MoviesNational

തലൈവറുടെ ഹൃദയം കവര്‍ന്ന, അദ്ദേഹം ഒരു നടനായി കാണാന്‍ ഏറെ ആഗ്രഹിച്ച ആ ആദ്യ കാമുകിയെവിടെ?

ചെന്നൈ: ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളായ രജനികാന്തിന്റെ ഹൃദയം കട്ടെടുത്ത ആ ആദ്യ കാമുകിയെവിടെ? അതേ രജനിയുടെ ഇപ്പോഴത്തെ ഭാര്യ ലതയുമായി പ്രണയത്തിലും വിവാഹത്തിലേക്കുമെല്ലാം എത്തുന്നതിന് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ സിനിമയിലേക്കുപോലും എത്തുന്നതിന് മുന്‍പത്തെ കാര്യമാണിത്.

അന്ന് തമിഴകത്തിന്റെ പ്രിയതാരം ബസ് കണ്ടക്ടറായി ജോലി ചെയ്യുകയായിരുന്നു. ശിവാജി റാവു ഗെയ്ക്‌വാദ് എന്നാണ് തലൈവറുടെ യഥാര്‍ഥ പേര്. ബംഗളൂരുവില്‍ വച്ചാണ് നിര്‍മല എന്ന പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. കര്‍ണാടകയിലെ ബസ്സുകളില്‍ ആണും പെണ്ണുമെല്ലാം പിന്‍വാതിലിലൂടെ കയറി മുന്‍വാതിലിലൂടെ ലക്ഷ്യസ്ഥാനത്ത് എത്തിയാല്‍ ഇറങ്ങിപോകുന്ന കാലമായിരുന്നു. എന്നാല്‍ ആ പതിവ് തെറ്റിച്ച് ഒരു പെണ്‍കുട്ടി മുന്‍വാതില്‍ വഴി ബസ്സിലേക്കു കയറി. കണ്ടക്ടറായ ശിവാജി അവരെ തടഞ്ഞെങ്കിലും അദ്ദേഹത്തിന്റെ കൈ തട്ടിമാറ്റി അവള്‍ ബസ്സിനുള്ളില്‍ കയറിപറ്റുന്നതോടെയാണ് പ്രണയത്തിന്റെ തുടക്കം.

ഏത് പ്രണയത്തിലും ഒരു വഴക്കുണ്ടാവുക പതിവാണല്ലോ. മുന്നിലൂടെ കയറിയതിന് ശിവാജി പെണ്‍കുട്ടിയെ കണക്കറ്റ് ശകാരിച്ചു. അതും പ്രണയത്തിലേക്കുള്ള ചവിട്ടുപടിയായി മാറിയത് സ്വാഭാവികം. മെഡിക്കല്‍കോളജില്‍ എംബിബിഎസിന് പഠിച്ചുകൊണ്ടിരുന്ന ആ പെണ്‍കുട്ടിയുടെ പേര് നിര്‍മല എന്നായിരുന്നു. ശിവാജിയെന്ന രജനികാന്ത് അന്ന് അവരെ നിമ്മി എന്നാണ് സ്‌നേഹത്തോടെ വിളിച്ചിരുന്നത്. ശിവാജി ഒരു അഭിനേതാവായി കാണാന്‍ അക്കാലത്ത് ഏറെ ആഗ്രഹിച്ചത് ഈ പെണ്‍കുട്ടിയായിരുന്നു.

രജനിയുടെ സിനിമാ ജീവിതത്തിന്റെ ആദ്യ കാലത്തെല്ലാം നിമ്മിയുടെ കത്തുകള്‍ മുടങ്ങാതെ ലഭിച്ചിരുന്നെങ്കിലും പിന്നീട് എപ്പോഴോ സാവധാനം കത്തുകളുടെ വരവ് നിലച്ചു. അന്ന് മൊബൈല്‍ പോയിട്ട് ഫോണ്‍പോലും സാര്‍വത്രികമല്ലാത്ത കാലയമായിരുന്നതിനാല്‍ ആ ബന്ധം അവിടെ അവസാനിക്കുകയായിരുന്നു. ഏറെ നാളുകള്‍ സൂപ്പര്‍ സ്റ്റാര്‍ അവളെക്കുറിച്ച് വ്യാകുലപ്പെടുകയും പലവഴി അന്വേഷിക്കുകയും ചെയ്‌തെങ്കിലും നിരാശനാവേണ്ടി വന്നൂവെന്നതും ഇന്ന് ചരിത്രം.

അറ്റകൈക്ക് അവര്‍ തമസിച്ചിരുന്ന സ്ഥലം അന്വേഷിച്ച് അക്കാലത്ത് ചെന്നെങ്കിലും ഭാഗ്യം തുണച്ചില്ല. അപ്പോഴേക്കും അവരുടെ കുടുംബം വേറേതോ സ്ഥലത്തേക്ക് താമസം മാറ്റിയിരുന്നു. ചെന്നൈയിലെ അഡയാര്‍ ഫിലിം ഇന്‍സ്റ്റ്യൂട്ടിലേക്ക് ശിവാജി അറിയാതെ അപേക്ഷ അയച്ചതും ആ പെണ്‍കുട്ടിയായിരുന്നു. പിന്നീട് ഇന്നുവരേയും അവരെക്കുറിച്ച് ഒരു അറിവും തനിക്കുണ്ടായിട്ടില്ലെന്നും ഇപ്പോഴും ഒരു പക്ഷേ കാണാമറയത്ത് നിമ്മി ജീവിച്ചിരിപ്പുണ്ടാവുമെന്നും തന്റെ പഴയകാല പ്രണയം ഓര്‍ത്തെടുക്കവേ തലൈവര്‍ മനസ് തുറന്നിരുന്നു. അജ്ഞാത വാസം അവസാനിപ്പിച്ച് താന്‍ ഇവിടെയുണ്ടെന്ന് പറയാന്‍ അവരും ഇതുവെ തയാറായില്ല.

ഭാര്യയായ ലതയിലേക്ക് രജനി എത്തിയതും കടുത്ത പ്രണയത്തിലൂടെയായിരുന്നു. ലതയുടെ കോളേജ് കാലത്ത് കോളേജ് മാസികയ്ക്ക് വേണ്ടി രജനികാന്തിനെ അഭിമുഖം നടത്തിയതില്‍ നിന്നാണ് ഇരുവരുടെയും അടുപ്പം തുടങ്ങുന്നത്. അത് പ്രണയമായി. 1981 ഫെബ്രുവരി 26ന് തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ വച്ച് രജനി ലതയുടെ കഴുത്തില്‍ താലിചാര്‍ത്തി. ഐശ്വര്യ രജനികാന്ത് സൗന്ദര്യ രജനികാന്ത് എന്നീ രണ്ട് പെണ്‍മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്. ഇരുവരും പ്രവര്‍ത്തിക്കുന്നതും സിനിമാ മേഖലയിലാണ്.

കര്‍ണ്ണാടക, തമിഴ്‌നാട് അതിര്‍ത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് മഹാരാഷ്ട്രയില്‍നിന്നും കുടിയേറിയ കുടുംബത്തിലായിരുന്നു രജനീകാന്തിന്റെ മറാഠിയായ പിതാവ് റാണോജിറാവു ഗെയ്ക്വാദ് ജനിച്ചത്. റാണോജി റാവുവിന് കോണ്‍സ്റ്റബിള്‍ ആയി ജോലി കിട്ടിയതിനെ തുടര്‍ന്ന് കുടുംബം പിന്നീട് ബംഗളൂരുവിലേക്കു മാറുകയായിരുന്നു. ഹനുമന്ത് നഗര്‍ എന്ന സ്ഥലത്തായിരുന്നു രജനിയുടെ കുടുംബം താമസമാക്കിയത്. റാണോജിറാവു ഗെയ്ക്വാദിന്റെ നാലാമത്തെ പുത്രനായിട്ടായിരുന്നു 1950 ഡിസംബര്‍ 12ന് ശിവാജി റാവു ജനിക്കുന്നത്.

ഏഴാമത്തെ വയസ്സില്‍ അമ്മ റാംബായി മരിച്ചത് രജനിയുടെ ജീവിതത്തിലെ ഏറ്റവും ആഴമേറിയ മുറിവായിരുന്നു. ഇളയ മകനായിരുന്നതിനാല്‍ പിന്നീട് നിയന്ത്രണങ്ങളില്ലാതെ വളര്‍ന്നത് മോശമായ കൂട്ടുകെട്ടിലേക്കു നയിച്ചു. പത്താം ക്ലാസ് പാസായ മകനെ ഒരു പൊലിസുകാരനാക്കാനായിരുന്നു പിതാവ് ആഗ്രഹിച്ചതെങ്കിലും അദ്ദേഹം മദിരാശിയിലേക്കു വണ്ടി കയറുകയായിരുന്നു. എന്നാല്‍ നിരാശനായി തിരിച്ചെത്തിയ ശേഷമായിരുന്നു കണ്ടക്ടറുടെ കുപ്പായം ജ്യേഷ്ഠന്റെ സഹായത്തോടെ എടുത്തണിയുന്നത്.

Related Articles

Back to top button