" "
Novel

സൂര്യനെ മോഹിച്ചവൾ: ഭാഗം 67 || അവസാനിച്ചു

രചന: ശിവ എസ് നായർ

മുന്നിലെ രംഗങ്ങൾ കണ്ട് തരിച്ചു നിൽക്കുകയാണ് അഭിഷേക്. ഒരു വേള താനെത്താൻ വൈകിപ്പോയോ എന്ന് പോലും അവൻ സംശയിച്ചു.

ആദ്യത്തെ പകപ്പൊന്ന് മാറിയതും അഭിഷേക് ധൃതിയിൽ സൂര്യനെയും രതീഷിനെയും ആശുപത്രിയിലേക്ക് കൊണ്ട് പോകാനുള്ള ഏർപ്പാടുകൾ ചെയ്തു.

നീലിമയിൽ നിന്നും നടന്നതൊക്കെ ചോദിച്ചറിഞ്ഞ അഭിഷേക് തറവാടിനുള്ളിൽ നിന്നും കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സനലിനെ കസ്റ്റഡിയിൽ എടുത്തു.

സൂര്യന് വയറിനേറ്റ മുറിവ് ആഴത്തിലുള്ളതായിരുന്നു. കൊല്ലാൻ വേണ്ടി മർമ്മം നോക്കി തന്നെയാണ് രതീഷ് അവനിൽ കഠാര കുത്തിയിറക്കിയതെന്ന് അഭിഷേകിന് മനസ്സിലായി. അതുകൊണ്ട് തന്നെ സൂര്യന്റെ അവസ്ഥയും കുറച്ചു മോശമായിരുന്നു.

ഊണും ഉറക്കവും വെടിഞ്ഞ് സദാ സമയവും നീലിമ ആശുപത്രി വരാന്തയിൽ അവന് കാവലിരുന്നു. രണ്ടാഴ്ചയായി സൂര്യൻ തീവ്ര പരിചരണ വിഭാഗത്തിൽ തന്നെയാണ്.

ആ സമയം കൊണ്ട് രതീഷിന്റെ മുറിവുകൾ ഭേദമായിരുന്നു. അവന് ശിരസ്സിൽ എട്ട് തുന്നലുണ്ടായിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത അഭിഷേകിന്റെ നേതൃത്വത്തിൽ ജയിലിലേക്ക് മാറ്റി. രതീഷിനെ ജയിലിലേക്ക് മാറ്റിയിരുന്നു.

ദിവസങ്ങൾ ഒത്തിരി കടന്ന് പോയി. രാത്രികളും പകലുകളും മാറി മാറി വന്ന് കൊണ്ടിരുന്നു. നീലിമ യാതൊന്നും അറിയുന്നുണ്ടായിരുന്നില്ല. മെഴുകുതിരി നാളം പോലെ സ്വയമുരുകി തീരുന്ന പെണ്ണിനെ അലിവോടെ നോക്കി നിൽക്കാനേ അഭിഷേകിന് കഴിഞ്ഞുള്ളൂ. അവനോ പരമു പിള്ളയോ എത്ര നിർബന്ധിച്ചിട്ടും നീലിമ ആശുപത്രി വിട്ട് പോരാൻ കൂട്ടാക്കിയില്ല.

സൂര്യൻ അപകടനില തരണം ചെയ്തുവെന്ന് കേൾക്കുന്നത് വരെ പ്രാർത്ഥനയോടെ ആശുപത്രി വരാന്തയിൽ കഴിച്ചു കൂട്ടുകയായിരുന്നു അവൾ. അവൻ സുഖം പ്രാപിച്ചു വരുന്നുണ്ടെന്നും മരുന്നുകളോട് സൂര്യന്റെ ശരീരം പ്രതികരിച്ചു തുടങ്ങിയെന്നും കേട്ടപ്പോൾ സകല ദൈവങ്ങളെയും വിളിച്ച് അവൾ കരഞ്ഞു. അപ്പോഴേക്കും ആഴ്ചകളായുള്ള ഉറക്ക ക്ഷീണവും ഭക്ഷണം ശരിക്ക് കഴിക്കാത്തതും നീലിമയുടെ ശരീരത്തെ നന്നേ തളർത്തിയിരുന്നു.

“സൂര്യനെ റൂമിലേക്ക് മാറ്റുന്നുണ്ട്. ഇപ്പോൾ അയാളുടെ കണ്ടീഷൻ ബെറ്ററാണ്. എന്നാലും ശരീരം അധികം ഇളക്കാൻ പാടില്ല. ഒരാഴ്ച കൂടി കഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാം.

പിന്നെ എപ്പോഴും കൂടെ ആളുണ്ടാവണം. തനിച്ചൊന്നും ചെയ്യാൻ അനുവദിക്കരുത്. മരുന്നും ഭക്ഷണവുമൊക്കെ കൃത്യ സമയത്ത് തന്നെ കൊടുക്കണം.”

സൂര്യനെ പരിശോധിച്ചിരുന്ന ഡോക്ടർ, അഭിഷേകിനു നിർദേശങ്ങൾ കൊടുക്കുകയാണ്. എല്ലാം കേട്ട് അവൻ തലകുലുക്കി സമ്മതിച്ചു.

സൂര്യൻ ഐ സി യുവിൽ കിടന്ന മൂന്നാഴ്ചയിൽ ഒരിക്കൽ പോലും അവനെ അടുത്തൊന്ന് ചെന്ന് കാണാൻ ഡോക്ടർ അനുവദിച്ചിട്ടില്ലായിരുന്നു. അണുബാധ ഉണ്ടായാലോന്ന് കരുതിയാണ് ഡോക്ടർ ആരെയും അവന്റെ അരികിലേക്ക് കടത്തി വിടാതിരുന്നത്. അതുകൊണ്ട് തന്നെ അവനെ ഒരു നോക്ക് കാണാൻ കൊതിച്ചിരിക്കുകയായിരുന്നു എല്ലാവരും.

🍁🍁🍁🍁🍁

“സൂര്യാ… നീ ഓക്കേ അല്ലേടാ.” അവനരികിൽ വന്നിരുന്ന് അലിവോടെ അഭി ചോദിച്ചു.

“ഭേദണ്ട് അഭി… ഞാനിവിടെ ഇപ്പോ എത്ര ദിവസായെടാ ഇങ്ങനെ…”

“മൂന്നാഴ്ച് കഴിഞ്ഞു.”

“അത്രേം ദിവസായോ?” സൂര്യന് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

“ഭാഗ്യം കൊണ്ടാ നിന്നെ തിരിച്ചു കിട്ടിയത്. ഞങ്ങളൊക്കെ നല്ല പേടിച്ചു പോയി സൂര്യാ.” അഭിയുടെ സ്വരമിടറി.

“നീലിമയ്ക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ. അവളെ ഇവിടെയെങ്ങും കാണുന്നില്ലല്ലോ.” അവന്റെ കണ്ണുകൾ ചുറ്റിനും അവളെ തേടി.

“നീലിമ വാർഡിലുണ്ട്… ഇത്രേം ദിവസം ഭക്ഷണവും വെള്ളവുമൊന്നും കുടിക്കാതെ നിനക്ക് വേണ്ടി ഊണും ഉറക്കവും കളഞ്ഞുള്ള പ്രാർത്ഥനയിലായിരുന്നു പെണ്ണ്.

കുറച്ചുമുമ്പ് പ്രെഷർ കുറഞ്ഞു ബോധം കെട്ട് വീണിട്ട് ഡ്രിപ് ഇട്ട് കിടത്തിയേക്കാ. പിള്ള മാമനും ഉണ്ട് അടുത്ത്. നിന്നെ റൂമിലേക്ക് കൊണ്ട് വന്നതറിഞ്ഞാൽ എല്ലാം വലിച്ചൂരി കളഞ്ഞിട്ട് പെണ്ണ് ഇങ്ങോട്ട് ഓടി വരും.”

സൂര്യന്റെ മിഴികളിൽ നനവൂറി.

“അഭീ… രതീഷും സനലും… അവരെയെന്ത് ചെയ്തു നീ….” സൂര്യന് പ്രധാനമായും അറിയേണ്ടത് അതായിരുന്നു.

“എന്നെ ഒഴിവാക്കി പകുതി വഴിക്ക് വച്ച് നീ തിരിച്ചു പോയത് രതീഷിനെ ഒറ്റയ്ക്ക് നേരിടാനല്ലേ സൂര്യാ?” സൂര്യന്റെ ചോദ്യത്തിന് മറു ചോദ്യമായിരുന്നു അവന്റെ മറുപടി.

“അത് തന്നെയായിരുന്നു എന്റെ ഉദ്ദേശം. പക്ഷേ അത് നടന്നില്ലല്ലോ. എന്റെ നിർമലയെ കൊന്നവനെ ഒന്നും ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. ആ നാറിയെ ഇനിയെന്റെ കൈയ്യിൽ അതുപോലെ കിട്ടുകയുമില്ലല്ലോ.”

“നിന്റെ ഉദ്ദേശം എനിക്ക് മനസ്സിലായത് കൊണ്ടാ ഇന്ന് നീയിവിടെ ജീവനോടെ കിടക്കുന്നത്. അന്ന് നീ ജീപ്പിൽ നിന്നിറങ്ങി തറവാട്ടിലേക്ക് പോയതിന്റെ പിന്നാലെ, സ്റ്റേഷനിൽ പോയി ഒരു പോലീസിനെ നിർമലയുടെ അച്ഛനെ കൂട്ടികൊണ്ട് വരാൻ പറഞ്ഞയച്ചിട്ട് ബാക്കി പോലീസുകാരെയും കൂട്ടി ഞാൻ തറവാട്ടിലെത്തുമ്പോ കണ്ടത് രതീഷിന്റെ കുത്തേറ്റു ബോധമില്ലാതെ കിടക്കുന്ന നിന്നെയാ.

അന്ന് കൃത്യ സമയത്ത് ഇവിടെ എത്തിച്ചത് കൊണ്ടാ നിന്നെ രക്ഷിക്കാൻ പറ്റിയതെന്ന് ഡോക്ടർ പറഞ്ഞു. ഞാനൊന്ന് വരാൻ വൈകിയിരുന്നെങ്കിൽ എന്തായേനെ?”

“എന്തായാലും ഒന്നും പറ്റിയില്ലല്ലോ എനിക്ക്. നീ അവന്മാരെ എന്ത് ചെയ്തു? അത് പറയ്യ് നീ.”

“അവരെ അറസ്റ്റ് ചെയ്ത് ഞാൻ കോടതിയിൽ ഹാജരാക്കിയിരുന്നു.”

“ഓഹ്… ഇനിയിപ്പോ കേസും വിചാരണയുമായി വർഷങ്ങളോളം തള്ളി നീക്കി അവന്മാർ ജയിലിൽ കിടന്ന് തിന്ന് കൊഴുത്തു നടക്കണമായിരിക്കും. അത്രയ്ക്ക് നല്ല നിയമങ്ങൾ ആണല്ലോ നമ്മുടെ നാട്ടിൽ.” പുച്ഛത്തോടെ സൂര്യൻ പറഞ്ഞു.

“നിയമത്തിന് മുന്നിൽ അവർക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കാൻ തന്നെയായിരുന്നു എന്റെ ആഗ്രഹം. പക്ഷേ അതിന് മുൻപേ ഈശ്വരൻ അവരുടെ വിധി തീരുമാനിച്ചിരുന്നു.” കൈയ്യിൽ ചുരുട്ടി പിടിച്ചിരുന്ന പത്രവാർത്ത എടുത്ത് അഭിഷേക് അവന് കാണിച്ചു കൊടുത്തു.

“പോലിസ് ജീപ്പിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് നടുറോഡിൽ ദാരുണാന്ത്യം. വണ്ടിയിൽ നിന്നും പുറത്തേക്ക് ചാടുമ്പോൾ എതിരെ വന്ന ടാങ്കർ ലോറി കയറി തല്ക്ഷണം മരിക്കുകയായിരുന്നു.”

ആ വാർത്തയ്‌ക്കൊപ്പം കൊടുത്തിരുന്ന രതീഷിന്റെയും സനലിന്റെയും ഫോട്ടോ കൂടെ കണ്ടപ്പോൾ സൂര്യന്റെ ഹൃദയം സന്തോഷത്താൽ തുടികൊട്ടി.

“അവന്മാർ അർഹിച്ചത് തന്നെ കിട്ടി. എന്റെ കൈകൊണ്ട് ചെയ്യാൻ പറ്റിയില്ലല്ലോ എന്നോർത്തേ എനിക്ക് സങ്കടമുള്ളു.”

“എന്തായാലും നിന്റെയും നീലിമയുടെയും പ്രശ്നങ്ങളൊക്കെ അവസാനിച്ചല്ലോ. ഇനി സമാധാനത്തോടെ ജീവിക്കാൻ നോക്ക് രണ്ടാളും.”

“നീലിമ ഇനി മുതൽ ഹോസ്റ്റലിൽ നിന്ന് പഠിച്ചോളും. രതീഷിനെ ഒതുക്കി കഴിഞ്ഞാൽ അവളെ പഠിപ്പിക്കാൻ അയക്കണമെന്ന് നേരത്തെ ഞാൻ തീരുമാനിച്ചിരുന്നതാ. അത് അതുപോലെ തന്നെ നടക്കും.”

“നിനക്കും അവൾക്കും ഒരു ജീവിതം വേണ്ടേ സൂര്യാ. നീലിമ എത്രത്തോളം നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. ആ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ നിനക്ക് കഴിയുമോ?”

“കഴിയും… ആദ്യം അവൾ പഠിക്കട്ടെ. ഒരു ജീവിതം തുടങ്ങാനുള്ള പ്രായമൊന്നും അവൾക്കായിട്ടില്ല.” സൂര്യൻ നെടുവീർപ്പിട്ടു.

അപ്പോഴാണ് വാതിൽ കടന്ന് പരമു പിള്ളയ്ക്കൊപ്പം കയറി വരുന്ന നീലിമയെ അവൻ കണ്ടത്.

മെലിഞ്ഞുണങ്ങി നാര് പോലൊരു കോലം. കണ്ണുകൾ കുഴിഞ്ഞു താഴ്ന്ന് കഴുത്തിലെ എല്ലുകൾ പൊന്തി ആകെ ക്ഷീണിച്ച അവളുടെ രൂപം കണ്ടപ്പോൾ തന്നെയോർത്ത് എത്ര മാത്രം അവൾ സങ്കടപ്പെട്ടിട്ടുണ്ടെന്ന് സൂര്യൻ ഊഹിച്ചു.

അലിവോടെ അത്രമേൽ ആർദ്രമായി അവനവളെ നോക്കി കിടന്നു.

“സൂര്യേട്ടാ…” അവനെ കണ്ടതും കാറ്റു പോലെ പാഞ്ഞു വന്നവൾ അവന്റെ അരികിലിരുന്നു.

“നീലു… എന്ത് കോലാ പെണ്ണെ ഇത്.”

“ഞാൻ ഒത്തിരി പേടിച്ചു പോയി സൂര്യേട്ടാ… ഞാൻ കാരണല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചതെന്നോർത്ത് നീറി കഴിയുകയായിരുന്നു ഞാൻ. സൂര്യേട്ടന് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ലായിരുന്നു.” സൂര്യന്റെ കൈകൾ കൂട്ടിപ്പിടിച്ച് നെഞ്ചോട് ചേർത്ത് അവൾ പൊട്ടിക്കരഞ്ഞു.

“എനിക്കൊന്നും സംഭവിച്ചില്ലല്ലോ. നീ സമാധാനമായിരിക്ക്. കരയാതെ കണ്ണ് തുടയ്ക്ക്.” സൂര്യനവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

ഇരുവരെയും അൽപ്പനേരം തനിച്ചു സംസാരിക്കാൻ വിട്ട് കൊണ്ട് അഭിഷേകും പരമുപിള്ളയും പുറത്തേക്കിറങ്ങി പോയി.

തനിക്ക് വേണ്ടി സ്വന്തം ആരോഗ്യം പോലും മറന്ന് ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രാർത്ഥനയോടെ കഴിഞ്ഞിരുന്ന പെണ്ണിനെ സൂര്യൻ കണ്ണ് നിറച്ച് കണ്ടു. അവളുടെ ക്ഷീണിച്ച വിരലുകളിൽ അമർത്തി പിടിച്ചവൻ നിശബ്ദമായി തേങ്ങുന്നവൾക്ക് സാന്ത്വനമേകി. ആ നിമിഷം സൂര്യന് അവളോട് ഒരുപാട് സ്നേഹം തോന്നിപ്പോയി. അകറ്റി നിർത്താൻ ശ്രമിച്ചിട്ടും തന്നിലേക്ക് തന്നെ അടുക്കാൻ ശ്രമിക്കുന്നവളെ സൂര്യൻ അലിവോടെ നോക്കി കിടന്നു.

🍁🍁🍁🍁🍁

നീണ്ട ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം പരിപൂർണമായി സുഖം പ്രാപിച്ച സൂര്യനെ തിരികെ അമ്പാട്ടേക്ക് കൊണ്ട് വന്നു. തറവാട്ടിൽ തിരിച്ചെത്തി ഒരാഴ്ച കൂടെ വിശ്രമിച്ച ശേഷം അവൻ പഴയത് പോലെ തന്റേതായ ജോലികളിൽ മുഴുകി തുടങ്ങിയിരുന്നു. നിർമലയുടെയും ശാരദയുടെയും മരണം ഒരു നോവായി തന്നെ അവന്റെ ഉള്ളിൽ അവശേഷിച്ചിരുന്നു. പ്രിയപ്പെട്ടവരുടെ വേർപാട്, അതൊരു ഉണങ്ങാ മുറിവായി തന്നെ നെഞ്ചിൽ അവശേഷിക്കുമെന്ന് അവനറിയാം. അവരെ കൊന്നവനും മരിച്ചുപോയല്ലോ എന്ന ആശ്വാസത്തിൽ തന്റെ വേദനകളെ ഉള്ളിലടക്കി ജീവിക്കാൻ അവൻ ശ്രമിച്ചു.

ഇന്നാണ് നീലിമ പട്ടണത്തിലേക്ക് പോകുന്നത്. അവിടെയൊരു കോളേജിൽ ഡിഗ്രിക്ക് അഡ്മിഷനും താമസിക്കാൻ ഹോസ്റ്റലും അവൻ അവൾക്കായി ശരിയാക്കിയിരുന്നു.

സൂര്യനെ വിട്ട് പോകാൻ നീലിമയ്ക്ക് മനസ്സുണ്ടായിരുന്നില്ല. എങ്കിലും അവന്റെ നിർബന്ധത്തിന് മുന്നിൽ അവൾക്ക് മറ്റ് വഴിയൊന്നുമില്ലാതെ സമ്മതിക്കേണ്ടി വന്നു.

ഭിത്തിയിൽ മാലയിട്ട് തൂക്കിയിരുന്ന നിർമലയുടെ ഫോട്ടോയ്ക്ക് മുന്നിൽ നിറ കണ്ണുകളോടെ നിൽക്കുകയാണ് നീലിമ. അവിടുന്ന് പോകുന്ന ദിവസം അവളോട് ആ താലി അഴിച്ചു വച്ചിട്ട് വേണം പോകാനെന്നു സൂര്യൻ പറഞ്ഞത് ഓർക്കവേ നീലിമയുടെ ഹൃദയം നീറിപ്പുകഞ്ഞു. ആ താലി വിട്ട് നൽകാൻ അവൾക്ക് മനസ്സനുവദിക്കുന്നുണ്ടായിരുന്നില്ല.

“ആ താലി അവിടെ അഴിച്ചുവച്ചേക്ക് നീലു. ഇനി നിനക്ക് ഈ താലിയുടെ പിൻബലം ആവശ്യമില്ല.” സൂര്യൻ അടുത്ത് വന്ന് നിന്നതും കണ്ണീരോടെ അവളവനെ നോക്കി.

“എന്നെകൊണ്ട് അതിന് കഴിയില്ല. കെട്ടിയ ആള് തന്നെ അഴിച്ചെടുത്തോളൂ.” നീലിമയുടെ സ്വരമിടറി.

ഭാവവ്യത്യാസമൊന്നുമില്ലാതെ സൂര്യനവളുടെ കഴുത്തിൽ നിന്നും മാലയൂരാൻ തുടങ്ങിയതും ആ കൈകളിൽ മുറുക്കി പിടിച്ചുകൊണ്ട് അരുതെന്ന് പറഞ്ഞവൾ പൊട്ടിക്കരഞ്ഞു.

“വേണ്ട സൂര്യേട്ടാ… ഇത്… ഇതെന്റെ കഴുത്തിൽ തന്നെ കിടന്നോട്ടെ. ഇതിന്റെ പേരിൽ ഒരാവകാശവും പറഞ്ഞ് ഞാൻ വരില്ല…. പ്ലീസ്… എന്റെയൊരു സമാധാനത്തിനെങ്കിലും സമ്മതിക്കണം.” നീലിമ തേങ്ങി.

“എന്നെങ്കിലും ഇതൊരു ഭാരമായി തോന്നിയാൽ തിരിച്ചു തന്നേക്കണം നീ.” അവളുടെ വിഷമം കണ്ട് അത് അഴിച്ചെടുക്കാൻ അവന് മനസ്സ് വന്നില്ല.

“സൂര്യാ… വണ്ടി വന്ന് കാത്ത് നിൽക്കുന്നുണ്ട്. കുട്ടി പുറപ്പെടാൻ തയ്യാറായില്ലേ.” ഉമ്മറത്ത് നിന്നും കാര്യസ്ഥൻ വിളിച്ചു ചോദിച്ചു.

“ദാ വരുന്നു മാമാ. ഡ്രൈവറോട് വണ്ടി തിരിച്ചിട്ടോളാൻ പറയ്യ്.”

“നേരം വൈകിക്കണ്ട… എല്ലാം എടുത്തെങ്കി ഇറങ്ങിക്കോ.” സൂര്യൻ നീലിമയുടെ ബാഗ് കയ്യിലെടുത്ത് പുറത്തേക്ക് നടന്നു.

അർദ്ധമനസ്സോടെ അവളും അവനെ അനുഗമിച്ചു. നീലിമയ്ക്ക് കൂട്ടായി കാര്യസ്ഥൻ പരമു പിള്ളയും അവൾക്കൊപ്പം പോകുന്നുണ്ട്. താൻ കൂടെ വന്നിട്ട് നീലിമ മറ്റൊന്നും ചിന്തിക്കേണ്ടന്ന് കരുതിയാണ് സൂര്യൻ കൂടെ ചെല്ലാതിരുന്നത്.

“സൂര്യേട്ടനും ഒപ്പം വരായിരുന്നു.” കാറിലേക്ക് കയറി ഇരിക്കുമ്പോൾ വിഷാദത്തോടെ അവളവനെ നോക്കി.

“പോയി പഠിച്ചു മിടുക്കിയായി വാ. ഞാൻ ഇവിടെ തന്നെ കാണും.” ഉള്ളിലെ സങ്കടം മറച്ചവൻ ചിരിച്ചു.

അവർ കയറിയ ടാക്സി കാർ കണ്ണിൽ നിന്ന് മറയുന്നത് വരെ സൂര്യൻ നോക്കി നിന്നു.

“നിനക്കാ കൊച്ചിനോട് സ്നേഹമില്ലെന്ന് നീയിനി കള്ളം പറയണ്ട. നിന്റെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു.” അഭിഷേക് വന്ന് അവന്റെ തോളിലൂടെ കയ്യിട്ടു.

“എന്തോ ഒരു സഹതാപം തോന്നുന്നുണ്ട് ഇപ്പോ. ഒരർത്ഥത്തിൽ ഞങ്ങൾ രണ്ടുപേരും ഇപ്പോ ആരുമില്ലാത്ത അനാഥരല്ലേ. അതിന്റെയൊരു സഹതാപമാണ് എനിക്കവളോട്. അല്ലാതെ നീ കരുതുംപോലെ ഇഷ്ടമൊന്നുമല്ല.”

“പക്ഷേ അവൾക്ക് നിന്നോട് മുടിഞ്ഞ പ്രേമമാ. നീ നോക്കിക്കോ അവള് തിരിച്ചു നിന്റെ അടുത്തേക്ക് തന്നെ വരും.”

“അങ്ങനെ വന്നാൽ ഞാൻ സ്വീകരിക്കും. ഇപ്പോ അവള് പൊയ്ക്കോട്ടെ. ഞാൻ ഇവിടെയൊക്കെ തന്നെയുണ്ടല്ലോ.”

“അത്രയും കേട്ടാമതി എനിക്ക്. മരിച്ചവരെ ഓർത്തിരുന്നാൽ നിനക്കൊരു ജീവിതം വേണ്ടേ സൂര്യാ. നീലിമ നല്ല കുട്ടിയാ. അങ്ങനെയൊന്നും നിന്നെ മറന്ന് കളയില്ല അവൾ.”

“പഠിച്ചു കഴിഞ്ഞു അവള് വരട്ടെ… എന്റെ മനസ്സിലെ മുറിവുണങ്ങാനും എനിക്ക് സമയം വേണം.”

“അവളുമൊന്നിച്ചൊരു ജീവിതം തുടങ്ങുമ്പോ മറ്റ് ചിന്തകളൊന്നും നിങ്ങളുടെ ജീവിതത്തെ ബാധിക്കാൻ പാടില്ല. അതുകൊണ്ട് നിനക്കൊന്ന് റിലാക്സ് ആവാൻ ഒരുപാട് വർഷം സമയമുണ്ട്. നിർമലയുടെ ആത്മാവും ആഗ്രഹിക്കുന്നത് അതായിരിക്കും.” അഭിഷേക് അത് പറയുമ്പോൾ സൂര്യന്റെ നോട്ടം അറിയാതെ ചെന്നെത്തിയത് നിർമലയുടെ ഫോട്ടോയ്ക്ക് നേർക്കാണ്.

ആ നിമിഷം അവളുടെ മേൽ ചാർത്തിയിരുന്ന റോസാപ്പൂ മാലയിൽ നിന്നും ഒരിതൾ ഞെട്ടറ്റ് താഴേക്ക് വീണു.
അതേസമയം അവനെ തഴുകി കടന്ന് പോയ കാറ്റിന് പച്ച മഞ്ഞളിന്റെ ഗന്ധമായിരുന്നു. ആ മണം മൂക്കിലേക്ക് അടിച്ചതും മഞ്ഞളരച്ചു തേച്ചുള്ള കുളി കഴിഞ്ഞു തനിക്കരികിലേക്ക് വരുന്ന നിർമലയുടെ മുഖം അവന്റെ മനസ്സിലേക്ക് കടന്ന് വന്നു.

സൂര്യൻ മെല്ലെ നിർമലയെ അടക്കം ചെയ്തിരുന്ന തെക്കേ പറമ്പിലേക്ക് നടന്നു. അവനെ തടയണ്ടെന്ന് കരുതി സൂര്യൻ പോകുന്നത് നോക്കി അഭിഷേക് അവിടെ തന്നെ നിന്നു. തെക്കേ പറമ്പിലേക്ക് പ്രവേശിച്ചതും അവിടെ മുഴുവൻ പച്ച മഞ്ഞളിന്റെ ഗന്ധം നിറഞ്ഞു നിൽക്കുന്നത് പോലെ അവന് തോന്നി. സൂര്യൻ മണ്ണിലേക്ക് ഇരുന്ന് അവളുടെ കുഴിമാടത്തിൽ ഒന്ന് തൊട്ടു.

ഒരു പെണ്ണിന്റെ അമർത്തിയുള്ള തേങ്ങൽ ശബ്ദം കേട്ടത് പോലെ സൂര്യന് തോന്നി. നിർമലയുടെ ആത്മാവ് അവിടം വിട്ട് പോയിട്ടില്ലെന്നും തന്നെ ചുറ്റിപ്പറ്റി അവളൊപ്പം തന്നെ ഉണ്ടെന്ന് അവന്റെ അന്തരംഗം.

“നമുക്ക് ഒരുമിച്ച് ജീവിക്കാൻ ഭാഗ്യമില്ലാതെ പോയെടി. നിന്നെ മറക്കാൻ എനിക്കൊരിക്കലും കഴിയില്ല. നീയെന്നും എനിക്ക് പ്രിയപ്പെട്ടവൾ തന്നെയായിരിക്കും.” വേദനയാൽ സൂര്യന്റെ ഹൃദയം പിടഞ്ഞു. ഒരുപാട് നേരം അവൻ അവിടെ തന്നെ ഇരുന്നു.

അവന്റെ ദുഃഖം കണ്ടിട്ടെന്ന പോലെ നേർത്ത ഇളം കാറ്റ് സൂര്യനെ തഴുകി കടന്ന് പോയി.

“സൂര്യാ… എഴുന്നേറ്റ് വാ തറവാട്ടിലേക്ക് പോകാം.” കുറെ നേരമായിട്ടും അവനെ കാണാതെ തിരക്കി വന്നതായിരുന്നു അഭിഷേക്.

സൂര്യൻ ഒന്നും മിണ്ടാതെ എഴുന്നേറ്റ് അവനൊപ്പം നടന്നു. സൂര്യനെ ഒത്തിരി സ്നേഹിക്കുകയും അവനോടൊപ്പം ജീവിക്കാൻ മോഹിച്ചിട്ടും അവസാന നിമിഷം വരെ അവനൊപ്പം കഴിയാൻ ഭാഗ്യം ലഭിക്കാതെ പോയൊരു പെണ്ണിന്റെ വിലാപം അവന്റെ കാതിൽ അലയടിച്ചു.

ഒരു നിമിഷത്തിനപ്പുറം ആ തേങ്ങലും പച്ച മഞ്ഞളിന്റെ ഗന്ധവും അവനിൽ നിന്നകന്ന് പോയി. ഒപ്പം സൂര്യന്റെ മിഴികളിൽ നിന്നും ഒരിറ്റ് നീർതുള്ളി അവൾക്കായി ഭൂമിയിലേക്ക് പതിച്ചു.

 

അവസാനിച്ചു…

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"