ബില്‍ഗേറ്റ്‌സിന്റെ ഇഷ്ട സ്ഥാനാര്‍ഥി ആരാണ്…? 420 കോടി രൂപ നല്‍കി ആ ഇഷ്ടം അങ്ങ് പ്രകടിപ്പിച്ചു
എന്നാൽ പിന്തുണ ആർക്കാണെന്ന് വ്യക്തമാക്കാതെ ശതകോടീശ്വരൻ
വാഷിംഗ്ടണ്‍: ലോകം വിലക്കുവാങ്ങാനാകുന്നത്ര ആസ്തിയൊന്നുമില്ലെങ്കിലും ലോകത്തെ നിയന്ത്രിക്കാന്‍ പോകുന്ന ഒരു പ്രസിഡന്റിനെ വിലക്ക് വാങ്ങാനുള്ള ശ്രമമാണ് ശതകോടീശ്വരനായ ബില്‍ഗേറ്റ്‌സിന്റേത്. വരാനിരിക്കുന്ന യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്ക് ബില്‍ഗേറ്റ്‌സ് നല്‍കിയത് ഒന്നും രണ്ടും ലക്ഷമൊന്നുമല്ല.
അഞ്ച് കോടി ഡോളറാണ്. ഇഷ്ട സ്ഥാനാര്‍ഥിയോടുള്ള കൂറ് കാണിക്കാന്‍ വേണ്ടി മാത്രമല്ല എതിര്‍ സ്ഥാനാര്‍ഥിയോടുള്ള തന്റെ രോഷം പ്രകടിപ്പിക്കാന്‍ വേണ്ടി തന്നെയാണ് ബില്‍ഗേറ്റ്‌സ് ഇത്രയും വലിയ തുക നല്‍കിയിരിക്കുന്നത്. തന്റെ പിന്തുണ ഇതോടെ വ്യക്തമാക്കിയ ബില്‍ഗേറ്റ്‌സ് ആരെയാണ് സന്തോഷിപ്പിച്ചതെന്നല്ലേ…? യു എസ് വൈസ് പ്രസിഡന്റും ഡൊണാള്‍ഡ് ട്രംപിനെതിരെ മത്സരിക്കാന്‍ കച്ചക്കെട്ടിയിറങ്ങിയ ഡെമോക്രാറ്റിക് നേതാവ് കമലാ ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന സംഘത്തിന് സംഭാവന നല്‍കിയത്. ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബില്‍ ഗേറ്റ്‌സ് 50 മില്ല്യണ്‍ ഡോളര്‍ (420 കോടി ഇന്ത്യന്‍ രൂപ) സംഭാവന കൊടുത്തതതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
എന്നാല്‍, പ്രത്യക്ഷത്തില്‍
ഇതുവരേയും കമലയ്ക്ക് ബില്‍ഗേറ്റ്‌സ് പരസ്യ പിന്തുണ നല്‍കിയിട്ടില്ല. എന്നാല്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിനോടുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കമലയ്ക്കുള്ള സംഭാവന ചര്‍ച്ചയായി മാറി കഴിഞ്ഞു. ട്രംപ് വീണ്ടും അധികാരത്തിലേറിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ചുള്ള ആശങ്ക ബില്‍ഗേറ്റ്‌സ് നേരത്തേ അടുത്ത സുഹൃത്തുക്കളോട് പങ്കുവെച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ബില്‍ ആന്റ് മെലിന്റ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് ബില്‍ഗേറ്റ്‌സ് ആശങ്ക പ്രകടിപ്പിച്ചത്.