കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 105
രചന: റിൻസി പ്രിൻസ്
ഞാനല്ലെങ്കിലും അച്ഛനോട് ആ കാര്യം പറയാൻ വേണ്ടിയാ വിളിച്ചത്. ഞാൻ ശ്രീജിത്തിനോട് പറഞ്ഞേക്കാം നാളെത്തന്നെ വന്ന് പണം വാങ്ങാൻ. കൊടുത്തില്ലെങ്കിൽ അച്ഛൻ പറഞ്ഞപോലെ എനിക്കും ഒരു സമാധാനം ഉണ്ടാവില്ല. ഈ വീട്ടിൽ കുറച്ചെങ്കിലും മനസാക്ഷി ഉള്ളത് ആ മനുഷ്യന് മാത്രമാണ്. അങ്ങേരെ പിഴിഞ്ഞാ ഈ വീട്ടിലുള്ള സകല എണ്ണവും ജീവിക്കുന്നത് എന്തിന് അധിക പറയുന്നു എന്റെ ഭർത്താവ് അടക്കം ജീവിക്കുന്നത്
മീര വന്നു നോക്കുമ്പോൾ സർവ്വം നഷ്ടപ്പെട്ടവനെ പോലെ കട്ടിലിൽ കിടക്കുകയാണ് സുധി. അവന്റെ അവസ്ഥ കണ്ടപ്പോൾ എന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് പോലും മീരയ്ക്ക് അറിയുമായിരുന്നില്ല. അവന്റെ അരികിലേക്ക് ചെന്ന് അവൾ ആ കാലുകളിൽ തൊട്ട നിമിഷം അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്ന വീണ കണ്ണുനീർ അവൾ കണ്ടിരുന്നു. കൈ കണ്ണിന് മീതെ വെച്ച് കിടക്കുകയാണ്. കവിൾ തടങ്ങളിലൂടെ കണ്ണുനീർ ഒലിക്കുന്നുണ്ട് അവൻ വല്ലാതെ വിഷമിച്ചു എന്ന് അവൾക്ക് മനസ്സിലായിരുന്നു.
” സുധിയേട്ടൻ ഇങ്ങനെ വിഷമിക്കാതെ… എന്താണെങ്കിലും മറ്റൊരാളുടെ കയ്യിൽ അല്ലല്ലോ അനുജന്റെ കയ്യിലല്ലേ, ശ്രീജിത്ത് ആ പണം തരുമെന്നല്ലേ പറഞ്ഞത്, എന്താണെങ്കിലും ആ പണം തരും.
“അതല്ലടോ ഇനിയിപ്പോൾ പണം കിട്ടിയില്ലെങ്കിൽ പോലും എനിക്ക് കുഴപ്പമില്ല എന്റെ അധ്വാനത്തിന്റെ ഫലം മുഴുവൻ വീടിനുവേണ്ടി ആണ് ഞാൻ ചിലവാക്കിയത്. എന്റെ നല്ലകാലം മുഴുവൻ ഞാൻ ഇല്ലാതാക്കിയത് ഇവിടെയുള്ളവരെല്ലാം സന്തോഷത്തോടെ കഴിയാൻ വേണ്ടിയാണ്. എന്നിട്ടും അമ്മ പറഞ്ഞത് കേട്ടില്ലേ..? ഞാനീ വീടിനു വേണ്ടി പറയത്തക്ക വിധം ഒന്നും ചെയ്തിട്ടില്ലന്ന്. അതിൽ കൂടുതൽ എനിക്ക് മറ്റൊന്നും കേൾക്കാനില്ല.
” സുധിയേട്ടൻ ഇങ്ങനെ വിഷമിച്ചാലോ, കുട്ടികളെപ്പോലെ ആവാതെ. ഒരുപക്ഷേ ആ ഒരു സാഹചര്യത്തെ നേരിടാൻ വേണ്ടി അമ്മ വെറുതെ ഏട്ടനോട് ഒരു വാക്കേറ്റം നടത്തിയതാവും, സുധിയേട്ടന്റെ മുൻപിൽ ചെറുതായി പോവാതിരിക്കാൻ വേണ്ടി,
പെട്ടെന്നാണ് ഡോറിൽ ഒരു കൊട്ട് കേട്ടത്.
ആ നിമിഷം അവൾ സുധിയുടെ മുഖത്തേക്ക് നോക്കി,
,”ഏട്ടൻ കണ്ണൊക്കെ ഒന്ന് തുടച്ചെ, ആരെങ്കിലും കണ്ടാൽ നാണക്കേടാ,
അവളത് പറഞ്ഞപ്പോഴേക്കും അവൻ എഴുന്നേറ്റ് അയയിൽ നിന്നും തോർത്തെടുത്ത മുഖം ഒന്ന് നന്നായി തുടച്ചിരുന്നു. ആ സമയം കൊണ്ട് മീര പോയി വാതിൽ തുറന്നു, മുന്നിൽ നിൽക്കുന്നത് രമ്യയാണ്.
” സുധിയേട്ടൻ….
അവൾ മീരയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
” കയറി വാ രമ്യ,
അവൾ രമ്യയോട് പറഞ്ഞപ്പോൾ അവൾ അകത്തേക്ക് കയറിയിരുന്നു. കട്ടിലിൽ കണ്ണുകൾ ചുവന്ന് വേദനയോടെ ഇരിക്കുന്ന സുധിയെ കണ്ടപ്പോൾ തന്നെ അവൻ തകർന്നിരിക്കുകയാണ് എന്ന് രമ്യയ്ക്ക് മനസ്സിലായിരുന്നു. അവളെ കണ്ടപ്പോഴേക്കും അവൻ എഴുന്നേറ്റു,
” എന്താ രമ്യ ഈ സമയത്ത്.? കുഞ്ഞിന് എന്തെങ്കിലും വൈയാഴികയോ മറ്റോ ഉണ്ടോ..?
അവൻ പെട്ടെന്ന് അവളോട് ചോദിച്ചു.
” അല്ല ഞാൻ ഏട്ടനെ കാണാൻ വേണ്ടി തന്നെ വന്നത് ആണ്.
അവൾ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.
” എന്താ രമ്യ..?
” ശ്രീ ആ പണം അമ്മയുടെ കയ്യിൽ നിന്ന് വാങ്ങി എന്നുള്ളത് സത്യം ആണ്.
ഒരു വർഷത്തിനു മുകളിലായി ഈ സംഭവം നടന്നിട്ട് ആ ഒരു വെളിപ്പെടുത്തൽ വീണ്ടും സുധിയിൽ ഞെട്ടലാണ് ഉണ്ടാക്കിയത്. ഈ കാലയളവിനിടയിൽ എന്തുകൊണ്ട് അമ്മ ഇത് തന്നോട് പറഞ്ഞില്ല.
” ആ പണം സുധിയേട്ടന് തിരികെ തരും. ഇനിയിപ്പോൾ ശ്രീ തന്നില്ലെങ്കിൽ അത് ഞാൻ തരും.
സുധീയേട്ടന് വിഷമിക്കേണ്ട, ശ്രീയുടെ സ്വഭാവം സുധിയേട്ടന് അറിയാല്ലോ, എന്ത് കാര്യത്തിനും ആവശ്യമില്ലാതെ പണം ചെലവാക്കും. അതിന്റെ പിൻവശങ്ങളെപ്പറ്റി ചിന്തിക്കാറില്ല. ഇതിനോടകം എത്രയൊക്കെ അറിയാത്ത ബിസിനസ്സിൽ എത്ര രൂപ കളഞ്ഞു എന്നറിയോ.? അങ്ങനെ എന്തിനോ വേണ്ടി വാങ്ങിയത് ആണ് ഈ പണവും. വാങ്ങിയതിനു ശേഷമാ ഞാനറിഞ്ഞത്. പിന്നെ സിറ്റുവേഷൻ അതായതു കൊണ്ട് ഞാനും ഒന്നും പറയാൻ പോയിരുന്നില്ല. എപ്പോഴും എന്റെ വീട്ടിൽ ചെന്ന് എങ്ങനെയാ കൈ നീട്ടുന്നത്.? അവർ ഒരുപാട് സഹായിക്കുന്നുണ്ട് എന്റെ പപ്പാ. വീണ്ടും വീണ്ടും ചോദിക്കുന്നത് പോലെ ആവില്ലേ..? അതുകൊണ്ട് ശ്രീയുടെ പല കാര്യങ്ങളും ഞാൻ വീട്ടിൽ പറയാറില്ല. പറയുമ്പോൾ അത് ശ്രീയ്ക്ക് തന്നെയാണ് നാണക്കേട്. പക്ഷേ ഈ പണം ഇത് സുധിയേട്ടൻ ഒരുപാട് കഷ്ടപ്പെട്ടുണ്ടാക്കിയതാണെന്ന് എനിക്കറിയാം. അതുകൊണ്ട് ഈ പണം എന്താണെങ്കിലും തിരികെ തരും, അതിന് ഞാൻ ഗ്യാരണ്ടി.
” മോളെ നീ വിചാരിക്കുന്നത് പോലെ ആ പണം അവന് കൊടുത്തതുകൊണ്ട് എനിക്ക് ഒരു വിഷമവുമില്ല അവൻ എന്റെ അനുജനാണ്, എനിക്കും അവനും ആ പണം ഒരേപോലെ അവകാശപ്പെട്ടതാണ്.. ഇന്നുവരെ ഞാൻ എനിക്കൊന്നു നിനക്കൊന്നു എന്ന് പറഞ്ഞു ഒരു സാധനവും മാറ്റി വെച്ചിട്ടില്ല. ഉള്ളതൊക്കെ നമുക്കെന്ന് പറഞ്ഞ് പഠിച്ചിട്ടുള്ളൂ, ജോലി ചെയ്യുമ്പോഴും ഞാൻ എനിക്കായി മാറ്റി ഒന്നും വാങ്ങിയിട്ടില്ല. എന്ത് വാങ്ങുമ്പോഴും എല്ലാവർക്കും കൂടി വേണ്ടിയെ വാങ്ങാറുള്ളൂ. ഞാനൊരു നല്ല ഭക്ഷണം കഴിച്ചാൽ പോലും എന്റെ വീട്ടിലുള്ളവര് അത് കഴിക്കുമോ എന്ന് എനിക്ക് വിഷമം ആണ്. ഗൾഫിൽ പോകുന്നതിനു മുമ്പ് ഏട്ടൻ ഇവിടെ വർക്ക്ഷോപ്പിൽ ജോലിക്ക് പോകാമായിരുന്നു. ആ സമയത്ത് ചെലപ്പോൾ രാവിലെ ചോറ് കൊണ്ടുപോകില്ല. അമ്മയ്ക്ക് എല്ലാ കാര്യങ്ങളും കൂടി നോക്കണ്ട ആ ദിവസങ്ങളിൽ പുറത്തു നിന്നായിരിക്കും കഴിക്കുന്നത്. ഉച്ചയ്ക്ക് വർക്ക് ഷോപ്പിന്റെ അടുത്തുള്ള ഒരു ഹോട്ടലിൽ ചെല്ലും. അവിടെ പെട്ടെന്ന് ചോറ് തീരും. ചിലപ്പോൾ ബിരിയാണി മാത്രമേ കാണൂ. പൈസയില്ലെങ്കിലും അതങ്ങ് വാങ്ങും, ഉള്ളിലെ വിശപ്പുണ്ട്. പക്ഷേ ഞാനത് കഴിച്ചു കഴിയുമ്പോൾ എനിക്ക് വലിയ സങ്കടം, സുഗന്ധി ചേച്ചിയും ശ്രീലക്ഷ്മിയും അമ്മയും ജിത്തുവും ഒന്നും അത് കഴിച്ചില്ലല്ലോ എന്ന്. പിന്നെ ഞാൻ വൈകിട്ട് വരുമ്പോൾ അവർക്കും കൂടി ഒരെണ്ണം വാങ്ങിയിട്ട് വരും. കാരണം ഞാൻ നല്ലൊരു ഭക്ഷണം കഴിച്ചാൽ അവര് കൂടി അത് കഴിക്കണം എനിക്ക് അങ്ങനെയോരു നിർബന്ധമുണ്ട്. ചിലപ്പോൾ ഒരു ബിരിയാണി ആയിരിക്കും കൊണ്ടിരുന്നത് അത് എല്ലാവരും കഴിച്ചതിനു ശേഷം എനിക്ക് തൃപ്തി വരും. ശ്രീജിത്ത് പണം വാങ്ങിയതു കൊണ്ട് ഒന്നുമല്ല എനിക്ക് പ്രശ്നം. ഇനിയിപ്പോൾ അവന് പണം തന്നില്ലെങ്കിൽ പോലും ഞാൻ അത് വലിയ കാര്യായിട്ട് എടുക്കില്ല. എന്റെ പണം എന്ന് വച്ചാൽ അവന്റെ പണമായിട്ടാ ഞാൻ കരുതുന്നത്. പക്ഷേ അമ്മ അത് എന്നോട് ഒന്ന് പറഞ്ഞില്ല. അതാണ് എനിക്ക് വല്ലാത്ത വിഷമം ആയത്. അവിടെയാണ് ഞാൻ അന്യനായിപ്പോയത്. എന്നോട് അമ്മ ചോദിച്ചിരുന്നെങ്കിൽ എന്റെ അനുജന്റെ ഒരു ആവശ്യത്തിന് ഞാനാ പണം തരില്ലെന്ന് പറയുമോ.? ഒരിക്കലുമില്ല. പക്ഷേ എന്നെ പറ്റിച്ച് ചെയ്യുമ്പോൾ അത് മറ്റൊരു രീതിയല്ലേ.? അതുകൊണ്ടാ എനിക്ക് സങ്കടം വന്നത്. എന്റെ കാര്യം ഓർത്ത് രമ്യ വിഷമിക്കേണ്ട,
” അങ്ങനെയല്ല സുധിയേട്ടാ ആ പണം സുധീയേട്ടന് ഒരുപാട് കഷ്ടപ്പെട്ടുണ്ടാക്കിയതാ. എന്റെ പണം നിന്റെ പണം എന്ന് സുധിയേട്ടന് ഉണ്ടാവില്ല. പക്ഷേ ഈ വീട്ടിലുള്ള എല്ലാവർക്കും അങ്ങനെയുണ്ട്. സ്വന്തം കാര്യത്തിൽ മുൻതൂക്കം കൊടുക്കുന്നവരാണ് സുധിയേട്ടനും മീരയും ഒഴികെ ഈ വീട്ടിലുള്ള ഞാൻ അടക്കം ഉള്ള എല്ലാവരും, ശ്രീജിത്തും അങ്ങനെതന്നെ. അതുകൊണ്ട് സുധിയേട്ടൻ അങ്ങനെ വിചാരിക്കേണ്ട കാര്യമില്ല. ആ പണം എന്താണെങ്കിലും ശ്രീജിത്തിനെ കൊണ്ട് ഞാൻ സുധിയേട്ടന് തിരികെ തരും. മോളെ ഉറക്കീട്ടാ ഞാൻ വന്നത് അവൾ എന്നെ കണ്ടില്ലെങ്കിൽ കരയും. ഞാൻ പോട്ടെ,
അത്രയും പറഞ്ഞു പുഞ്ചിരി സമ്മാനിച്ചു രമ്യ പുറത്തിറങ്ങുമ്പോൾ സുധിയിൽ ഒരു വല്ലാത്ത ആശ്വാസം നിറഞ്ഞിരുന്നു. അത് പണം കിട്ടും എന്നുള്ളത് കൊണ്ടല്ല. ഒരാളെങ്കിലും തന്നെ മനസ്സിലാക്കിയല്ലോ എന്നുള്ള ഒരു ആശ്വാസം.
രാത്രിയിൽ തന്നെ രമ്യ ശ്രീജിത്തിനെ ഫോൺ വിളിച്ചു. അച്ഛൻ വിളിച്ച് പണം കൊടുക്കാം എന്ന് പറഞ്ഞ കാര്യം ശ്രീജിത്തിനോട് അവൾ പറഞ്ഞിരുന്നു. നാളെത്തന്നെ പോയി പണം വാങ്ങണമെന്നും പറഞ്ഞു. പിറ്റേന്ന് രാവിലെ ബാങ്കിൽ ഇരിക്കുമ്പോഴാണ് അവൾ അച്ഛനെ വിളിച്ചത്.
” ശ്രീ വന്നിരുന്നു മോളെ, ഞാൻ അവന്റെ കൈയിൽ പൈസ കൊടുത്തു വിട്ടിട്ടുണ്ട്. നീ അത് ഇന്ന് തന്നെ സുധിയ്ക്ക് കൊടുക്കണം.
“ശരി അച്ഛാ, ഈ പണം ഞാൻ അച്ഛന് തിരികെ തരും
” ഈ പണം ശ്രീജിത്ത് എനിക്ക് തിരികെ തരണമെന്ന് ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. അതെനിക്ക് ആവശ്യമുണ്ടായിട്ടല്ല. നിന്റെയും മോളുടെയും കാര്യങ്ങൾ ഇനിയെങ്കിലും നന്നായി നടക്കാൻ വേണ്ടി, എന്റെ കാലം കഴിഞ്ഞ് ശ്രീജിത്ത് ഇങ്ങനെ ഉത്തരവാദിത്വമില്ലാതെ ജീവിച്ചാൽ നിനക്ക് ആണ് ബുദ്ധിമുട്ട് ഉണ്ടാവാൻ പോകുന്നത്.
“എനിക്കറിയാം, ഞാൻ ശ്രീയെ ഒന്ന് വിളിക്കട്ടെ,
അവൾ ഉടനെ ശ്രീജിത്തിന്റെ നമ്പറിലേക്ക് വിളിച്ചു. രണ്ടുമൂന്നു തവണ ബെല്ല് അടിച്ചതിനു ശേഷമാണ് കോൾ എടുക്കപ്പെട്ടത്.
“ശ്രീ എവിടെയാ വീട്ടിലാണോ?
” വീട്ടിലോ ഞാനീ സമയത്ത് സാധാരണ ഷോപ്പിലാണെന്ന് നിനക്കറിയാവുന്നതല്ലേ.?
” അച്ഛൻ പണം തന്നല്ലേ, അത് വീട്ടിൽ കൊണ്ട് ഏട്ടന്റെ കൊടുക്കാൻ വേണ്ടി ശ്രീ പോയിട്ടുണ്ടാവും എന്ന് കരുതി, ഒരു കാര്യം ചെയ്യാം സുധിയേട്ടനെ വിളിച്ചിട്ട് ഷോപ്പിലേക്ക് വരാൻ പറയാം,
” എന്തിന്..?
അവൻ മനസ്സിലാവാത്തത് പോലെ ചോദിച്ചു,
” എന്തിനാന്നോ..? എന്താണ് ശ്രീ ചോദിക്കുന്നത്, പണം സുധീയേട്ടന് തിരികെ കൊടുക്കണ്ടേ? ഞാൻ ഇന്നലെ സുധീയേട്ടനോട് ഉറപ്പ് പറഞ്ഞത് ആണ് നമ്മൾ ആ പണം തിരിച്ചു കൊടുക്കുന്ന്.
” നീ ഇന്നിപ്പോൾ കൊടുക്കുമെന്നൊന്നും പറഞ്ഞിട്ടില്ലല്ലോ, നമുക്ക് പൈസ തിരിച്ചു കൊടുക്കാം. പതുക്കെ മതിയല്ലോ. ഒന്നോ രണ്ടോ ഗഡുകൾ ആയി തിരിച്ചു കൊടുക്കാം. ഇപ്പോൾ ഈ പൈസ തൽക്കാലം നമുക്ക് കൊടുക്കേണ്ട, ചേട്ടന് ഇപ്പോൾ അത്യാവശ്യം ഇല്ലല്ലോ. ഈ പൈസ കൊണ്ട് നമുക്ക് കടയിലേക്ക് കുറച്ച് സ്റ്റോക്ക് എടുത്ത് വെക്കാം,
ശ്രീജിത്തിന്റെ ആ വെളിപ്പെടുത്തലിൽ രമ്യ അമ്പരന്നു….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…