കനൽ പൂവ്: ഭാഗം 48
രചന: കാശിനാഥൻ
എവിടേക്കാണ് പോകുന്നത് എന്ന് അർജുനേട്ടനൊന്ന് പറഞ്ഞുകൂടെ,
അത് തത്കാലം ഞാൻ പറയുന്നില്ല താൻ കണ്ടറിഞ്ഞാൽ മതി,
എനിക്കാണെങ്കിൽ ഇന്ന് ബാങ്കിൽ ഒരുപാട് വർക്കുള്ള ദിവസമായിരുന്നു.ചെ ഇനീയിപ്പോ എന്താ ചെയ്ക.
ഒന്നും ചെയ്യാനില്ലന്നേ. നമ്മൾക്കു പോയിട്ട് വരാം, അത്ര തന്നെ..
പാർവതി ഒന്നു മുഖം തിരിച്ചു നോക്കിയപ്പോൾ അവളെ നോക്കി കണ്ണീറുക്കി കാണിക്കുന്ന അർജുനെയാണ് കണ്ടത്.
ഏറിയാൽ ഒരു 15 മിനിറ്റ് അപ്പോഴേക്കും നമ്മൾ എത്തും പാർവതി, താൻ ടെൻഷനാകണ്ട,ബാങ്കിൽ അത്രയ്ക്ക് തിരക്കാണെങ്കിൽ, ആഫ്റ്റർനൂൺ ഞാൻ ജോലിക്ക് കയറിക്കോളൂ.
അർജുൻ പറഞ്ഞതും അതിനു മറുപടിയൊന്നും പറയാതെ അവൾ മുന്നോട്ടു നോക്കിയിരുന്നു.
ഒരു മഹാദേവക്ഷേത്രത്തിന്റെ മുന്നിലേക്ക് ആയിരുന്നു അർജുന്റെ വണ്ടി ചെന്നുനിന്നത്..
സംശയത്തോടെ പാർവതി അവനെ ഒന്നു നോക്കി.
ഇറങ്ങി വാടോ…
തന്റെ സീറ്റ് ബെൽറ്റ് ഊരി മാറ്റി കൊണ്ട് അർജുൻ പാർവതിയോട് പറഞ്ഞു.
അർജുന്റെ ഒപ്പം അമ്പലത്തിലേക്ക് കയറവേ പാർവതി ഒരു വെള്ളിയോച്ച കേട്ടത്.
മമ്മാ……
പെട്ടെന്ന് അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു.
നിലമോള് ആയിരുന്നു..ചക്കിയുടെ കയ്യിൽ പിടിച്ചുകൊണ്ട് മെല്ലെ മെല്ലെ നടന്നു വരികയാണ് കുഞ്ഞ്.ഒരു പട്ടുപാവാടയും ബ്ലൗസും ഒക്കെയാണ് കുഞ്ഞിന്റെ വേഷം.മുടിയിൽ ഒരു ഹെയർ ബാൻഡ് വെച്ചിട്ട് അതിലൂടെ മുല്ലപ്പൂ ഒക്കെ നിറയെ ചുറ്റി വെച്ചിരിക്കുന്നു.
ടാ…. വാവേ,
അവള് അവരുടെ അടുത്തേക്ക് ഓടി ചെന്നു.
കുഞ്ഞിനെ എടുത്ത് ആ കവിളിൽ ഉമ്മ വച്ചു.
അപ്പോഴേക്കും കണ്ടു ലച്ചുമ്മയും അച്ഛമ്മയും ഒക്കെ ക്ഷേത്രത്തിനുള്ളിൽ നിൽക്കുന്നത്.
ചേച്ചിയെ വെയിറ്റ് ചെയ്യുവായിരുന്നു,എന്തേ വൈകിത്.ഏട്ടനൊക്കെ അകത്തുണ്ട്.. മുഹൂർത്തം ആയെന്ന് തോന്നുന്നു
ചക്കി ചോദിച്ചതും പാർവതയുടെ നെറ്റി ചുളിഞ്ഞു.
അപ്പോഴേക്കും അവളുടെ തോളത്ത് ഒരു കൈപതിഞ്ഞിരുന്നു.
അർജുൻ വന്നിട്ട് അവളെ ചേർത്തു പിടിച്ചു അമ്പലത്തിലേക്ക് കയറി പോയി.
അവിടേക്ക് ചെന്നതും പാർവതി അക്ഷരാർത്ഥത്തിൽ ഞെട്ടി.
കല്യാണ ചെക്കന്റെ വേഷത്തിൽ നിൽക്കുകയാണ് അരുൺ.
അവളെ കണ്ടതും അരുൺ ഒന്ന് ചിരിച്ചു.
ശില്പ…
അരുൺ ശബ്ദമുയർത്തി വിളിക്കുന്ന കേട്ടതും, സ്വർണ്ണ കസവുള്ള സെറ്റുമുണ്ട് ഉടുത്തു മുടി നിറയെ മുല്ലപ്പൂവ് ഒക്കെ ചൂടി, ഒരു പെൺകുട്ടി അരുണിന്റെ അടുത്തേക്ക് വന്നു.
ഇതാണ് ഞാൻ പറഞ്ഞിട്ടുള്ള പാർവതി..
അവൻ പരിചയപ്പെടുത്തിയതും ശില്പ മനോഹരമായി ഒന്ന് പുഞ്ചിരിച്ചു..
പാർവതിക്ക് ഒരു ബിഗ് സർപ്രൈസ് കൊടുക്കണമെന്ന് അരുണേട്ടന് നിർബന്ധമായിരുന്നു, അതേതായാലും നടന്നു അല്ലേ..
അരുണേട്ടൻ ഹാപ്പി ആയി.
ശില്പയുടെ സംസാരം കേട്ടപ്പോൾ കാര്യങ്ങളൊക്കെ ഏകദേശം പാർവതിക്ക് പിടികിട്ടി.
മുഹൂർത്തം ആയിരിക്കുന്നു….
തിരുമേനി പറഞ്ഞതും എല്ലാവരും പെട്ടെന്ന് അവിടേക്ക് ചെന്നു.
തന്റെ അരികിലായി നിന്ന അർജുനെ അവളൊന്നു മുഖം ഉയർത്തി നോക്കി.
എന്നിട്ട് എല്ലാവരുടെയും ഒപ്പം കോവിലിന്റെ ഉള്ളിലേക്ക് കയറി.
ശിൽപ്പയുടെ ബന്ധുക്കളായി കുറച്ച് ആളുകളും ഉണ്ടായിരുന്നു.
എല്ലാവരും ചേർന്ന് ഒരു നിമിഷത്തേക്ക് മൗനമായി പ്രാർത്ഥിച്ചു.
പൂജിച്ച മഞ്ഞചരടിൽ കോർത്ത താലിയുമായി തിരുമേനി വന്നു. അരുണേട്ടന്റെ അമ്മാവന്റെ കൈലേക്ക് ഇലച്ചീന്തു നൽകി.
അദ്ദേഹം അത് നെഞ്ചോട് ചേർത്ത് പിടിച്ചു ഒരു നിമിഷത്തേക്ക് ഭഗവാനെ നോക്കി മിഴികൾ അടച്ചു. അപ്പോളേക്കും ലെച്ചുമ്മയുടെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി നിന്നു.
അരുണേ….
അദ്ദേഹം ആയിരുന്നു താലിച്ചരട് എടുത്തു ഏട്ടനെ ഏൽപ്പിച്ചത്.
പ്രാർത്ഥിച്ചിട്ട് കെട്ടിക്കോളു..
ഹ്മ്മ്… അരുണേട്ടൻ ഒന്ന് തല കുലുക്കി.
അങ്ങനെ മഹാദേവന്റെ മുമ്പിൽ വെച്ചു
അരുണേട്ടൻ ശിൽപ്പയുടെ കഴുത്തിൽ താലിമാല ചാർത്തി.
അവരുടെ നടുവിലായി നിൽക്കുന്ന നിലമോളെ കണ്ടപ്പോൾ പാർവതിയ്ക്കു അവളുടെ ഹൃദയം സന്തോഷത്താൽ വിങ്ങി.
ഈശ്വരാ… പാവമാണ് അരുണേട്ടൻ, ശിൽപ്പയും അങ്ങനെ തന്നേ…. രണ്ടാളെയും ഇനി പരീക്ഷണങ്ങൾ ഒന്നും ഏൽപ്പിക്കാതെ ഇനി കാത്തുരക്ഷിക്കേണമേ. അവർക്ക് നല്ലൊരു ജീവിതം നീ പ്രദാനം നൽകേണമേ. നില മോൾക്ക്, ഏറ്റവും പ്രിയപ്പെട്ടവൾ ആയി ശില്പ മാറണമേ.
അതായിരുന്നു പാർവതിയുടെ പ്രാർത്ഥന.
അവളെ കണ്ടതും, ലച്ചു അമ്മയും, അച്ഛമ്മയും ഒക്കെ വന്ന് ഏറെ നേരം സംസാരിച്ചു.
പാർവതി മോൾക്ക് ഒരു സർപ്രൈസ് കൊടുക്കണമെന്ന് അർജുൻ പറഞ്ഞതുകൊണ്ടാണ് തങ്ങൾ ആരും ഈ വിവരം അറിയിക്കാഞ്ഞത് എന്ന് ലച്ചുവമ്മ അവളോട് പറഞ്ഞു.
അതിനൊക്കെ മറുപടിയായി പാർവതി ഒന്ന് പുഞ്ചിരിച്ചു.
അരുണേട്ടനും ശില്പയും ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു.
അവരുടെ കൂടെ നില മോളും ചക്കിയുമുണ്ട്..
കുസൃതിയും കുറുമ്പുമായി നില മോൾ അവിടെയാകെ ഓടി നടന്നു..
മോളെ… സൂക്ഷിച്ചു.. വീഴല്ലേടാ..
ശില്പ അവളുടെ പിന്നാലെ ഓടിച്ചെന്നപ്പോൾ, പാർവതി ഉറപ്പിച്ചിരുന്നു, പെറ്റമ്മയെക്കാൾ സ്നേഹത്തോടെ, നില മോളെ ഈ അമ്മ നോക്കും എന്നുള്ളത്.
അർജജുനേയും പാർവതിയെയും ഫോട്ടോ എടുക്കുവാനായി വന്നു കൂട്ടിക്കൊണ്ടുപോയത് അരുൺ ആയിരുന്നു.
അവർ രണ്ടാളും അരുണിനും ശിൽപക്കും ആശംസകൾ നേർന്നു.
ക്ഷേത്രത്തിനു വെളിയിലായുള്ള ഒരു ചെറിയ റസ്റ്റോറന്റിൽ വെജിറ്റേറിയൻ സദ്യ ഒക്കെ ഏർപ്പാടാക്കിയിരുന്നു.
എല്ലാവരും കൂടി അവിടേക്ക് പോയി.
ഒരുപാട് നാളുകൾക്കു ശേഷം നിറഞ്ഞ സന്തോഷത്തോടെയുള്ള മുഖത്തോടെ ആ കുടുംബത്തെ ഓരോരുത്തരെയും നോക്കിക്കാണുകയായിരുന്നു പാർവതി.
ശില്പയുടെ, ആദ്യ വിവാഹം കഴിഞ്ഞതായിരുന്നു എന്നും, മൂന്നു മാസങ്ങൾക്ക് ശേഷം ഇരുവരും ചേർന്ന് എവിടെയോ യാത്ര പോയപ്പോൾ ശില്പയുടെ ഭർത്താവ് കാറപകടത്തിൽ മരിച്ചുപോയെന്നും, ഒരുപാട് പരിക്കുകളോട് രക്ഷപ്പെട്ടു, എന്നാൽ ഒരിക്കലും ശിൽപയ്ക്ക് ഒരു അമ്മയാകുവാനുള്ള കഴിവില്ലെന്നും, ഒക്കെ ലച്ചു അമ്മയായിരുന്നു പാർവതിയോട് പറഞ്ഞത്.
എല്ലാം നല്ലതിനാണെന്ന് നമ്മൾക്ക് പ്രത്യാശിക്കാം, പാർവതി അവരോട് പറഞ്ഞു.
അങ്ങനെ ഉച്ചയ്ക്ക് ഒരു മണിയോളമായി , എല്ലാവരും ക്ഷേത്രത്തിൽ നിന്നും പിരിഞ്ഞു പോയപ്പോൾ.
ഒന്നൂടെ അരുണിന്റെയും ശില്പയുടെയും കയ്യിൽ പിടിച്ചു കുലുക്കി ഇരുവർക്കും എല്ലാവിധ ആശംസകളും അറിയിച്ച ശേഷമാണ് അർജുനും പാർവതിയും മടങ്ങിയത്.
ഇന്നിനി ബാങ്കിലേക്ക് പോകേണ്ട അത്യാവശ്യമുണ്ടോ പാർവതി?
അർജുൻ ചോദിച്ചതും അവൾ കുഴപ്പമില്ലെന്ന് അവനോട് മറുപടി പറഞ്ഞു.
ഹ്മ്മ്…. ഇന്ന് സാറ്റർഡേ,,, നാളെ എന്തായാലും ഓഫ് ആണ്, അത് കഴിഞ്ഞു വരുന്ന രണ്ടു ദിവസങ്ങൾ തനിക്ക് പൂജ ഹോളിഡേയ്സ് ആണല്ലേ.
ഹ്മ്മ്…..
അവള് തല കുലുക്കി.
വീട്ടിൽ ചെന്നിട്ട്, നാലഞ്ചു ദിവസത്തേക്ക് ആവശ്യമായ ഡ്രസും, മറ്റ് സാധനങ്ങളുംഒക്കെ എടുത്തു പായ്ക്ക് ചെയ്തോണം കേട്ടോ,നമ്മൾക്ക് ഒരു ട്രിപ്പ് പോണം.
എവിടേയ്ക്ക്…..?
അതും സർപ്രൈസ്, എന്തേ…..തുടരും……..
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…