ഫ്രീഡം 125 മോട്ടോര്‍സൈക്കിള്‍ വിറ്റ് ബജാജ് പണംവാരുന്നു
ചെന്നൈ: പൊതുവില്‍ പള്‍സര്‍ മുതലാളിയാണെന്നാണ് ബജാജിനെ വിളിക്കാറെങ്കിലും മോഡല്‍ വൈവിധ്യങ്ങളാല്‍ ഞെട്ടിക്കുന്ന കമ്പനിയാണിത്. കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് ഇന്ധനമാക്കിയ ലോകത്തിലെ ആദ്യത്തെ മോട്ടോര്‍സൈക്കിള്‍വരെ പുറത്തിറക്കിയവരാണ് ബജാജ്. കമ്മ്യൂട്ടര്‍ ബൈക്കുകളും സ്‌പോര്‍ട് മോട്ടോര്‍ സൈക്കിളുകളും എന്തിന് സ്‌കൂട്ടറുകള്‍പോലും കിടിലമായി പണിതിറക്കാന്‍ അറിയാവുന്ന ഇന്ത്യന്‍ വാഹന നിര്‍മാണ കമ്പനിയാണ് ബജാജ്.
പെട്രോളിലും സിഎന്‍ജിയിലും ഓടുന്ന ബൈ ഫ്യുവല്‍ മോട്ടോര്‍ സൈക്കിളായ ഫ്രീഡം 125 ഇന്ത്യക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ മോഡലിന്റെ എക്കാലത്തെയും മികച്ച പ്രതിമാസ വില്‍പ്പനയാണ് നടന്നത്. വാഹന്റെ കണക്കുകള്‍ പ്രകാരം നവംബര്‍ നാലാം തീയതിവരെ ഫ്രീഡം 125 ബൈ ഫ്യുവല്‍ ബൈക്കിന്റെ സഞ്ചിത വില്‍പ്പന 20,942 യൂണിറ്റുകളാണ്. അതില്‍ ജൂലൈ അവസാന രണ്ടാഴ്ചയില്‍ 272 യൂണിറ്റുകളും ഓഗസ്റ്റില്‍ 4,111 യൂണിറ്റുകളും സെപ്റ്റംബറില്‍ 4,937 യൂണിറ്റുകളും ഒക്ടോബറില്‍ 11,041 യൂണിറ്റുകളും നവംബര്‍ മാസത്തെ ആദ്യ മൂന്ന് ദിവസങ്ങളിലെ 581 യൂണിറ്റുകളും ചേര്‍ത്തുള്ള മൊത്ത വില്‍പ്പനയുടെ കണക്കാണിത്.
95,000 രൂപ വിലയുള്ള ഡ്രം, 1.05 ലക്ഷം രൂപ വിലയുള്ള ഡ്രം എല്‍ഇഡി, 1.10 ലക്ഷം രൂപ വിലയുള്ള ഡിസ്‌ക് എല്‍ഇഡി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ബജാജ് ഫ്രീഡം 125 സിഎന്‍ജി ബൈക്ക് സ്വന്തമാക്കാനാവുക. 2 കിലോ സിഎന്‍ജിയില്‍ 200 കിലോമീറ്ററിലധികം മൈലേജ് കിട്ടുമെന്നതാണ് മോഡലിന്റെ മറ്റൊരു പ്രത്യേകത. പോരാത്തതിന് പെട്രോള്‍ ടാങ്കിന് 2 ലിറ്റര്‍ ശേഷിയുമുണ്ട്. ആയതിനാല്‍ സിഎന്‍ജി തീര്‍ന്നാലും 130 കിലോമീറ്ററിലധികം ഓടാന്‍ പെട്രോള്‍ മതിയാവും.
മോണോ-ലിങ്ക്ഡ് സസ്പെന്‍ഷന്‍ സിസ്റ്റം, നീളമുള്ളതും സുഖകരവുമായ സിംഗിള്‍ പീസ് സീറ്റ്, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഡിജിറ്റല്‍ സ്പീഡോമീറ്ററുകള്‍ എന്നിവയെല്ലാമാണ് ബജാജ് ഫ്രീഡം 125 മോഡലിന്റെ പ്രധാന സവിശേഷതകള്‍.
125 സിസി സെഗ്മെന്റിലെ മറ്റ് ബൈക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫ്രീഡത്തിന്റെ പ്രവര്‍ത്തനച്ചെലവ് 50 ശതമാനംവരെ കുറയ്ക്കാനാവുമെന്നും പെട്രോളും സിഎന്‍ജിയും ഫുള്‍ ടാങ്ക് നിറച്ചാല്‍ റൈഡറിന് 330 കിലോമീറ്റര്‍ വരെ മോട്ടോര്‍സൈക്കിള്‍ ഓടിക്കാനാവുമെന്നുമാണ് ഫ്രീഡം 125നെക്കുറിച്ചുള്ള കമ്പനിയുടെ അവകാശവാദം.