ഹരിയാനയിൽ ബിജെപി മൂന്നാം വട്ടവും അധികാരത്തിലേക്ക്; സർക്കാർ രൂപീകരണ ചർച്ച തുടങ്ങി
ഹരിയാനയിൽ മൂന്നാം വട്ടവും ബിജെപി അധികാരത്തിലേക്ക്. 90 സീറ്റുള്ള നിയമസഭയിൽ 50 സീറ്റിലും ബിജെപി ലീഡ് നിലനിർത്തുകയാണ്. കോൺഗ്രസ് 34 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്. ബിജെപി സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങൾ ആരംഭിച്ചു. വൈകിട്ട് പാർട്ടി ജനറൽ സെക്രട്ടറിമാരുടെ അടിയന്തര യോഗം ദേശീയ പ്രസിഡന്റ് ജെപി നഡ്ഡ വിളിച്ചു ചേർത്തിട്ടുണ്ട്
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം ബഹുദൂരം മുന്നിലായിരുന്ന കോൺഗ്രസിന്റെ ലീഡ് രണ്ടാം മണിക്കൂറിൽ കുത്തനെ ഇടിയുകയായിരുന്നു. അതേസമയം ജമ്മു കാശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലെത്തും. ഒമർ അബ്ദുല്ല മുഖ്യമന്ത്രിയാകുമെന്ന് എൻസി അധ്യക്ഷൻ ഫറൂഖ് അബ്ദുല്ല പ്രഖ്യാപിച്ചു.
നാഷണൽ കോൺഫറൻസ് 40 സീറ്റിലും ബിജെപി 29 സീറ്റിലും കോൺഗ്രസ് 6 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. അതേസമയം ഹരിയാനയിലെ കോൺഗ്രസിന്റെ തോൽവി അമിത ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയാണെന്ന് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.