Novel

വരും ജന്മം നിനക്കായ്: ഭാഗം 1

രചന: ശിവ എസ് നായർ

കതിർമണ്ഡപത്തിൽ ശിവ പ്രസാദിനരികിൽ ഇരിക്കുമ്പോൾ ഗായത്രിയുടെ മിഴികൾ സജലമായി. കുറച്ചു നിമിഷങ്ങൾ കൂടി കഴിഞ്ഞാൽ താൻ മറ്റൊരാളിന്റെ ഭാര്യയാകും. ആഗ്രഹിച്ച പുരുഷനെ സ്വന്തമാക്കാൻ കഴിഞ്ഞില്ല.

ഏഴു വർഷം പ്രണയിച്ച അഖിലേട്ടനെ മറന്ന് ഇയാളോടൊപ്പം താനെങ്ങനെ ജീവിക്കുമെന്ന് ഓർത്തിട്ട് അവൾക്കൊരു എത്തും പിടിയും കിട്ടിയില്ല. ചുറ്റുമുള്ള എല്ലാവരും സന്തോഷത്തിലാണ്. ഏറ്റവും അധികം ആഹ്ലാദം ഗായത്രിയുടെ അനിയത്തി ഗൗരിക്കാണ്.

ശിവ പ്രസാദും ഗായത്രിയും ഇരിക്കുന്ന അതേ കതിർ മണ്ഡപത്തിൽ അവർക്കരികിലായി ഗൗരിയും ശിവ പ്രസാദിന്റെ അനിയൻ വിഷ്ണു പ്രസാദും ഇരിക്കുന്നുണ്ട്. നിറഞ്ഞ ചിരിയോടെ വിഷ്ണുവിനോട് അടക്കത്തിൽ എന്തൊക്കെയോ തമാശകൾ പറയുന്നുണ്ട് ഗൗരി. വിഷ്ണുവും ത്രില്ലിലായിരുന്നു.

ഗായത്രിയുടെ മനസ്സ് മാത്രം കലങ്ങി മറിഞ്ഞിരുന്നു. തന്നെ നഷ്ടപ്പെട്ടതോർത്ത് അകലെയിരുന്ന് ഒരു ഹൃദയം വിങ്ങുന്നുണ്ടാവുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.

ബന്ധങ്ങളുടെ ബന്ധനത്തിൽ പെട്ട് തനിക്ക് നഷ്ടമാകുന്നത് തന്റെ ജീവിതം തന്നെയാണെന്ന് ഗായത്രി വേദനയോടെ ഓർത്തു.

അരികിലിരിക്കുന്ന ശിവ പ്രസാദിനെ ഒന്ന് നോക്കാൻ പോലും അവൾക്ക് മനസ്സ് വന്നില്ല. പെണ്ണ് കാണൽ ചടങ്ങ് നടന്നപ്പോഴും അവളവനെ നോക്കിയതേയില്ല. വിവാഹ വസ്ത്രങ്ങൾ എടുക്കാൻ പോകുമ്പോഴും ആഭരണങ്ങൾ എടുക്കാൻ പോയപ്പോഴൊക്കെ ഗായത്രി മനഃപൂർവം എല്ലാത്തിൽ നിന്നും വിട്ട് നിന്നു. കാരണം തന്റെ ഇഷ്ടത്തോടെയോ ആഗ്രഹത്തോടെയോ നടക്കാൻ പോകുന്ന വിവാഹമല്ല അത്. അതുകൊണ്ട് തന്നെ ഗായത്രി ഒന്നിലും അഭിപ്രായം പറയാൻ നിന്നില്ല.

ശിവ പ്രസാദുമായുള്ള വിവാഹം ഉറപ്പിച്ചത് മുതൽ അവൾ മുറിയടച്ച് ഒരേ ഇരിപ്പാണ്. തനിക്കായി പ്രവാസം തിരഞ്ഞെടുത്ത് നാടുവിട്ട് പോയ ഒരുവനെ ചതിക്കേണ്ടി വരുന്നല്ലോ എന്ന ദുഃഖം ഓരോ ദിവസവും അവളെ കാർന്ന് തിന്നുകൊണ്ടിരുന്നു. ജീവിതം കാലം മുഴുവൻ താൻ കൂടെയുണ്ടാകുമെന്ന് അവന് വാക്ക് കൊടുത്തതാണ് ഗായത്രി. പക്ഷേ അവൾക്കത് പാലിക്കാൻ കഴിയാതെ പോയി.

“മുഹൂർത്തം ആയി… ഈ താലി അങ്ങോട്ട് കെട്ടിക്കോളൂ.”

വാദ്യമേളങ്ങളുടെ അകമ്പടിയോടെ നമ്പൂതിരി എടുത്തു കൊടുത്ത, മഞ്ഞ ചരടിൽ കോർത്ത താലി ശിവപ്രസാദ് ഗായത്രിയുടെ കഴുത്തിൽ അണിയിച്ചു.

കൂപ്പുകൈകളോട് ശിരസ്സ് കുമ്പിട്ട് മിഴികളടച്ച് അവന്റെ താലി ഏറ്റ് വാങ്ങുമ്പോൾ അവൾ ജീവനായി കണ്ട് സ്നേഹിച്ചിരുന്ന അവളുടെ മാത്രം അഖിലേട്ടനോട് മനസ്സിൽ ഒരായിരം വട്ടം മാപ്പ് പറയുകയായിരുന്നു ഗായത്രി. ദുഃഖം താങ്ങാനാവാതെ അവളുടെ മിഴികൾ പെയ്തുകൊണ്ടേ ഇരുന്നു.

അതേ മുഹൂർത്തത്തിൽ തന്നെ വിഷ്ണുവും ഗൗരിയുടെ കഴുത്തിൽ താലി അണിയിച്ചിരുന്നു.

ഏഴുവർഷം ഹൃദയത്തിൽ കൊണ്ട് നടന്ന പ്രിയപ്പെട്ടവനെ അത്ര പെട്ടെന്ന് മറക്കാൻ ആത്മാർത്ഥമായി സ്നേഹിച്ച ഏത് പെണ്ണിനാണ് കഴിയുക.

ആരെയും അഭിമുഖീകരിക്കാൻ കഴിയാനാവാതെ പെയ്യുന്ന മിഴികളോടെ ശിരസ്സ് കുമ്പിട്ട് ശില പോലെ ഇരിക്കുകയാണ് ഗായത്രി. ശിവപ്രസാദ് അവളെയൊന്ന് നോക്കിയിട്ട് മോതിര വിരലിൽ തൊട്ടെടുത്ത സിന്ദൂരം അവളുടെ സീമന്തരേഖയിൽ ചാർത്തി.

യാന്ത്രികമായി അവൾ എല്ലാത്തിനും നിന്ന് കൊടുത്തു.

“ഗായത്രി… ആളുകൾ ശ്രദ്ധിക്കുന്നുണ്ട്. ഇനിയെങ്കിലും നിന്റെയീ കരച്ചിലൊന്ന് നിർത്താമോ?” മണ്ഡപത്തിന് ചുറ്റും വലം വയ്ക്കുമ്പോൾ അടക്കി പിടിച്ച സ്വരത്തിൽ ശിവ പ്രസാദ് അവളോട് പറഞ്ഞു.

അവന്റെ സ്വരത്തിൽ നീരസം പ്രകടമായിരുന്നു.

അത് കേട്ടതും ഒരുവേള ഗായത്രിയുടെ മിഴികൾ ചുറ്റിലും ഒന്ന് കണ്ണോടിച്ചു. അച്ഛനും അമ്മയും അവളെ രൂക്ഷമായി നോക്കുന്നുണ്ട്. മറ്റുള്ളവരും ഈ പെണ്ണ് ഇതെന്തിനാ ഇങ്ങനെ കരയുന്നതെന്ന ഭാവത്തിൽ അവളെ നോക്കുകയാണ്.

പക്ഷേ എത്ര ശ്രമിച്ചിട്ടും ഹൃദയം പൊട്ടി വരുന്ന തേങ്ങൽ അടക്കി നിർത്താൻ ഗായത്രിക്ക് കഴിഞ്ഞില്ല. തന്നിലേക്ക് തന്നെ തുറിച്ചു നോക്കുന്ന നോട്ടങ്ങൾ അസഹ്യമായപ്പോൾ അവൾ മുഖം കുനിച്ചു കളഞ്ഞു. ഇടയ്ക്കിടെ കൈയ്യിൽ കരുതിയിരുന്ന തൂവാല കൊണ്ട് ഗായത്രി കണ്ണ് നീർ ഒപ്പി.

ക്യാമറ മാൻ പറയുന്ന രീതിയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ശിവ പ്രസാദിന്റെ ഓരോ സ്പർശനവും അവളിൽ നടുക്കം സൃഷ്ടിച്ചു. തന്റെ അനുവാദം കൂടാതെ ഒരന്യ പുരുഷൻ തന്നെ തൊടുന്നതിന്റെ എല്ലാ അസ്വസ്ഥതയും അവളുടെ മുഖത്ത് പ്രകടമായിരുന്നു.

“ഗായത്രി… ഒന്നൂടെ ചേർന്ന് നിൽക്ക്. മുഖത്ത് പുഞ്ചിരി വരട്ടെ.” ക്യാമറ മാൻ വിനീഷ് അവളോട് പറഞ്ഞു.

നിങ്ങളുടെ കോപ്രായങ്ങൾക്ക് അനുസരിച്ചു ഇങ്ങനെയൊന്നും നിന്ന് തരാൻ എനിക്ക് പറ്റില്ലെന്ന് വിളിച്ചു പറയാൻ അവൾക്ക് തോന്നിയെങ്കിലും ഒന്നും മിണ്ടാതെ അയാൾ പറയുന്നത് പോലെയൊക്കെ ചാഞ്ഞും ചരിഞ്ഞും ശിവ പ്രസാദിന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നും അവനെ കെട്ടിപ്പുണർന്നുമൊക്കെ ഫോട്ടോ എടുക്കാൻ അവൾക്ക് നിന്ന് കൊടുക്കേണ്ടി വന്നു. ഗായത്രി മടിച്ചു നിന്നപ്പോഴൊക്കെ ഇന്റിമേറ്റ് ആയി ഫോട്ടോ എടുക്കാൻ മുൻകൈ എടുത്തത് ശിവ പ്രസാദ് തന്നെയായിരുന്നു.

അതേസമയം അത്യധികം ആഹ്ലാദത്തോടെയും ആവേശത്തോടെയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു ഗൗരിയും വിഷ്ണുവും.

ഫോട്ടോ സെഷൻ കഴിഞ്ഞ് നാലാളും സദ്യ കഴിക്കാനായി പോയി.

വിഷ്ണുവും ഗൗരിയും പരസ്പരം തമാശകളൊക്കെ പറഞ്ഞ് ചിരിച്ചു കളിച്ച് ഭക്ഷണം കഴിക്കുമ്പോൾ മൂടിക്കെട്ടിയ മനസ്സുമായി ഒരുരുള പോലും കഴിക്കാനാവാതെ ഇരിക്കുകയാണ് ഗായത്രി.

“ഗായത്രി… നിനക്കിനിയും ഞാൻ പറഞ്ഞത് മനസ്സിലായില്ലെന്നുണ്ടോ. ഇങ്ങനെ കരഞ്ഞു കൂവി ഇരുന്നാൽ എനിക്കാണ് മോശം. നിന്റെ അനിയത്തിയെയും എന്റെ അനിയനെയും നോക്ക്. എന്ത് സന്തോഷത്തിലാ അവരിരിക്കുന്നത്.”

ഗായത്രിയുടെ ഇരിപ്പ് കണ്ട് ക്ഷമ കെട്ട് ശിവപ്രസാദ് പറഞ്ഞു.

“തമ്മിൽ സ്നേഹിച്ചു കല്യാണം കഴിക്കുന്നവർ അങ്ങനെ തന്നെയാ. നമ്മുടെ കാര്യം അങ്ങനെ അല്ലല്ലോ.” അവന്റെ മുഖത്ത് നോക്കാതെയാണ് അവളത്രയും പറഞ്ഞത്.

“നിനക്കീ വിവാഹത്തിന് താല്പര്യമില്ലായിരുന്നു എന്നെനിക്ക് അറിയാം. പക്ഷേ അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല. ഇന്ന് മുതൽ ഒരുമിച്ച് ഒരു വീട്ടിൽ കഴിയേണ്ടവരാ നമ്മൾ. വിവാഹ ദിവസം തന്നെ ഇങ്ങനെ കരഞ്ഞു വീർത്ത മുഖവുമായി വീട്ടിലേക്ക് ചെന്ന് കയറിയാൽ ബന്ധുക്കളുടെ മുന്നിൽ നാണം കെടുന്നത് ഞാനായിരിക്കും. സോ… പ്ലീസ്… തന്റെ ഫീലിംഗ്സ് എന്തായാലും രാത്രി കേൾക്കാം.

നമുക്ക് രാത്രി വിശദമായി സംസാരിക്കാം. കല്യാണം ഉറപ്പിച്ചിട്ട് ഇന്നീ ദിവസം വരെ താനെനിക്കൊന്ന് മുഖം തരുകയോ ഫോണിൽ വിളിച്ചാൽ പോലും സംസാരിക്കാൻ തയ്യാറാവുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്റെ ഈ ദുഃഖത്തിന്റെ കാരണവും എനിക്കറിയില്ല. എന്ത് പ്രശ്നമാണെങ്കിലും നമുക്ക് പറഞ്ഞ് സോൾവ് ചെയ്യാം. താനിപ്പോ കണ്ണ് തുടച്ചിട്ട് എന്തെങ്കിലും കഴിക്കാൻ നോക്ക്.” ശിവ പ്രസാദ് പറഞ്ഞതൊക്കെ കേട്ട് ഗായത്രി മൗനമായി ഇരുന്നു.

അവളുടെ മനസ്സ് നിറയെ അപ്പോൾ അഖിൽ മാത്രമായിരുന്നു. കഷ്ടപ്പെട്ട് രണ്ട് മൂന്ന് ഉരുള കഴിച്ചെന്നു വരുത്തി ഗായത്രി ഊണ് മതിയാക്കി എഴുന്നേറ്റു.

🍁🍁🍁🍁🍁

വേണു മാഷിന്റെയും സുമിത്രയുടെയും മൂത്ത മകളാണ് ഗായത്രി രണ്ടാമത്തവൾ ഗൗരി. വേണു മാഷ് സ്കൂൾ മാഷ് ആയിരുന്നു. വിരമിച്ചിട്ടിപ്പോൾ നാല് വർഷം കഴിഞ്ഞു. ഗായത്രി, പിജി കഴിഞ്ഞ് പി എസ് സി കോച്ചിംഗിന് പോവുകയായിരുന്നു. ഗൗരി ഡിഗ്രി തേർഡ് ഇയർ ആണ്. വിഷ്ണുവും ഗായത്രി പഠിക്കുന്ന അതേ കോളേജിൽ പിജി അവസാന വർഷ വിദ്യാർത്ഥിയാണ്. ശിവപ്രസാദ് ടെക്നോ പാർക്കിൽ ജോലി ചെയ്യുന്നു.

ഓഡിറ്റോറിയത്തിൽ നിന്നും ശിവ പ്രസാദിന്റെയും വിഷ്ണുവിന്റെയും വീട്ടിലേക്ക് ഒരു മണിക്കൂർ യാത്രയുണ്ട്. ഗൃഹപ്രവേശനത്തിനുള്ള സമയം ആയപ്പോൾ അവരെ യാത്രയാക്കാനുള്ള ഒരുക്കത്തിലായിരുന്നു എല്ലാവരും.

“എനിക്കിഷ്ടമില്ലാത്തൊരു ജീവിതത്തിലേക്ക് നിർബന്ധിച്ച് തള്ളി വിടേണ്ടിയിരുന്നില്ലമ്മേ…” കാറിൽ കേറാൻ നേരം അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് ഗായത്രി, അമ്മയുടെ കാതിൽ മന്ത്രിച്ചു.

“നിന്റെ അനിയത്തിക്ക് വേണ്ടിയല്ലേ മോളെ ഞങ്ങൾ… അഖിലിനെ മോള് മറക്കണം. ഇന്ന് മുതൽ നീ ശിവയുടെ ഭാര്യയാണ്. അതോർമ്മ വേണം എന്റെ കുട്ടിക്ക്.”

“എനിക്ക് പേടിയാ അമ്മേ… പരിചയമില്ലാത്ത ഒരാളുടെ കൂടെ ഞാനെങ്ങനെ…” വാക്കുകൾ നഷ്ടപ്പെട്ട് അവൾ വിതുമ്പി.

“ഒക്കെ ശരിയാവും മോളെ…”

“അച്ഛനേം അമ്മേം വിട്ട് പോവാൻ എനിക്ക് തോന്നുന്നില്ല… ഉള്ളിൽ ആകെ മൊത്തം ഒരു പേടി പോലെ തോന്നാ അമ്മേ.”

“നീ വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷൻ ആവണ്ട. ഗൗരിയും ആ വീട്ടിലേക്ക് തന്നെയല്ലേ വരുന്നത്. അവള് സന്തോഷത്തോടെ ചിരിച്ചു നിക്കുന്നത് കണ്ടില്ലേ നീ. അല്ലേലും പെണ്ണായി ജനിച്ചാൽ ഒരു ദിവസം ഉറ്റവരെ ഉപേക്ഷിച്ചു മറ്റൊരു വീട്ടിലേക്ക് പോവേണ്ടി വരും. മോള് കരയാതെ കണ്ണ് തുടയ്ക്ക്.” സുമിത്ര അവളെ സമാധാനിപ്പിച്ച് കാറിൽ കയറ്റി ഇരുത്തി.

തന്റെ ആഗ്രഹം പോലെ ഇഷ്ടം പുരുഷനെ തന്നെ സ്വന്തമാക്കിയതിൽ സന്തോഷമായിരുന്നു ഗൗരിയിൽ. കാറിൽ വിഷ്ണുവിനെ തൊട്ടുരുമ്മി അവൾ ചേർന്നിരുന്നു.

ഗായത്രി ആവട്ടെ ശിവയിൽ നിന്ന് അകന്ന് സീറ്റിനോരം ചേർന്ന് ഗ്ലാസിൽ ശിരസ്സ് മുട്ടിച്ച് ഉള്ളുരുക്കത്തോടെ ഇരിക്കുകയാണ്.

കാറുകൾ അകന്ന് പോകുമ്പോൾ അവസാനമായി, തീവ്രമായ വേദനയോടെ ഗായത്രി മാതാപിതാക്കളെ നോക്കി. വേണു മാഷും സുമിത്രയും കണ്ണുനീർ തുടച്ച് മക്കളെ നോക്കി കൈവീശി അവരെ യാത്രയാക്കി.

“മതി കരഞ്ഞത്… എന്റെ വീട്ടിലേക്കാ നമ്മളിനി പോവുന്നത്. മറ്റുള്ളവരെ കാണിക്കാനെങ്കിലും തനിക്കൊന്ന് ചിരിച്ചോണ്ട് നീന്നൂടെ.” അൽപ്പം ദേഷ്യത്തിൽ ശിവ പ്രസാദ് അത് പറയുമ്പോൾ ഗായത്രി ഭയത്തോടെ മിഴികളൊപ്പി.

ചെന്ന് കയറുന്ന വീട്ടിൽ ഇനി എങ്ങനെയായിരിക്കും സ്വീകരണം എന്നോർത്ത് അവളുടെ നെഞ്ചിടിപ്പേറി. കാരണം പെണ്ണ് കാണൽ മുതൽ ഇന്നീ നിമിഷം വരെ ചെക്കനെയോ അവന്റെ വീട്ടുകാരെയോ ഒരു രീതിയിലും ഗായത്രി അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട് ഊഷ്മളമായ സ്വീകരണമായിരിക്കില്ല തനിക്കവിടെ നിന്ന് കിട്ടുകയെന്ന് ഗായത്രി ഓർത്തു.

ഒരു മണിക്കൂർ നേരത്തെ യാത്രയ്ക്കൊടുവിൽ അവർ സഞ്ചരിച്ചിരുന്ന കാർ ഒരു ഇരുനില വീടിന് മുന്നിൽ എത്തിച്ചേർന്നു.

“വീടെത്തി… ഇറങ്ങി വാ…” അധികാരത്തോടെ ശിവപ്രസാദ് അവളുടെ കയ്യിൽ പിടുത്തമിട്ടു.

തുടരും

Related Articles

Back to top button