ബെംഗളൂരു: കെ ജി എഫിലൂടെ ലോക സിനിമാ പ്രേമികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ റോക്കിംഗ് സ്റ്റാര്‍ യഷിനെ നായകനാക്കി മലയാളത്തിന്റെ സ്വന്തം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് എന്ന ഹൈ വോള്‍ട്ടേജ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഒരുക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ സെറ്റുകള്‍.
കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്ന്് നിര്‍മിക്കുന്ന ചിത്രത്തിന് 500 കോടി രൂപയ്ക്ക് മുകളിലാണ് ബജറ്റ് കാണുന്നത്.
സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി വമ്പന്‍ സെറ്റുകള്‍ ഒരുക്കുന്നതിന് ബെംഗളുരുവിലെ വനഭൂമിയില്‍ നിന്നും നൂറുകണക്കിന് മരങ്ങള്‍ വെട്ടിമാറ്റിയെന്ന ആക്ഷേപം ഉയര്‍ന്നതോടെ ഷൂട്ടിംഗ് തന്നെ വിവാദത്തിലായിരുന്നു. എന്നാല്‍, എല്ല പ്രതിസന്ധികളും തരണം ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ സെറ്റ് ഒരുക്കിയിരിക്കുകയാണ് സിനിമാ പ്രവര്‍ത്തകര്‍.
എന്നാല്‍, ചിത്രീകരണത്തിനായി ഉപയോഗിച്ച 20 ഏക്കര്‍ ഭൂമി സ്വകാര്യമാണെന്നും സര്‍ക്കാര്‍, വനഭൂമി എന്നിങ്ങനെ തരം തിരിച്ചിട്ടില്ലെന്നും നിര്‍മാതാക്കളില്‍ ഒരാള്‍ വ്യക്തമാക്കി. ബെംഗളുരുവിലെ എച്ച് എം ടി വനഭൂമിയായി അത് വാര്‍ത്തകളില്‍ ഇടം പിടിച്ചു. എന്നാല്‍ അതെല്ലാം നുണയാണ്. സ്വന്തം സ്ഥലമാണ്. 20 ഏക്കര്‍ ഭൂമിയില്‍ രണ്ട് ഏക്കറിലാണ് സെറ്റ് ഒരുക്കിയിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി വമ്പന്‍ സെറ്റ് തന്നെയാണ് നിര്‍മിച്ചിരിക്കുന്നത് എന്നാല്‍ അതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈവശമുണ്ട്. നിയമപരമായ എല്ലാ കാര്യങ്ങളും പാലിച്ചുകൊണ്ടാണ് സെറ്റ് നിര്‍മിക്കാന്‍ തുടങ്ങിയത്. അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ ഉത്കണ്ഠപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.