പാലക്കാട് കോൺഗ്രസ് നേതാക്കൾ തങ്ങിയ ഹോട്ടലിൽ പാതിരാ പരിശോധന; ഏറ്റുമുട്ടി പ്രവർത്തകർ
പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കൾ തങ്ങിയ ഹോട്ടൽ മുറികളിൽ അർധരാത്രി പോലീസ് പരിശോധന നടത്തിയതിന് പിന്നാലെ സ്ഥലത്ത് സിപിഎം, കോൺഗ്രസ്, ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കോൺഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണവുമായി ഹോട്ടലിന് പുറത്ത് ബിജെപി, സിപിഎം പ്രവർത്തകർ തടിച്ചു കൂടിയതോടെയാണ് സംഘർഷമുണ്ടായത്.
സിപിഎം, ബിജെപി പ്രവർത്തകർ ഒരു വശത്തും കോൺഗ്രസ് മറുവശത്തുമായി പലതവണ കയ്യാങ്കളിയുണ്ടായി. ഹോട്ടലിന് അകത്ത് വെച്ചും പുറത്തു വെച്ചും പ്രവർത്തകർ ഏറ്റുമുട്ടി. സ്ഥലത്ത് ആവശ്യത്തിന് പോലീസുകാർ ഉണ്ടായിരുന്നില്ല. രാത്രി 12 മണിയോടെയാണ് പാലക്കാട് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥ സംഘം നഗരത്തിലെ കെപിഎം ഹോട്ടലിലെത്തിയത്.
ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ആദ്യം വനിതാ പൊലീസ് ഓഫീസർ ഉണ്ടായിരുന്നില്ല. നേതാക്കളുടെ മുറികൾ പരിശോധിക്കാൻ ആരംഭിച്ച സംഘം, ഷാനിമോൾ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടേയുടെയും മുറികളിൽ എത്തി. ഉദ്യോഗസ്ഥരിൽ ചിലർ മഫ്തിയിലായിരുന്നു. ഇതോടെ രണ്ട് മുറികളും പൂട്ടിയ വനിതാ നേതാക്കൾ പുറത്തിറങ്ങിനിന്നു. പിന്നാലെ വനിതാ ഉദ്യോഗസ്ഥരെത്തി രണ്ടു മുറികളും അരിച്ചുപെറുക്കി പരിശോധന നടത്തി.
ഹോട്ടലിന് പുറത്ത് സിപിഎം-ബിജെപി-കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചു. കൂടുതൽ കോൺഗ്രസ് നേതാക്കൾ ഹോട്ടലിന് അകത്തേക്ക് വന്നു. ഇതോടെ സംഘർഷാവസ്ഥ. എംപിമാരായ വികെ ശ്രീകണ്ഠനും, ഷാഫി പറമ്പിലും ഹോട്ടലിലേക്ക് എത്തിയെങ്കിലും ഇവരെയും അകത്തേക്കു കയറ്റി വിട്ടില്ല.
തുടർന്നു വീണ്ടും സംഘർഷാവസ്ഥ. മറ്റുമുറികളിലും പരിശോധന നടത്തണമെന്ന് എൽഡിഎഫിലെ എഎ റഹീം എംപി ഉൾപ്പെടെയുള്ളവ ആവശ്യപ്പെട്ടു. ബിജെപി നേതാക്കളായ വി വി രാജേഷ്, സി ആർ പ്രഫുൽ കൃഷ്ണ, പ്രശാന്ത് ശിവൻ, സ്ഥാനാർഥി സി കൃഷ്ണകുമാർ തുടങ്ങിയവരും പരിശോധന വേണമെന്ന് ആവശ്യപ്പെട്ടു ബഹളംവെച്ചു.