സാധാരണക്കാരന് വാങ്ങാന്‍ പറ്റിയ സ്കോഡ എസ്യുവി കൈലാക്ക് ഇന്നെത്തും
മുംബൈ: ഇന്ത്യന്‍ വിപണി എസ്യുവികളിലേക്ക് ചായുന്നത് കണ്ട് ഈ സെഗ്മെന്റിലെ സാന്നിധ്യം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ഫോക്സ്വാഗണ് ഗ്രൂപ്പിന് കീഴിലുള്ള ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡ് ആയ സ്കോഡ ഇന്ത്യ. സബ് 4 മീറ്റര്‍ എസ്യുവി വിഭാഗത്തില്‍ തങ്ങള്‍ പുറത്തിറക്കാന്‍ പോകുന്ന പുതിയ കാറിന്റെ പേര് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് സിയാദ് നിര്‍ദേശിച്ച ‘കൈലാക്ക്’ആണ് പുതിയ കാറിന്റെ പേരായി തെരഞ്ഞെടുക്കപ്പെട്ടത്.
ഗ്ലോബല്‍ പ്രീമിയറിന് മുന്നോടിയായി കാറിന്റെ ടീസര്‍ സ്കോഡ പുറത്തുവിട്ടിരുന്നു. പ്രശസ്ത ബോളിവുഡ് സംവിധായകനായ രോഹിത് ഷെട്ടിയാണ് ഈ ടിവി പരസ്യം ഒരുക്കിയത്. പുതിയ ടീസറില്‍ എസ്യുവിയുടെ ടെയില്‍ ലാമ്പിന്റെ ഷെയ്പ്പ്, പിന്‍വശത്തെ കൈലാക്ക് ബാഡ്ജിംഗ്, ഹെഡ്ലാമ്പ് ഔട്ട്ലൈനിംഗ് എന്നിവ കാണാം. ടിവി പരസ്യം ഒരുക്കിയ രോഹിത് ഷെട്ടിയും കാറിന്റെ അവതരണ പരിപാടിക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം. കുഷാഖിനും സ്ലാവിയക്കും ശേഷം MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി വരുന്ന മൂന്നാമത്തെ സ്കോഡ കാര്‍ ആയിരിക്കും കൈലാക്ക്.
അക്രമണാത്മകമായ വിലയിലായിരിക്കും കാര്‍ എത്തുക. ഏകദേശം 8 ലക്ഷം രൂപയാണ് കൈലാക്കിന്റെ വില പ്രതീക്ഷിക്കുന്നത്. വലിയ തോതില്‍ പ്രദേശികവല്ക്കരണം നടപ്പാക്കുന്നതിനാല്‍ തന്നെ ഈ കാര്‍ കുറഞ്ഞ വിലയില്‍ കമ്പനിക്ക് നല്കാന് പറ്റുമെന്നാണ് കേള്‍ക്കുന്നത്. ജനപ്രിയ മോഡലുകളായ ടാറ്റ നെക്സോണ്‍, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, റെനോ കൈഗര്‍, നിസാന്‍ മാഗ്നൈറ്റ്, മാരുതി ഫ്രോങ്ക്സ്, ടൊയോട്ട ടൈസര്‍ എന്നീ മോഡലുകളുടെ എതിരാളിയായിരിക്കും കൈലാക്ക്.