മംഗല്യ താലി: ഭാഗം 27
രചന: കാശിനാഥൻ
എനിക്ക് ഹരിയേട്ടനെ വിശ്വാസമാണ്.നൂറു വട്ടം.. പക്ഷെ ഞാൻ ഇവിടെ തുടരുന്നത് ഹരിയേട്ടന്റെ ജീവിതം കൂടിഇല്ലാതാക്കും.. അതുകൊണ്ടാണ്.എനിയ്ക്ക് പോണം, പോയെ തീരൂ
അവൾ വീണ്ടും അത് തന്നേ ആവർത്തിച്ചു.
ഞാൻ ഇത്രമാത്രം പറഞ്ഞിട്ടും തനിയ്ക്ക് മനസിലാവുന്നില്ലേ ഭദ്രേ…..
കൊച്ച്കുട്ടികളെ പോലെ ഇങ്ങനെ തുടരല്ലേ… കുറച്ചു കഷ്ടം ആണ് കേട്ടോ….
അവൻ ചെറുതായ് ശാസിച്ചപ്പോൾ അവൾ മുഖം കുനിച്ചു നിന്നു.
ഭദ്രയുടെ നന്മയ്ക്ക് വേണ്ടിയാണ് ഞാനീ പറയുന്നത്,പഠിത്തം, ജോലി, ഇതൊക്കെ മുന്നോട്ട് കിടക്കുവല്ലേ, എല്ലാത്തിലും ഉപരിയായിട്ടു സ്വസ്ഥമായും സമാധാനമായും തനിക്ക് ജീവിക്കണ്ടേ കൊച്ചേ,ഒന്നുല്ലെങ്കിലും ഈ താലി തന്റെ കഴുത്തിൽ അണിയിച്ചു തന്നവൻ അല്ലെടോ.. ആ ഒരു പരിഗണനയെങ്കിലും ഒന്ന് തന്നുടെ…
ഇവിടെഎനിയ്ക്ക് സ്വസ്ഥമായിട്ട് ജീവിക്കാൻ ആവില്ല ഹരിയേട്ടാ, ലക്ഷ്മിയമ്മയ്ക്ക് എന്നോട് തീർത്താൽ തീരാത്ത പകയാണ്, വൈരാഗ്യവും ദേഷ്യവുമാണ്. എന്നേ നോക്കുന്നത് പോലും ആ ഒരു മനോഭാവത്തിൽ പോലുമാണ്. ആ സ്ഥിതിയ്ക്ക് ഹരിയേട്ടൻ ഒന്ന് ആലോചിച്ചു നോക്കു, ഞാനെങ്ങനെ ഇവിടെ കഴിയും.
അവൾ പറഞ്ഞത് കേട്ടപ്പോൾ അവൻ തല കുലുക്കി.
വരട്ടെ നോക്കാം….
അപ്പോളേക്കും ഹരിയുടെ ഫോൺ ശബ്ധിച്ചു.
പോളേട്ടൻ….
ഹലോ പോളേട്ടാ….. ആഹ് പറഞ്ഞോ.
ഹരി ഫോണും ആയിട്ട് ഇറങ്ങി വെളിയിലേക്ക് പോയി.
തികട്ടി വന്ന സങ്കടത്തോടെ ഭദ്ര അവൻ പോകുന്നത് നോക്കി നിന്നു.
ഈ മനുഷ്യൻ പറയുന്നത് സത്യംആയിരിക്കും, തന്നേ ഒരുപക്ഷെ സഹായിയ്ക്കാമെന്ന് കരുതിയാവും, വിശ്വാസക്കുറവ് ആയിട്ടല്ല,ഒക്കെ ശരി തന്നേയാവും … എന്നാൽ ഇവിടെയുള്ള ബാക്കി ഓരോ ആളുകൾ… അവരുടെയൊക്കെ നോട്ടം….. ആ മനോഭാവം ഓർക്കുമ്പോൾ അവളെ വിറച്ചു
ഇപ്പോളും തന്റെ കവിളിലേ തരിപ്പ് പോലും മാറിയിട്ടില്ല.. അത്രയ്ക്ക് ശക്തമായി ആയിരുന്നു അവർ അടിച്ചത്,,,,, യാതൊരു തെറ്റും ചെയ്യാത്ത തന്നോട് എന്തിനാണ് ഈ ക്രൂരത കാണിക്കുന്നത്.. സ്വന്തം മകന്റെ കുടുംബജീവിതം സുരക്ഷിതമാക്കുവാൻ വേണ്ടി ഈ പാവം അനാഥപ്പെണ്ണിന്റെ ജീവിതം ഇല്ലാതാക്കികളഞ്ഞു. എല്ലാവരുടെയും മുൻപിൽ വെച്ചു തന്നേ തന്തയില്ലാത്തവൾ എന്ന് വിളിച്ചു അധിക്ഷേപിച്ചു.
എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ തന്റെ അച്ഛൻ……ആ മുഖം ഒരിക്കലെങ്കിലും ഒന്ന് കാണാൻ സാധിക്കുമോ കൃഷ്ണാ…ഒരു തവണ ഒരേയൊരു തവണ, ഒന്ന് ചേർത്ത് നിറുത്തി പറയാൻ കഴിയോ, നീയാണ് എന്റെ മകളെന്നു…
ഈ ലോകത്തോട് ഒന്നും വിളിച്ചു പറയേണ്ട, അങ്ങനെയൊരു അത്യാഗ്രഹം ഇല്ല താനും,പക്ഷെ എന്നേ എന്റെ മുഖത്ത് നോക്കി തന്തയില്ലാത്തവൾ എന്ന് വിളിച്ച മഹാലഷ്മിയമ്മയുടെ മുൻപിൽ വെച്ചു പറയണം….
ഇതാണ് എന്റെ മകളെന്നു…… ഇവൾക്ക് ജന്മം നൽകിയവൻ ഞാൻ ആണെന്ന്…അത് കേട്ട് തലയുയർത്തി പിടിച്ചു അവരുടെ മുൻപിൽ നിൽക്കാൻ ആദ്യമായി അവൾക്ക് വല്ലാത്തൊരു കൊതി തോന്നി..
ഭദ്ര…
ഹരി വന്നു തോളിൽ പിടിച്ചപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു നോക്കി.
ഇതേത് ലോകത്താണ്, ഞാൻ ഇഇവിടെ വന്നു നിൽക്കാൻ തുടങ്ങിയിട്ട് നേരം കുറേ ആയി, താൻ ഇത് വല്ലതും അറിഞ്ഞോടോ..
അവന്റെ ചോദ്യം കേട്ട് അവളൊന്നു മന്ദഹസിച്ചു.
ഞാൻ.. വെറുതെ ഓരോന്ന് ഓർത്തു….
ഹ്മ്മ്…. ആയിക്കോട്ടെ, അപ്പൊൾ എങ്ങനെയാ എന്റെ കൂടെ പുറത്തേക്ക് വരുന്നുണ്ടോ താന്.
ഇല്ല… ഹരിയേട്ടാ, എന്നേ നിർബന്ധിക്കരുത്… പ്ലീസ്…ഞാൻ പറഞ്ഞു കഴിഞ്ഞല്ലോ
ഓക്കേ….. ഇതിൽ കൂടുതൽ നിർബന്ധിയ്ക്കാൻ എനിയ്ക്ക് അറിയില്ല ഭദ്രാ….അതൊന്നും വശമില്ലാത്ത ഏർപ്പാട് ആണേ…
പറയുന്നതിനൊപ്പം അവൻ ഡ്രസിങ് റൂമിലേക്ക് പോയി,
എന്നാൽ പിന്നെ ഞാൻ പോയിട്ട് വരാം കെട്ടോ..
ഹരി റെഡിയായി ഇറങ്ങി വന്നപ്പോൾ, ഭദ്രയ്ക്ക് ചെറിയ പേടി തോന്നാതിരുന്നില്ല. എങ്കിലും ധൈര്യം സംഭരിച്ച് നിൽക്കുവാൻ തന്നെയായിരുന്നു അവളുടെ തീരുമാനം..
അപ്പോളാണ് അനിരുദ്ധൻ അവിടേക്ക് കയറി വന്നത്..
ഹരി ബിസിയാണോ..?
ഹ്മ്മ്… ഞാൻ പറഞ്ഞില്ലേ അനിയേട്ടാ പുറത്തേക്ക് പോകുന്നത്, ഓഫീസിൽ ഒന്ന് കയറണം, ഒരു ചെറിയ ഷോപ്പിംഗ്..
നീ ഒറ്റയ്ക്കാണോ ഹരി പോകുന്നത്?
അതേ ഭദ്രയ്ക്ക് ഒപ്പം വരാൻ മടിയാണ് പോലും.. പിന്നെ എനിക്ക് അത്യാവശ്യമായിട്ട് പോകേണ്ടത് ആണ്..
ഹരി നീ ഇപ്പൊ തൽക്കാലം ഓഫീസിലേക്ക് ഒന്നും പോകേണ്ട, അതും ഈ കുട്ടിയെ ഇവിടെ തനിച്ചാക്കിയിട്ട്. അവിടുത്തെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാം.നിനക്കെന്തോ ഷോപ്പിങ്ങിന് പോണം എന്ന് പറഞ്ഞില്ലേ, അതും തൽക്കാലം വേണ്ട… അമ്മ ആകെ വയലന്‍റ് ആണ്, എന്തെങ്കിലും ഒരു സൊലൂഷൻ കണ്ടെത്തിയേ തീരൂ.
അമ്മ വയലന്റ് ആയി എന്നുവച്ച് എനിക്കെന്താ, ഹരിക്ക് എവിടെയെങ്കിലും പോണമെങ്കിൽ പോകുക തന്നെ ചെയ്യും, അത് എന്റെ സൗകര്യമാണ്..
അവനും വിട്ടുകൊടുക്കാൻ ഭാ lവമില്ലായിരുന്നു.
നീയും അമ്മയും തമ്മിൽ വാശി കാണിക്കുമ്പോൾ,ഇവിടെ കിടന്നു വലയുന്ന ഒരാളുണ്ട്,നിന്റെ ഭാര്യ.. അത് മറക്കരുത് ഹരീ നീയ്. ഈ കുട്ടി എന്തു പിഴച്ചു, നിന്റെ മുന്നിൽ തലകുനിച്ചു തന്നു എന്നൊരു തെറ്റു മാത്രമേ അവൾ ചെയ്തുള്ളൂ, ഒപ്പം നമ്മളുടെ അമ്മയെ വിശ്വസിക്കുകയും ചെയ്തു. ആ ഒരു കുറ്റം ചെയ്തതു കൊണ്ടാണല്ലോ അവൾക്ക് ഇന്ന്, അമ്മയുടെ കയ്യിൽ നിന്നും അടി വരെ വാങ്ങിക്കേണ്ടിവന്നത്…. എന്തായാലും ഇനി ഭദ്രയുടെ കണ്ണീര് ഇവിടെ വീഴുവാൻ ഞാൻ സമ്മതിക്കില്ല… ഭദ്രയ്ക്ക് ഇവിടെ നിന്നും മടങ്ങണമെന്നല്ലേ പറഞ്ഞത്. എന്താണ് വേണ്ടത് എന്നുള്ളത് നിങ്ങൾ രണ്ടാളും ആലോചിച്ച് തീരുമാനിക്കുക.അതു മാത്രമേ എനിക്ക് നിന്നോട് പറയാനുള്ളൂ..
കൂടുതൽ ആലോചിക്കുവാൻ ഒന്നും എനിക്ക് നേരമില്ല അനിയേട്ടാ, ഭദ്ര അവിടേക്ക് മടങ്ങി പോകണമെന്ന് ഒരേ തീരുമാനത്തിലാണ്. അതെന്തായാലും സാധ്യമല്ല, അതാണ് എന്റെയും തീരുമാനം. പിന്നെ ബാക്കിയൊക്കെ വരുന്നിടത്ത് വച്ച് കാണാം അത്രമാത്രം.
അനിരുദ്ധനോട് പറഞ്ഞശേഷം ഹരി ഭദ്രയെ ഒന്നു നോക്കി.
താൻ വാതിൽ കുറ്റിയിട്ടോളൂ,ഞാൻ വന്നശേഷം തുറന്നാൽ മതി…
അവൾ മറുപടി എന്തെങ്കിലും പറയും മുന്നെ ഹരി സ്റ്റെപ്സ് ഇറങ്ങി താഴേക്ക് പോയിരുന്നു.
ഭദ്ര ദയനീയമായി അനിരുത്തനെ ഒന്ന് നോക്കി.
മോളെ അവൻ പറയുന്നതുപോലെ ചെയ്തോളൂ. വാതിലടച്ചോളു കെട്ടോ..
അവൻ പറഞ്ഞതും ഭദ്ര തല കുലുക്കി.
എന്നിട്ട് വാതിൽ അടച്ചു….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…