു കളഞ്ഞേ മതിയാവൂ.
പോർച്ചിലേക്ക് ബൈക്ക് നിർത്തി ഒരു നെടുവീർപ്പോടെ അതിന്റെ മുന്നിൽ വെച്ച ബാഗ് കയ്യിലെടുത്തു.
നനുത്തൊരു ചിരിയോടെ അകത്തേക്ക് കയറി.
തന്റെ ബൈക്കിന്റെ ശബ്ദം കേട്ടിട്ടാവും, ഓടി പിടഞ്ഞു വന്നവളെ ഇടിച്ചു കൊണ്ടാണ് ഹാളിലേക്ക് കയറിയത്.
അവനെ തട്ടി വീഴും മുന്നേ ഇടുപ്പിൽ കൈ ചേർത്ത് കൊണ്ടവൻ പാത്തുവിനെ താങ്ങി പിടിച്ചു.
“എവിടായിരുന്നു.. ഇങ്ങനെ കിടന്നു ഓടാൻ?”
തന്നെ കണ്ടതും നക്ഷത്രം പോലെ തിളങ്ങുന്ന ആ മുഖത്തു നോക്കി ചിരിയോടെ ക്രിസ്റ്റി ചോദിച്ചു.
“ഞാൻ.. അപ്പറത്ത്..”
പിന്നിലേക്ക് കൈ കാണിച്ചു കൊണ്ടവൾ അവനിൽ ചേർന്നു നിന്നു..
“അവിടെന്തുവാ പരിപാടി?”
പാറി കിടക്കുന്ന മുടിയിഴകളെ ഒതുക്കി കൊണ്ടവൾ വീണ്ടും ചോദിച്ചു.
ഒരാഴ്ചയായി അവളെ ഇത്രേം അടുത്ത് കിട്ടുന്നത് തന്നെ.
താനങ്ങോട്ട് ചെല്ലുന്നത് പോലും തടയും.
“സ്കൂളിൽ പോണ ചെക്കൻ.. ആദ്യം എക്സാമിനുള്ളത് പ്രിപ്പർ ചെയ്യേന്ന് കുറുമ്പോടെ പറഞ്ഞിട്ട് ഓടി മറയും.
“അവിടെല്ലാരും ഉണ്ട്.. ഇച്ഛയും വാ..”
അവന്റെ കയ്യിലുള്ള ബാഗ് വാങ്ങി കൊണ്ട് പാത്തു വിളിച്ചു.
“എനിക്കങ്ങോട്ടല്ല പാത്തോ പോണ്ടത്. കുറേയേറെ കടങ്ങൾ വീട്ടനുണ്ട്. നമ്മുക്കാദ്യം നമ്മുടെ സ്വർഗത്തിലേക്ക് പോയാലോ?”
ക്രിസ്റ്റി കുറുമ്പോടെ പാത്തുവിന്റെ മൂക്കിൽ പിടിച്ചുലച്ചു കൊണ്ട് പറഞ്ഞതും പെണ്ണ് ചെമ്പരത്തി പോലെ ചോന്തു തുടിച്ചു.
“പോയാലോ..?”
മുഖം കുനിച്ചു നിൽക്കുന്നവളുടെ കാതോരം വീണ്ടും പതിയെ ചോദിച്ചു.
പാത്തു ഒന്നും മിണ്ടാതെ തിരിച്ചോടിയതും മനോഹരമായൊരു ചിരിയോടെ ക്രിസ്റ്റിയും അവൾക്കൊപ്പം അടുക്കള മുറ്റത്തേക്ക് ചെന്നു.
പാത്തു പറഞ്ഞത് പോലെ എല്ലാവരും നിരന്നിരിപ്പുണ്ട്.
മറിയാമ്മച്ചിയും ത്രേസ്യയും കൂടി വലിയൊരു ചരുവത്തിലേക്ക് മാങ്ങ കഷ്ണങ്ങളാക്കി പൂളിയിടുന്നുണ്ട്.തോട്ടത്തിൽ നിന്നും രാവിലെ അവരെല്ലാരും കൂടി പറിച്ചെടുത്തതാണ്.. ഇനിയത് പല വിഭവങ്ങളായി മാറ്റും.
ഡെയ്സി ഒരു ബക്കട്ടിലിട്ട് മാങ്ങകൾ കഴുകി തുടച്ചു കൊടുക്കുന്നു.
മീരയും ലില്ലിയും വേറെന്തൊക്കെയോ പണികൾ.
ദിലു മാങ്ങ ഉപ്പും കൂട്ടി തിന്നു കൊണ്ട് കസേരയിലിരിക്കുന്ന മാത്തനെ ചാരി ഫോണിൽ തോണ്ടി ഇരിപ്പുണ്ട്.എക്സാം കഴിഞ്ഞതിന്റെയൊരു സന്തോഷം അവളുടെയും മീരയുടെയും മുഖത്തു നിറഞ്ഞു നിൽപ്പുണ്ട്.
“ആഹാ… ഇവിടെന്താ പരിപാടി?”
ക്രിസ്റ്റി ചിരിയോടെ അങ്ങോട്ട് ചെന്നതും അവിടൊരു സന്തോഷത്തിന്റെ മർമരം ഓളമിട്ടത് പോലെ.
“പരീക്ഷയൊക്കെ നന്നായി എഴുതിയോടാ?”
അവനെ കണ്ടതെ മറിയാമ്മച്ചി ആദ്യം ചോദിച്ചത് അതായിരുന്നു.
“പിന്നല്ലാതെ… ഞാൻ പഠിക്കാൻ പോകുന്നതായിരുന്നു ഹേ ”
ക്രിസ്റ്റി മനഃപൂർവം മുഖം ചുളിച്ചു കൊണ്ട് അവരുടെ അരികിലേക്കിരുന്നു കൊണ്ട് പറഞ്ഞു.
“ഉവ്വാ…”
അവന്റെ അതേ ഭാവത്തിലൊരു നോട്ടം കൊടുത്തിട്ട് മറിയാമ്മച്ചിയും തിരിഞ്ഞിരുന്നു.
“ചായ വേണോ ടാ മോനെ?”
ഡെയ്സി ക്രിസ്റ്റിയെ നോക്കി.
“ചായയൊന്നും വേണ്ട..”
മീരയുടെ അരികിൽ തന്നെ നോക്കി നിൽക്കുന്ന പാത്തുവിനെ നോക്കിയൊന്ന് കണ്ണ് ചിമ്മി കൊണ്ടാണ് ക്രിസ്റ്റിയത് പറഞ്ഞത്.
“നിനക്ക് പിന്നെയിപ്പോ എന്നതാ വേണ്ടത്?”
മറിയാമ്മച്ചി വീണ്ടും അവനു നേരെ തിരിഞ്ഞിരുന്നു.
“എനിക്കിപ്പോ ഒന്നും വേണ്ട.. ന്റമ്മോ ”
ആ മുഖം ചുളിയുന്നത് കണ്ടതും ക്രിസ്റ്റി പെട്ടന്ന് പറഞ്ഞു.
“ചേട്ടായിക്ക് വേണോ..?”
കയ്യിലുള്ള ഉപ്പും മാങ്ങയും നീട്ടി കൊണ്ട് ദിലു ക്രിസ്റ്റിയുടെ അരികിലേക്കിരുന്നു.
“പിന്നെ.. വേണ്ടാതെ…”
അതിൽ നിന്നൊരു കഷ്ണമെടുത്ത് കടിച്ചു കൊണ്ട് ക്രിസ്റ്റി കണ്ണുകൾ ഇറുക്കി അടച്ചു.
“നിനക്ക് വേണോ..?”
അപ്പോഴും തന്നെ നോക്കി നിൽക്കുന്ന പാത്തുവിനെ നോക്കി ക്രിസ്റ്റി ചോദിച്ചു.
“അതിന് നിന്റെ സ്കൂളിൽ പോക്ക് കഴിഞ്ഞിട്ട് നീ അവൾക്കൊരു അവസരം കൊടുക്കണ്ടേ..”
പാത്തു എന്തെങ്കിലും പറയും മുന്നേ മറിയാമ്മച്ചി പറഞ്ഞതും അവിടൊരു കൂട്ടചിരി മുഴങ്ങി.
മൂവന്തി നേരം പോലെ.. ചുവന്നു തുടുത്ത തന്റെ പെണ്ണിന് നേരെ കൃഷിയുടെ കണ്ണുകൾ പാഞ്ഞു.
അവളുടെയാ ഭാവം… അവനെയേറെ മോഹിപ്പിക്കുന്നുണ്ടായിരുന്നുവപ്പോൾ.
“തലക്ക് ചുറ്റും നാവ് മാത്രമല്ല… കണ്ണ് കൂടിയുണ്ട്. ല്ലേ?”
മറിയമ്മച്ചിയെ നോക്കി പല്ല് കടിച്ചു കൊണ്ട് ക്രിസ്റ്റി ചോദിച്ചു.
ഒന്ന് ചിരിച്ചതല്ലാതെ അവരൊന്നും മിണ്ടിയില്ല..
പകൽ വെളിച്ചം അവരുടെ സംസാരങ്ങൾക്കിയിൽ കൂടി പതിയെ മാഞ്ഞു പോകുന്നുണ്ടായിരുന്നു.
നേരം പോകുന്നതറിയാതെ പറയുവാൻ അവർക്കേറെ വിശേഷങ്ങളുമുണ്ടായിരുന്നു. അങ്ങോട്ട് വന്നപ്പോഴുണ്ടായിരുന്ന വിഷമങ്ങളെയും കൊണ്ടാണ് അന്നത്തെ പകൽ യാത്ര പറഞ്ഞതെന്ന് തോന്നി ക്രിസ്റ്റിക്കും.
അസ്വസ്തകളൊന്നുമില്ലാത്ത ഒരു ഒത്തു കൂടൽ.
ഒരുമിച്ച് പ്രാർഥന നടത്തിയും.. ഒരുമിച്ച് ഭക്ഷണം കഴിച്ചും.. അവരോരുത്തരും ആ നിമിഷങ്ങളെ കൂടുതൽ മനോഹരമാക്കുന്നുണ്ടായിരുന്നു.
❣️❣️
ഭക്ഷണം കഴിഞ്ഞു പിന്നെയും ഏറെ നേരം കഴിഞ്ഞതിനു ശേഷമാണ് ക്രിസ്റ്റി മുകളിലേക്ക് കയറിയത്.
അവൻ നോക്കുമ്പോഴെല്ലാം പാത്തുവിനൊരു ഒളിച്ച് കളിയുണ്ട്.
അതവനും ആസ്വദിക്കുന്നുണ്ട്.
മുറിയിലേക്കുള്ള സ്റ്റെപ്പ് കയറും വഴി വെറുതെയൊന്ന് തിരിഞ്ഞു നോക്കിയതും പെണ്ണ് പെട്ടന്ന് നോട്ടം തെറ്റിച്ചു.
ചിരി അടക്കി പിടിച്ചു കൊണ്ടാണ് ക്രിസ്റ്റി മുറിയിലെത്തിയത്.
കുളിച്ചു വേഷം മാറി… ഫോണോന്ന് നോക്കി.
എന്നിട്ടും അവളെയങ്ങോട്ട് കാണുന്നുണ്ടായിരുന്നില്ല.
താഴെക്കൊന്ന് പോയി നോക്കണമെന്നുണ്ടായിരുന്നു.
പക്ഷേ മറിയാമ്മച്ചി കണ്ടാൽ എന്തൊക്കെ വിളിച്ചു പറയുമെന്ന് യാതൊരു ഊഹവുമില്ലാത്തത് കൊണ്ട് തന്നെ അവനാ ശ്രമം ഉപേക്ഷിച്ചു.
പിന്നെയും പത്തു മിനിറ്റോളം ഫോണിൽ അലഞ്ഞു തിരിഞ്ഞു.
ഒടുവിൽ പൂച്ചയെ പോലെ പമ്മി പമ്മി മുറിയിലേക്ക് വരുന്നവളെ കാണെ അവനു ചിരി വന്നു.
“നിനക്കെന്താണ് പാത്തോ ഒരു കള്ളത്തരം..?കയ്യിലെ ഫോൺ ഓഫ് ചെയ്തു കിടക്കയിലേക്കിട്ട് കൊണ്ട് ക്രിസ്റ്റി എഴുന്നേറ്റിരുന്നു.
“എനിക്കോ…?
പത്തു തിരിച്ചു ചോദിച്ചു.
“പിന്നെ എനിക്കാണോ.. എന്നുമില്ലാത്ത ഒരു.. ഒരു..”
ക്രിസ്റ്റി ചിരിയോടെ അവളെ നോക്കി.
“പോ.. ഇച്ഛാ.. എനിക്കങ്ങനെ ഒന്നുല്ല ”
മുഖത്തെ പതർച്ച അവൻ കാണാതിരിക്കാൻ പാത്തു ഷെൽഫിന് നേരെ നിന്നിട്ട് പറഞ്ഞു.
“കുളിച്ചിട്ട് വരാം..”
കയ്യിൽ കിട്ടിയ ഒരു കൂട്ടം ഡ്രസ്സ് വലിച്ചെടുത്തു കൊണ്ടവൾ അവനെ നോക്കി.
“ആയിക്കോട്ടെ…”
ക്രിസ്റ്റി ഒരു താളത്തിൽ പറഞ്ഞു കൊണ്ട് കണ്ണ് ചിമ്മി.
ഓടും പോലെ.. പാത്തു ബാത്റൂമിൽ കയറി വാതിലടച്ചു.
ക്രിസ്റ്റി വീണ്ടും ഫോൺ കയ്യിലെടുത്തു.
അവനറിയാമായിരുന്നു ആ കുളി അൽപ്പം നീളുമെന്ന്.
“ഇനി നീ ഇറങ്ങി വന്നില്ലേ.. സത്യമായും ഞാനിത് ചവിട്ടി പൊളിക്കുവേ…”
പുറത്ത് നിന്നും ക്രിസ്റ്റിയുടെ ഭീക്ഷണി കേട്ടതും പാത്തു ഇനിയും അവിടെ നിന്നാൽ ശെരിയാവില്ലന്ന് തോന്നി വേഗം കുട്ടിയെടുത്തു.അര മണിക്കൂർ കഴിഞ്ഞും കുളിക്കാൻ പോയവളെ കാണാഞ് വിളിച്ചു നോക്കിയതാണ്.
“കുളിക്കാനും സമ്മതിക്കില്ലേ.. കഷ്ടമുണ്ട് ഇച്ഛാ ”
ക്രിസ്റ്റി എന്തെങ്കിലും പറയും മുന്നേ അവളതും പറഞ്ഞു കൊണ്ടവനെ തുറിച്ചു നോക്കി.
“ഇതെന്തോന്ന്….”
അവളുടെ പോക്ക് കണ്ടതും അവൻ അന്താളിപ്പോടെ കൈ മലർത്തി കാണിച്ചു.
പക്ഷേ പാത്തുവിന്റെ വെപ്രാളം കണ്ടതും അവനു വീണ്ടും ചിരി വന്നു.
“ഇന്നലത്തെ പോലല്ലോ ഇന്നെന്റെ പാത്തു. അതെന്താ?”
പിന്നിൽ നിന്ന് അവളെ ഗാഡമായി പുണർന്നു കൊണ്ടവൻ അവളുടെ തോളിലേക്ക് മുഖം ചേർത്ത് വെച്ച് കൊണ്ട് ചോദിച്ചു.
“നിനക്ക് സമ്മതമല്ലാതെ ഇച്ഛയൊന്നും ചെയ്യില്ലെടി..ഇങ്ങനെ വിറക്കല്ലേ ”
വളരെ പതിയെ അവനത് പറയുമ്പോൾ പാത്തുവിന്റെ നെഞ്ചിടിപ്പ് ശാന്തമാകുന്നുണ്ടായിരുന്നു.
അവന്റെ കൈകൾക്കുള്ളിൽ നിന്നും ഒന്ന് തിരിഞ്ഞതും പാത്തു അവന്റെ നെഞ്ചിൽ ചേർന്നു.
കൈകൾ കൊണ്ടവന്റെ കഴുത്തിൽ ചുറ്റി പിടിച്ചു കൊണ്ട് തിരിച്ചും പുണരുമ്പോൾ… മനസ്സിലെ വേവലാതികളെല്ലാം അഴിഞ്ഞുലഞ്ഞു പോകുന്നുണ്ടായിരുന്നു.
നിർവജിക്കാൻ കഴിയാത്തൊരു സ്നേഹം, രണ്ടു പേരിലും പൊട്ടി മുളക്കുന്നുണ്ടായിരുന്നു.
സ്നേഹത്തോടെയുള്ള ഒരു ആലിംഗനം.. സ്നേഹത്തിന്റെ പ്രകടമായൊരു കൈമാറ്റമാണല്ലോ..!
സ്നേഹത്താൽ വീർപ്പു മുട്ടുന്ന ഹൃദയങ്ങൾക്കുള്ള മരുന്ന് കൂടിയാണത്.!
ഒരു കരവലയത്തിലൊതുങ്ങി…സ്നേഹബദ്ധരാണെന്നും ഈ ഹൃദയത്തിനുള്ളിലും കൈകൾക്കുള്ളിലും സുരക്ഷിതമാണെന്നും കൂടിയുള്ള ഓർമപ്പെടുത്തണല്ലോ..
ആത്മാവിലെന്ന പോലെ.. അലിഞ്ഞു ചേർന്ന നിമിഷങ്ങൾ.
പാത്തു തന്നെയാണ് ആദ്യം വേർപ്പെട്ടു മാറിയതും.
ക്രിസ്റ്റിയെ നോക്കാൻ അവൾക്കാവുന്നില്ല.. അപ്പോഴും.
അന്ന് വരെയും കണ്ടത് പോലൊരു ഭാവമല്ലായിരുന്നു അവനിൽ നിറഞ്ഞു നിന്നതൊക്കെയും.
പ്രണയം അതിന്റെ ഏറ്റവും തീവ്രമായി അവന്റെ കണ്ണുകളിൽ ജ്വലിക്കുന്ന പോലെ.
“എക്സാം കഴിഞ്ഞിട്ട് എന്നൊരു വാക്കുണ്ടായിരുന്നു.. മറന്ന് പോയോ അത്?”
വീണ്ടും ക്രിസ്റ്റി അവളുടെ അരികിലേക്ക് ചെന്നിട്ട് ചോദിച്ചു.
“എന്താവോ.. എനിക്കൊന്നും ഓർമയില്ല ഇച്ഛാ. ഒറക്കം വന്നിട്ടാണെന്ന് തോന്നുന്നു ”
ധൃതിയിൽ പറഞ്ഞു കൊണ്ട് അവൻ കൈ നീട്ടി പിടിക്കും മുന്നേ പാത്തു കിടക്കയിലേക്ക് കയറി കിടന്നിട്ട് പുതപ്പിട്ട് മൂടി.
ചുണ്ട് കടിച്ചു പിടിച്ചു ചിരിയൊതുക്കി കൊണ്ട് ക്രിസ്റ്റീയും അവൾക്കരികിൽ പോയി കിടന്നു.
അവൻ കിടന്നെന്ന് മനസ്സിലായതും പാത്തു പിന്നെ ശ്വാസം വിട്ടത് കൂടിയില്ല.
ക്രിസ്റ്റീയും ഒന്നും മിണ്ടാതെ അതേ കിടപ്പ് തുടർന്നു.
ഇത്തിരി നേരം കഴിഞ്ഞിട്ടും അനക്കമൊന്നും കേൾക്കുന്നില്ലന്നു കണ്ടതും പാത്തു മെല്ലെ തലയിലൂടെ വലിച്ചിട്ട പുതപ്പ് മാറ്റി അവനെ തല ചെരിച്ചു നോക്കി.
അവളെ തന്നെ നോക്കി ചെരിഞ്ഞു കിടക്കുന്ന അവനെ കണ്ടതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു.
“ന്തേയ്.. ഉറങ്ങിയില്ലേ?”
ക്രിസ്റ്റി അവളുടെ കവിളിൽ തട്ടി കൊണ്ട് ചോദിച്ചു.
“സത്യായിട്ടും ഇനിക്കൊറക്കം വന്നിട്ടാ ഇച്ഛാ ”
പാത്തു അവനെ നോക്കി.
“ആഹ്.. ഞാൻ വിശ്വസിച്ചു..”
അപ്പോഴും അവന്റെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു.
“നീ ഉറങ്ങിക്കോ.. എനിക്കുറക്കം വരും വരെയും ഞാനിങ്ങനെ കൊതി തീരെ നോക്കി കിടക്കും ”
പ്രണയം കൊണ്ട് തിങ്ങിയ അവന്റെ വാക്കുകൾ.
പാത്തു വീണ്ടും ആ കണ്ണിലെ കാന്തത്തിലുടക്കി പോയിരുന്നു.
വീണ്ടും പുതച്ചു മൂടി കിടക്കണമെന്നുണ്ടായിട്ടും അവന്റെ നോട്ടത്തിൽ അനങ്ങാൻ കൂടി കഴിയാത്ത പോലെ.
“എന്തിനാ നീയിങ്ങനെ പേടിക്കുന്നത്?”
ക്രിസ്റ്റി ചിരിയോടെ കൈ നീട്ടി അവളുടെ കവിളിൽ തൊട്ട് കൊണ്ട് ചോദിച്ചു.
“എനിക്കറിയില്ല..”
പാത്തുവിന്റെ സ്വരം നേർത്തു.
ക്രിസ്റ്റിയുടെ നെഞ്ചിലേക്ക് ചേർന്നു കിടന്നു കൊണ്ടവൾ അവനെ നോക്കി.
“മുന്നേ പറഞ്ഞത് തന്നെ എനിക്കിപ്പോഴും പറയാനൊള്ളൂ.. ഭയന്ന് വിറച്ചു കൊണ്ടാവരുത് എന്റെ പെണ്ണെന്റെ പ്രണയം അറിയേണ്ടത്.. അനുഭവിക്കേണ്ടത് ”
നേരെ കിടന്നു കൊണ്ട് പാത്തുവിനെയും പൊതിഞ്ഞു പിടിച്ചു കൊണ്ടവൻ പറഞ്ഞു.
“എങ്ങനുണ്ടാരുന്നു എക്സാം?”
പാത്തു അതപ്പോഴാണ് ചോദിച്ചത്.
“ഞാൻ പ്രതീക്ഷതിലും നന്നായി അറ്റന്റ് ചെയ്യാൻ പറ്റി..”
സംസാരം മറ്റുള്ള വിഷയങ്ങളിലേക്ക് തെന്നി നീങ്ങിയതും പാത്തു പഴയ പവറിലേക്ക് വന്നിരുന്നു.
കോളേജിലെ അന്നത്തെ വിശേഷങ്ങളെല്ലാം അവളോട് പറഞ്ഞു കൊണ്ടവനും എഴുന്നേറ്റിരുന്നു.
“വിഷമണ്ടോ ഇച്ഛക്..?”
ക്രിസ്റ്റിയോട് ചേർന്നിരുന്നു കൊണ്ട് പാത്തു ചോദിച്ചു.
“ഉണ്ടോ ന്ന് ചോദിച്ച.. ഉണ്ടായിരുന്നു. ഇപ്പോഴില്ല..”
ക്രിസ്റ്റി കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു.
“അതെന്താ ഇല്ലാത്തത്?”
പാത്തുവിന്റെ കണ്ണുകൾ കൂർത്തു..
‘നിന്നോടൊപ്പമുള്ള നിമിഷങ്ങളിൽ ഞാനും നീയുമൊഴികെ മറ്റൊന്നും ഞാൻ ഓർക്കാറില്ല”
പാത്തുവിന്റെ വിരൽ കോർത്തു പിടിച്ചു കൊണ്ടവൻ പറഞ്ഞു.
അടക്കാനാവത്ത സന്തോഷത്തോടെ പാത്തുവിന്റെ ചുണ്ടുകൾ അവന്റെ കവിളിൽ അമർന്നു.
ആവേശത്തിൽ അവൾ തുടങ്ങി വെച്ചത് പതിയെ അവനും ഏറ്റെടുക്കുകയായിരുന്നു.
പ്രണയത്തിന്റെ പുത്തൻ ഭാവങ്ങളുടെ ലോകത്തിന്റെ പതിയെ അവന്റെ കൈ പിടിച്ചു കൊണ്ടവളും ഇറങ്ങി ചെന്നു.
വിറച്ചും കിതച്ചും പിന്മാറി ഓടാൻ വെമ്പാതെ.. ക്രിസ്തിയൊരുക്കിയ വസന്തത്തിൽ അവളൊരു ഭംഗിയുള്ള പൂവായി മാറുകയായിരുന്നു.
അവനവളിലൊരു പൂമ്പാറ്റയും………കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…