സ്‌പോണ്‍സറില്ലാതെ സൗദിയില്‍ തങ്ങാം, ജോലി ചെയ്യാം; 38 സംരംഭകര്‍ക്ക് പ്രീമിയം ഇഖാമ വിതരണം ചെയ്തു
റിയാദ്: സ്‌പോണ്‍സര്‍ ഇല്ലാതെ സൗദിയില്‍ താമസിക്കാനും ജോലി ചെയ്യാനും വാണിജ്യ സംരംഭങ്ങള്‍ തുടങ്ങാനും വിദേശികള്‍ക്ക് സാധിക്കുന്ന പ്രീമിയം ഇഖാമ വിതരണം ചെയ്തു. 14 രാജ്യങ്ങളില്‍ നിന്നുള്ള 38 സംരംഭകര്‍ക്ക് ഒരുമിച്ചാണ് സഊദി സര്‍ക്കാര്‍ പ്രീമിയം ഇഖാമ വിതരണം ചെയ്തത്. മികച്ച ആളുകളും നിക്ഷേപങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു പ്രമുഖ ആഗോള ലക്ഷ്യസ്ഥാനമായി സൗദി അറേബ്യയെ ഉയര്‍ത്താനുള്ള ദേശീയലക്ഷ്യങ്ങളുടെ ഭാഗമായാണ് 2019ല്‍ ഇഖാമ വിതരണം തുടങ്ങിയത്.
ജനറല്‍ അതോറിറ്റി ഫോര്‍ സ്മാള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് (മന്‍ശആത്ത്) റിയാദ് എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ‘ബിബാന്‍ 24’ എന്ന ഇടത്തരം, ചെറുകിട വ്യവസായ സംരംഭകത്വ സമ്മേളനത്തിലാണ് സാമ്പത്തിക സാങ്കേതിക മേഖല, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ പ്രത്യേക രംഗങ്ങളിലെ 38 സംരംഭകര്‍ക്ക് പ്രീമിയം ഇഖാമ സെന്ററിന്റെ നേതൃത്വത്തില്‍ ഇഖാമ വിതരണം നടത്തിയത്.
സൗദിയില്‍ കുടുംബത്തോടൊപ്പം താമസിക്കാനും വസ്തുക്കളും വീടുകളും വാണിജ്യ കെട്ടിടങ്ങളും വാങ്ങാനും ബന്ധുക്കളെ അതിഥികളായി കൊണ്ടുവരാനും ബിസിനസ് നടത്താനുമെല്ലാം സാധിക്കുന്നതാണ് പ്രീമിയം ഇഖാമ. ലോകമെമ്പാടുമുള്ള സംരംഭകരെയും നിക്ഷേപകരെയും ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക, സംരംഭകത്വ മേഖലയെ ശാക്തീകരിക്കുക, വൈവിധ്യപൂര്‍ണമായ സമ്പദ്വ്യവസ്ഥയിലേക്ക് ആകര്‍ഷിക്കുക, രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇഖാമ വിതരണത്തിലൂടെ സൗദി ആഗ്രഹിക്കുന്നത്.