നിയമ ലംഘനം: സൗദിയില്‍ പിടിയിലായത് 20,778 പ്രവാസികള്‍; നേരത്തെ പിടിയിലായ 9,254 പേരെ നാടുകടത്തി
റിയാദ്: ഒരാഴ്ചയ്ക്കിടെ സൗദിയില്‍ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായത് ഇരുപതിനായിരത്തിലേറെ പ്രവാസികളെന്ന് അധികൃതര്‍. വ്യാപാര സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും പ്രവാസികളുടെ താമസ കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡുകളിലാണ് താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 20,778 പ്രവാസികളെ സൗദി അധികൃതര്‍ പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ സുരക്ഷാ ഏജന്‍സികളുടെ സഹകരണത്തോടെയാണ് റെയ്ഡ് നടത്തിയത്.
വിവിധ നിയമ ലംഘനങ്ങള്‍ക്ക് നേരത്തെ പിടിയിലായ 9,254 പ്രവാസികളെ സൗദിയില്‍നിന്ന് നാടുകടത്തിയതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച അറസ്റ്റിലായവരില്‍ 11,523 പ്രവാസികള്‍ താമസ നിയമങ്ങള്‍ ലംഘിച്ചതിനാണ് പിടിയിലായത്. 5,711 പേര് അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും 3,544 പേര് തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനും പിടിക്കപ്പെട്ടു. ഒക്ടോബര്‍ 31നും നവംബര്‍ 6നും ഇടയില്‍ നടത്തിയ റെയിഡുകളിലാണ് ഇത്രയും പേര് പിടിയിലായതെന്നും സഊദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.