കണ്ണൂര്‍: നിര്‍ണായക ദിനത്തില്‍ പി പി ദിവ്യക്കെതിരെ ശക്തമായ തീരുമാനവുമായി കോടതി. മുന്‍ എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തപ്പെട്ട സാഹചര്യത്തിലാണ് ദിവ്യ കോടതിയെ സമീപിച്ചത്. എന്നാല്‍, ജാമ്യം നല്കാന് സാധിക്കുകയില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നാണ് ദിവ്യയുടെ പ്രധാന വാദം. ഏത് ഉപാധികളും അംഗീകരിക്കാം എന്നും സ്ത്രീയെന്ന പരിഗണന നല്കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ദിവ്യ കോടതിയോട് അപേക്ഷിച്ചിരുന്നു. എന്നാല്‍, ഇതൊന്നും കോടതി പരിഗണിച്ചില്ലെന്നാണ് കോടതി വൃത്തങ്ങളില്‍ നിന്ന് ലഭിച്ച സൂചന. പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകനും ദിവ്യയുടെ വാദങ്ങളെ കോടതിയില്‍ ഖണ്ഡിച്ചതും ദിവ്യക്ക് കനത്ത പ്രഹരമായി.
കോടതി വിധി ദിവ്യയ്ക്കും അന്വേഷണ സംഘത്തിനും നിര്‍ണായകമാണ്. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കാത്ത സാഹചര്യത്തില്‍ ദിവ്യ ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യതയാണുള്ളത്.