KeralaNational

സില്‍വര്‍ ലൈന്‍ കേരളത്തില്‍ സാധ്യമാകുമോ? കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

സംസ്ഥാനത്ത് ഏറെ വിവാദമായ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായി വീണ്ടും കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ഉദ്യോഗസ്ഥ തലത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്താമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയതായാണ് വിവരം.

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അംഗീകാരം കൂടാതെ അങ്കമാലി-എരുമേലി-ശബരി റെയില്‍പാത പദ്ധതിയെ കുറിച്ചും കേരളത്തിലെ റെയില്‍പാതകളുടെ എണ്ണം 4 വരിയാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റെയില്‍ഭവനില്‍ നടന്ന കൂടിക്കാഴ്ചയില്‍ മന്ത്രി വി അബ്ദുറഹ്‌മാനും പങ്കെടുത്തു.

ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് റെയില്‍വേ മന്ത്രിയുമായുള്ള കൂടിക്കാഴ്ച. ചര്‍ച്ച വളരെ അനുകൂലമായിരുന്നതായി മന്ത്രി അബ്ദുറഹ്‌മാന്‍ പറഞ്ഞു. സംസ്ഥാനം ആവശ്യപ്പെട്ട റെയില്‍പാത വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്ര മന്ത്രി അനുകൂല നിലപാട് അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button