പുതുമോടിയില്‍ മെറിഡിയനുമായി ജീപ്പ് വരുന്നു
നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ മെറിഡിയനെ പുതുമോടിയില്‍ അവതരിപ്പിക്കാന്‍ അമേരിക്കന്‍ വാഹന ഭീമനായ ജീപ്പ് ഒരുങ്ങുന്നു. മിനുക്കു പണികളെല്ലാം അവസാന ലാപ്പിലേക്കു എത്തിയിരിക്കുന്നതോടെ എസ്യുവിക്കായുള്ള ബുക്കിംഗും തുടങ്ങിയിട്ടുണ്ട്. സെവന്‍ സീറ്റര്‍ ഓപ്ഷനൊപ്പം ഫൈവ് സീറ്റര്‍ പതിപ്പായും മുഖംമിനുക്കിയ മെറിഡിയന്‍ വിപണിയിലെത്തുമെന്നതാണ് കമ്പനി വെളിപ്പെടുത്തുന്നത്.
കോമ്പസിലൂടെയായിരുന്നു ഇന്ത്യന്‍ വിപണിയിലേക്കുള്ള ജീപ്പിന്റെ വരവ്. തുടക്കം ഗംഭീരമാക്കാന്‍ സാധിച്ചെങ്കിലും പിന്നീട് എവിടേയോ ഒന്നു പിഴച്ചു. മെറിഡിയന്‍ എന്ന 7-സീറ്റര്‍ എസ്യുവി പുറത്തിറക്കി അല്‍പം പിടിച്ചുനിന്നുവെങ്കിലും ബ്രാന്റിന്റെ കഷ്ടകാലം മറികടന്നില്ല. ഇന്ത്യയിലെ ഫുള്‍-സൈസ് എസ്യുവി സെഗ്മെന്റിലെ മുടിചൂടാ മന്നനെന്ന പദവിക്ക് അര്‍ഹനായ ടൊയോട്ടയുടെ ഫോര്‍ച്യൂണറിനെ വീഴ്ത്താനിയിരുന്നു മെറിഡിയന്‍ പണികഴിപ്പിച്ചത്. ഫോര്‍ഡ് എന്‍ഡവര്‍ കളമൊഴിഞ്ഞപ്പോള്‍ ആ ഗ്യാപ്പില്‍ കയറാനും ജീപ്പിന് പദ്ധതിയുണ്ടായിരുന്നൂവെങ്കിലും ഇതൊന്നും വേണ്ടത്ര നില പ്രാക്ടിക്കലായില്ല.
സൂക്ഷ്മമായ ഡിസൈന്‍ മാറ്റങ്ങള്‍ ലഭിക്കുന്നതിനോടൊപ്പം നിലവിലെ മോഡലിനേക്കാള്‍ കൂടുതല്‍ ഫീച്ചറുകളും ഒപ്പം എഡിഎഎസ് സ്യൂട്ടും മെറിഡിയന്‍ ഫെയ്സ്ലിഫ്റ്റിലേക്ക് വരുമെന്നത് ജീപ്പിന്റെ ആരാധകരെ ആകര്‍ഷിക്കുമെന്ന് തീര്‍ച്ച. 50,000 രൂപ ടോക്കണ്‍ നല്‍കി പുതുക്കിയ എസ്യുവി ബുക്ക് ചെയ്യാം. ഇതോടൊപ്പം എത്തിക്കുന്ന 5 സീറ്റര്‍ പതിപ്പിന്റെ വരവ് എസ്യുവിയുടെ വില കുറയ്ക്കുമെന്നാണ് പ്രതീക്ഷ. 31.23 ലക്ഷം രൂപ മുതല്‍ 39.83 ലക്ഷം രൂപ വരെയാണ് എസ്യുവിക്കായി മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില. പക്ഷേ 5-സീറ്ററാണെങ്കില്‍ കോമ്പസില്ലേയെന്ന് ചോദിക്കുന്നവരും ഉണ്ടാവും. 18.99 ലക്ഷം മുതല്‍ 32.41 ലക്ഷം രൂപ വരെയാണ് ഇതിന് മുടക്കേണ്ടി വരികയെന്നാണ് ലഭിക്കുന്ന സൂചന. മുഖംമിനുക്കി എത്തുന്ന മെറിഡിയന്‍ എങ്ങനെ വിപണി പിടിക്കുമെന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.
സെവന്‍ സ്ലാറ്റ് ഗ്രില്ലിലെ ഹണികോംബ് മെഷിന് ഇപ്പോള്‍ ക്രോം സ്റ്റഡുകള്‍ കൊടുത്താണ് കമ്പനി അലങ്കരിച്ചിരിക്കുന്നത്. ഇതോടൊപ്പം മുന്‍പ് പുറത്ത് വന്നിരുന്ന സ്‌പൈ ഷോട്ടുകളില്‍ കാണുന്നത് പോലെ 18 ഇഞ്ച് വലിപ്പമുള്ള പുതിയ അലോയ് വീല്‍ ഡിസൈനുകളും മറ്റ് ചെറിയ മാറ്റങ്ങള്‍ക്കൊപ്പം ജീപ്പ് മെറിഡിയന്‍ ഫെയ്സ്ലിഫ്റ്റിലേക്ക് വന്നെത്തും. മുകളില്‍ പറഞ്ഞതുപോലെ മെറിഡിയന്‍ ഫെയ്സ്ലിഫ്റ്റിലെ ഏറ്റവും വലിയ മാറ്റം ലെവല്‍ 2 എഡിഎഎസ് സ്യൂട്ടിന്റെ കൂട്ടിച്ചേര്‍ക്കലായിരിക്കുമെന്ന് ഉറപ്പ്.
നിലവിലെ മോഡലിന്റെ ബീജ് കളര്‍ ഓപ്ഷന് പകരം ഗ്രേ ഫിനിഷുള്ള ത്രീ ലെയര്‍ ഡാഷ്ബോര്‍ഡാവും പുതിയ മെറിഡിയന്‍ ഫെയ്സ്ലിഫ്റ്റിന് അഴകേകാന്‍ എത്തുക. കൂടാതെ ക്രോം സ്ട്രിപ്പിന് പകരം ഒരു കോപ്പര്‍ ഫിനിഷ് സ്ട്രിപ്പ് നല്‍കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഇപ്പോഴത്തെ 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീനും അതേപടി മുമ്പോട്ട് കൊണ്ടുപോവുകയും ചെയ്യും. അതുപോലെ 9-സ്പീക്കര്‍ ആല്‍പൈന്‍ ഓഡിയോ സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലോക്കിംഗ് ഡിഫറന്‍ഷ്യല്‍, ലോ റേഞ്ച് എന്നിവയുള്ള ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റം എന്നിവ ഉള്‍പ്പെടെയുള്ള ഫീച്ചറുകളും വാഹനത്തില്‍ അതേപടി തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.