Kerala

ഉമര്‍ ഫൈസിയെ വിമര്‍ശിച്ച് മുഈന്‍ അലി തങ്ങളും

പാണക്കാട് - സമസ്ത ബന്ധത്തിന് സമസ്തയോളം പഴക്കമുണ്ട്

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മഹല്ലുകളുടെ ഖാസിയായി ഇരിക്കുന്നതിനെതിരെ വിമര്‍ശനമുന്നയിച്ച സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന് പരോക്ഷ വിമര്‍ശനവുമായി പാണക്കാട് മുഈന്‍ അലി ശിഹാബ് തങ്ങള്‍. പാണക്കാട് കുടുംബത്തിന് സമസ്ത നല്‍കുന്ന ആദരവിനും സ്വീകാര്യതയ്ക്കും സമസ്തയോളം തന്നെ പഴക്കമുണ്ടെന്നും അഹ്ലുസുന്നത്തിന്റെ നിലനില്‍പ്പിന് ഈ ചേര്‍ത്ത് നില്‍ക്കലും ചേര്‍ന്ന് നില്‍ക്കലും അനിവാര്യവുമാണ് എന്നുമായിരുന്നു മുഈന്‍ അലി ശിഹാബ് തങ്ങളുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഈന്‍ അലി വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ലീഗിനെ പ്രതിക്കൂട്ടിലാക്കുന്ന പല ആരോപണങ്ങളിലും സമസ്ത നേതാക്കൾക്കൊപ്പം നിൽക്കാറുണ്ടായിരുന്ന മുഈൻ അലി പാണക്കാട് കുടുംബത്തെ വിമർശിച്ചപ്പോൾ നിലപാട് മാറ്റിയിട്ടുണ്ട്.

മുസ്ലിം മഹല്ലുകള്‍ നിയന്ത്രിക്കേണ്ടത് മത പണ്ഡിതന്മാര്‍ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞിരുന്നു. കിതാബ് നോക്കി വായിക്കാന്‍ പറ്റുന്നവരാവണം ഖാളി ആവേണ്ടത്. ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യം. വിവരമില്ലെങ്കിലും ഖാളി ആവണം എന്നാണ് നിലപാട്. ഖാളി ആക്കാന്‍ കുറേ രാഷ്ട്രീയക്കാരും തയ്യാറാണ്. ഇതിനൊക്കെ ഒരു നിയമമുണ്ട്, അതിര് വിട്ട് പോവുകയാണ്. ഇത്തരം വിഷയങ്ങളില്‍ പരിഹാരമായില്ലെങ്കില്‍ ജനങ്ങളോട് തുറന്നു പറയും. പേടിച്ചിട്ടല്ല പറയാത്തത്. ജനങ്ങളില്‍ വിവരം ഇല്ലാത്തവര്‍ അധികം ആവുമ്പോള്‍ അവരില്‍ കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പാണക്കാട് സാദാത്തീങ്ങള്‍ക്കും ഉമറാക്കള്‍ക്കും നല്‍കുന്ന ആദരവിനും സ്വീകാര്യതക്കും സമസ്തയോളം തന്നെ പഴക്കമുണ്ട്. അഹ്ലുസുന്നത്തിന്റെ നിലനില്‍പ്പിന് ഈ ചേര്‍ത്ത് നില്‍ക്കലും ചേര്‍ന്ന് നില്‍ക്കലും അനിവാര്യവുമാണ്.
അല്ലാഹു നമ്മുടെ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കട്ടെ…

 

Related Articles

Back to top button